വികസന കുതിപ്പിൽ റാക് മര്‍ജാന്‍ ബീച്ച്
text_fieldsറാസല്‍ഖൈമ: പവിഴ ദ്വീപുകളോട് ചേർന്ന ബീച്ചിന്റെ ഭൂപ്രകൃതി പുനര്‍നിര്‍മിക്കുന്നതിനായി സുപ്രധാന പ്രഖ്യാപനവുമായി റാക് മര്‍ജാന്‍. വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കൽ, ഗതാഗതം സൗകര്യങ്ങൾ, കുടുംബ ക്ഷേമ സൗകര്യങ്ങൾ തുടങ്ങിയവയില്‍ ശ്രദ്ധയൂന്നി 85 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നഗര-സാമ്പത്തിക ഭൂപ്രകൃതി പുനര്‍നിര്‍മിക്കുക. ഡ്രോണുകള്‍, കരിമരുന്ന് പ്രയോഗം, വികസനം അടയാളപ്പെടുത്തുന്ന ഭീമന് മാതൃക, പാതകള്‍ക്കിരുവശവും ഹരിത വൃക്ഷങ്ങള്‍, കുടുംബങ്ങള്‍ക്കായി ഹരിതാഭമായ പ്രദേശങ്ങള്‍, വിസ്തൃതിയേറിയ ബീച്ച് ഫ്രണ്ട് എന്നിവയുള്‍പ്പെടുന്ന പശ്ചാത്തലം ഒരുക്കിയാണ് ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടികളുടെ മാസ്റ്റര്‍ ഡെവലപ്പറായ മര്‍ജാന്‍ അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററില്‍ പ്രൗഢ സദസ്സിന് മുന്നില്‍ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഒരു ലക്ഷത്തിലേറെ ആളുകള്‍ ഈ പ്രദേശം കേന്ദ്രീകരിച്ച് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. യു.എ.ഇയിലെ ഏറ്റവും സമഗ്രമായ ബീച്ച് ടൗണ്‍ കേന്ദ്രമായി ഇത് മാറുമെന്ന് മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി അഭിപ്രായപ്പെട്ടു. സാമ്പത്തിക വൈവിധ്യവത്കരണം, ടൂറിസം, നിക്ഷേപ കേന്ദ്രം എന്നീ നിലകളില്‍ ആഗോള ശ്രദ്ധ വര്‍ധിപ്പിക്കുകയെന്ന റാസല്‍ഖൈമയുടെ ദീര്‍ഘകാല നയത്തിന്റെ ഭാഗമാണ് പദ്ധതി. ഇതിലൂടെ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലൈഫ്സ്റ്റൈല്‍ മേഖലകളില്‍ കോടികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടും. എമിറേറ്റിലെ വലിയ തോതിലുള്ള സംയോജിത വികസന പദ്ധതികള്‍ വര്‍ധിച്ചുവരുന്ന വിപണി ആവശ്യകതയാണ് പ്രതിഫലിപ്പിക്കുന്നത്. അല്‍ മര്‍ജാന്‍ ദ്വീപിന്റെയും റാക് സെന്‍ട്രലിന്റെയും വിറ്റൊഴിഞ്ഞ പദ്ധതികള്‍ എമിറേറ്റിന്റെ ശക്തി കാണിക്കുന്നു. മര്‍ജാന്‍ ബീച്ച് ഈ വഴിയില്‍ വികസിക്കുകയും നിക്ഷേപകര്‍ക്കും താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയുടെ വികസിച്ചുകൊണ്ടിരിക്കുന്ന തീരപ്രദേശവുമായി ഇടപഴകുന്നതിന് പുതിയ വഴികള്‍ വാഗ്ദാനം ചെയ്യുന്നതായും അബ്ദുല്ല തുടര്‍ന്നു.
ജീവിതം, തൊഴില്‍, വിനോദം, നവീകരണം എന്നിവയുടെ സംയോജനം പദ്ധതി പൂര്‍ത്തീകരണത്തോടെ സാധ്യമാകും. മൂന്ന് കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ള ബീച്ചില്‍ 74,000 താമസക്കാരുടെയും 32,000 പേരുടെ തൊഴില്‍ ശക്തിയുമുള്ള എട്ട് വ്യത്യസ്ത കമ്യൂണിറ്റികള്‍ ഉള്‍പ്പെടും.12,000 ഹോട്ടല്‍ മുറികളും 22,000 റസിഡന്‍ഷ്യല്‍ യൂനിറ്റുകളും നിർമിക്കും. വര്‍ഷത്തില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. ആറര ദശലക്ഷം ചതരുശ്ര അടി വിസ്തീര്‍ണമുള്ള തുറന്ന പച്ചപ്പ് നിറഞ്ഞ ഇടമാണ് മാസ്റ്റർപ്ലാനിലെ സവിശേഷമായ ഒരു കാര്യം. നഗര സൗകര്യത്തിനും പരിസ്ഥിതി സുസ്ഥിരതയ്ക്കുമിടയില് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതാകും പദ്ധതി. മാസ്റ്റര്‍ പ്ലാനിലെ പ്രധാന മേഖലകളില്‍ ഓരോ ബീച്ച് ഫ്രണ്ട് റിസോര്‍ട്ട് ഏരിയ ഉള്‍പ്പെടുന്നു.അറേബ്യന്‍ ഗള്‍ഫിനും അല്‍മര്‍ജാന്‍ ദ്വീപിനും അഭിമുഖമായി പൊതു ബീച്ചുകള്‍, ഭക്ഷണ ശാലകള്‍, ഹോസ്പിറ്റാലിറ്റി എന്നിവ ഉള്‍പ്പെടുന്നു. എല്ലാ കമ്യൂണിറ്റികളെയും ബന്ധിപ്പിക്കുന്ന ഹരിത ഇടനാഴികളുള്പ്പെടുത്തിയുള്ള വലിയ പാര്‍ക്കും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

