റാക് നിക്ഷേപ വാണിജ്യ ഉച്ചകോടിക്ക് ഉജ്ജ്വല പരിസമാപ്തി
text_fieldsറാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് റാക് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് വേദിയില്‍ ഒരുക്കിയ റാസല്‍ഖൈമയുടെ പുതിയ വികസന രൂപരേഖ വീക്ഷിക്കുന്നു
റാസല്‍ഖൈമ: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റാസല്‍ഖൈമയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി രണ്ടാമത് റാക് നിക്ഷേപ വാണിജ്യ ഉച്ചകോടിക്ക് ഉജ്ജ്വല പരിസമാപ്തി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ അല്‍ ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് സെന്ററില്‍ റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദിന്റെ സാന്നിധ്യത്തിലാണ് ഉച്ചകോടി തുടങ്ങിയത്.
ആഗോള നിക്ഷേപകര്‍, സര്‍ക്കാര്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ രണ്ടുദിവസത്തെ കൂടിച്ചേരലില്‍ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്ന വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നൂതന ഉൽപാദനം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വ്യവസായിക വികസനം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍, ദേശീയ-പ്രാദേശിക സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സുസ്ഥിരത പാതകള്‍ തുടങ്ങിയവയുടെ സാധ്യതകളെ മുന്നില്‍നിര്‍ത്തിയാണ് ഉച്ചകോടി പുരോഗമിച്ചത്.
റാസല്‍ഖൈമയുടെ പരിവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിനും വ്യവസായങ്ങളെ പുതുനിക്ഷേപകരുമായി ബന്ധിപ്പിക്കുന്നതിനും ഉച്ചകോടിയിലൂടെ കഴിഞ്ഞതായി സംഘാടകരായ വാലിയന്റ് മാര്‍ക്കറ്റ് സര്‍വിസസ് സി.ഇ.ഒ ഷാരിഖ് അബ്ദുല്‍ഹയ്യ് അഭിപ്രായപ്പെട്ടു. റാക് ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് മുഹമ്മദലി മുസബ്ബ അല്‍ നുഐമി, റാക് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുറഹ്മാന് അല്‍ ഷുഐബ് അല്‍ നഖ്ബി, മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി, റാക് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ ഫിലിപ്പ ഹാരിസണ്‍, മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആൻഡ് അഡ്വാന്‍സ്ഡ് ടെക്നോളജി ഡയറക്ടര്‍ ഇബ്തിസം അലി അല്‍സാദി, ബ്രിട്ടീഷ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആന്‍ഡ്രു ക്ലാര്‍ക്ക്, മിനിസ്ട്രി ഓഫ് എനര്‍ജി ആൻഡ് ഇന്സ്ഫ്രാസ്ട്രക്ചര് ഡയറക്ടര്‍ എൻജിനീയര്‍ അഹമ്മദ് അല്‍ ഹമ്മാദി, റാബിഹ് ഖൗരി, സാന്ദ്ര ലൊവ്, പോള്‍ പോട്ട്ഗീറ്റര്‍ തുടങ്ങിയവരും വാണിജ്യ-വ്യവസായ രംഗത്തെ വിദഗ്ധരും ഉച്ചകോടിയില്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
നെറ്റ് വര്‍ക്കിങ് പ്രോഗ്രാമുകള്‍, ക്യൂറേറ്റഡ് ബിസിനസ് മീറ്റിങ്ങുകള്‍, നിക്ഷേപ അവതരണങ്ങള്‍, പ്രാദേശിക-അന്തര്‍ദേശീയ സഹകരണത്തിന് സഹായിക്കുന്ന പങ്കാളിത്ത ഫോറങ്ങള്‍ തുടങ്ങിയവ റാക് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റിനെ ശ്രദ്ധേയമാക്കി. രണ്ട് ദിവസങ്ങളിലായി 2000ത്തിലേറെ പേര് ഉച്ചകോടിയില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

