റാക് കലോത്സവത്തിന് ഉജ്ജ്വല തുടക്കം
text_fieldsറാക് ആര്‍ട്ട് ഫെസ്റ്റിവൽ ഉദ്ഘാടനവേദിയിൽ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും
മറ്റ് പ്രമുഖരും
റാസല്‍ഖൈമ: എമിറേറ്റിലെ പ്രധാന അന്താരാഷ്ട്ര സാംസ്കാരിക ആഘോഷമായ റാക് ആര്‍ട്ട് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. അല്‍ ജസീറ അല്‍ഹംറ ഹെറിറ്റേജ് വില്ലേജില്‍ നടന്ന പ്രൗഢചടങ്ങില് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 14ാമത് റാക് ചിത്ര കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റാസല്‍ഖൈമയുടെ ചരിത്ര-സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന വേദിയാണ് റാക് ആര്‍ട്ട് ഫെസ്റ്റിവലെന്ന് ശൈഖ് സഊദ് അഭിപ്രായപ്പെട്ടു. പ്രാദേശിക കലാകേന്ദ്രമെന്ന നിലയില്‍ റാസല്‍ഖൈമയുടെ സ്ഥാനമുറപ്പിക്കുന്നതിലും എമിറേറ്റിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിലും സാംസ്കാരിക പരിപാടികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
ഫെബ്രുവരി എട്ട് വരെ ചിത്രകലപ്രദര്ശനം തുടരും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ എട്ട് വരെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 11 വരെയും പരിപാടികള്‍ നടക്കും. റമദാനില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ വൈകുന്നേരം 11 വരെയും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയുമായിരിക്കും പ്രദര്‍ശനം നടക്കുക.
‘ഒരേ ആകാശത്തിനടിയിലെ സംസ്കാരങ്ങള്‍’ എന്ന പ്രമേയത്തിലുള്ള കലോത്സവത്തിൽ 49 രാജ്യങ്ങളില്‍ നിന്നുള്ള 106 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന് കീഴിലുള്ള റാക് ആര്‍ട്ട് ഇനിഷ്യേറ്റീവാണ് സംഘാടകര്‍. ചിത്രകല, ശില്പകല, ചലച്ചിത്ര പ്രദര്‍ശനം, സംവാദങ്ങള്‍, ശില്പശാലകള് തുടങ്ങിയവയും നടക്കും. പഴയനാളുകളില്‍ ആഗോള വ്യാപാര പാതകളുമായി ബന്ധിപ്പിച്ചിരുന്ന സില്‍ക്ക് റോഡ് ചരിത്രത്തില്‍ നിന്നാണ് ‘സിവിലൈസേഷന്: അണ്ടര്‍ ദി സെയിം സ്കൈ’ എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്നത്.
ഷാരണ്‍ ടോവല്‍ ക്യൂറേറ്റ് ചെയ്യുന്ന റാസല്‍ഖൈമയിലെ ആദ്യ സമകാലിക ആര്‍ട്ട് ബിനാലെയും വരുംദിവസങ്ങളില്‍ നടക്കും. ‘ദി ഹിഡന്‍ ടേബിള്‍’ എന്ന പ്രമേയത്തില്‍ രുചിഭേദങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. പോര്‍ച്ചുഗലിലെ ചാമ തീയില്‍ പാചകം ചെയ്യുന്ന വിഭവങ്ങള്‍ തുടങ്ങി മെഡിറ്ററേനിയന്‍, റസ്റ്റോറന്റ് പൈനിന്റെ സീസണല്‍ വിഭവങ്ങളും ഇവിടെ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

