സുരക്ഷിത പുതുവത്സരാഘോഷത്തിന് നന്ദി പറഞ്ഞ് റാക് പൊലീസ് മേധാവി
text_fieldsപുതുവത്സരാഘോഷത്തോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ പൊലീസ് ഓപറേഷന്‍സ് റൂം
റാസല്‍ഖൈമ: എമിറേറ്റിലെ പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമാക്കുന്നതില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചതായി റാക് ആഭ്യന്തര മന്ത്രാലയം. വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത സമഗ്ര സുരക്ഷാ-ഗതാഗത പദ്ധതിയിലൂടെയാണ് ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പ് സാധ്യമാക്കിയതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി വാർത്തക്കുറിപ്പില്‍ പറഞ്ഞു. 70ലേറെ പട്രോളിങ്ങുകളും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിശാലമായ വിന്യാസവും ആഘോഷ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കി.
പുതുവല്‍സരമാഘോഷിക്കാന്‍ എമിറേറ്റിലേക്ക് വലിയ തോതില്‍ ജനങ്ങളെത്തിയിട്ടും ഗതാഗത അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സുരക്ഷാപദ്ധതി ജാഗ്രതയോടെ പ്രയോഗവത്കരിക്കുന്നതിനും ആയിരങ്ങളെ സേവിക്കുന്നതിനും പൊലീസ് സേന തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും സമര്‍പ്പിച്ചു. 999, 901 നമ്പറുകളിലെത്തിയ അന്വേഷണങ്ങള്‍ സ്വീകരിക്കുന്നതിലും ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നതിലും പൊലീസ് ഓപറേഷന്‍സ് റൂം സുപ്രധാന പങ്കുവഹിച്ചു.
തെരുവുകളിലും പ്രധാന പാതകളിലും പൊതുജനങ്ങളുടെ സുഗമവും സുരക്ഷിതവുമായ വരവ് ഉറപ്പാക്കാന്‍ യജ്ഞിച്ച സുരക്ഷാ ഉദ്യോഗസ്ഥരും ടീമുകളും പ്രശംസയര്‍ഹിക്കുന്നു. സുപ്രധാന പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള മുന്‍നിര വേദിയെന്ന നിലയില്‍ റാസല്‍ഖൈമയുടെ സ്ഥാനം ശക്തിപ്പെടുകയാണെന്നും അലി അബ്ദുല്ല തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

