റാക് അര്‍ധ മാരത്തണ്‍ ഫെബ്രുവരി 14ന്
text_fieldsറാക് അര്‍ധ മാരത്തണ്‍ (ഫയൽ ചിത്രം)
റാസല്‍ഖൈമ: റാക് അര്‍ധ മാരത്തണ്‍ 19ാമത് പതിപ്പ് അടുത്ത മാസം 14ന് അല്‍ മര്‍ജാന്‍ ഐലന്റില്‍ നടക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സുഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് (റാക് ടി.ഡി.എ) റാക് ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
രണ്ട്, അഞ്ച്, 10, 21.1 കി.മീറ്റര്‍ വിഭാഗങ്ങളിലായാണ് റേസുകള്‍ നടക്കുക. ലോകത്തിലെ ഏറ്റവും വേഗമേറിയ ഹാഫ് മാരത്തണുകളിലൊന്നായ റാക് അര്‍ധ മാരത്തണില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ലോക റെക്കോഡുകള്‍ പിറക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ലോകതാരങ്ങള്‍ ഇത്തവണയും റാക് മാരത്തണിന്റെ ഭാഗമാകും. മാരത്തണില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവർ rakhalfmarathon.com വെബ്സൈറ്റ് വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 6.30ന് എലൈറ്റ് ഹാഫ് മാരത്തണ്‍, ഏഴിന് മാസ് ഹാഫ് മാരത്തണ്‍, 9.30ന് അഞ്ച്, 10 കി.മീറ്റര്‍ റോഡ് റേസ്, 10.30ന് രണ്ട് കി.മീ. ഫണ്‍ റണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് മണിക്കൂറാണ് ഹാഫ് മാരത്തണ്‍ മത്സരത്തിന്റെ ഔദ്യോഗിക സമയപരിധി. നിശ്ചിത സമയം കഴിഞ്ഞ് മത്സരത്തില്‍ തുടരുന്നവര്‍ ഫുട്പാത്തുകള്‍ വഴിയാണ് ഓടേണ്ടത്.
വേള്‍ഡ് അത്ലറ്റിക്സ് നിയമ-ചട്ടങ്ങള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ നടക്കുക. അധികൃതരും വേള്‍ഡ് അത്ലറ്റിക് പ്രതിനിധികളും നല്കുന്ന നിർദേശങ്ങള്‍ മത്സരാര്ഥികളും കാണികളും പിന്തുടരണം.
അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീര്‍ഘദൂര ഓട്ടക്കാരും കായിക താരങ്ങളും അണിനിരക്കുന്ന റാക് ഹാഫ് മാരത്തണ്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ആവേശകരമായ ദിനമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

