റാക് ഹാഫ് മാരത്തണ്‍; ആധിപത്യം നിലനിര്‍ത്തി ആഫ്രിക്കന്‍ താരങ്ങള്‍
text_fieldsവിജയ കിരീടം സ്വീകരിച്ച റാക് ഹാഫ് മാരത്തണ്‍ ജേതാക്കള്‍ റാക് ഭരണാധിപന് ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ്, മര്‍ജാന്‍ സി.ഇ.ഒ എഞ്ചിനീയര്‍ അബ്ദുല്ല അല്‍ അബ്ദുലി എന്നിവര്‍ക്കൊപ്പം
റാസല്‍ഖൈമ: മുന്‍ വര്‍ഷങ്ങളിലെ പോലെ റാക് അര്‍ധ മാരത്തണിന്റെ 18ാമത് പതിപ്പിലും വെന്നിക്കൊടി പറത്തിയത് ആഫ്രിക്കന്‍ താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ കെനിയന്‍ താരം അലക്സ് മതാത്തയും വനിതകളില്‍ ഇത്യോപ്യയില്‍ നിന്നുള്ള എജ്ഗയേഹു തായുമാണ് കിരീടം ചൂടിയത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി(റാക് ടി.ഡി.എ) ആതിഥേയത്വം വഹിച്ച മാരത്തണില്‍ 11,000ഓളം പ്രാദേശിക-അന്താരാഷ്ട്ര ഓട്ടക്കാരെ പിറകിലാക്കിയാണ് ആഫ്രിക്കന്‍ താരങ്ങള്‍ ചാമ്പ്യന്മാരായത്.
പുരുഷ വിഭാഗത്തില്‍ 21.1 കിലോ മീറ്റര്‍ ദൂരം 59:20 എന്ന വ്യക്തിഗത മികച്ച സമയം മറികടന്നാണ് 27കാരനായ അലക്സ് മതാത്ത ഒന്നാമതത്തെിയത്. ഇത്യോപ്യന്‍ താരമായ ജെമെച്ചു ദിദ(59:25), മറ്റൊരു കെനിയക്കാരനായ ഇസായ ലസോയ്(59:26) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലത്തെി.
വനിതാ വിഭാഗത്തില്‍ എജ്ഗയേഹു തായ് 65:52 സമയത്തിലാണ് ഒന്നാമതായി ഓടിയെത്തിയത്. കെനിയന്‍ ജോഡികളായ ജൂഡി കെംബോയ് (66:34), ജെസ്ക ചെലങ്കറ്റ് (66:53) എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനക്കാര്‍. റാക് ഭരണാധിപന് ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ്, മര്‍ജാന്‍ സി.ഇ.ഒ എഞ്ചിനീയര്‍ അബ്ദുല്ല അല്‍ അബ്ദുലി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും പ്രശസ്തി ഫലകങ്ങളും വിതരണം ചെയ്തു.
എലൈറ്റ് ഫീല്‍ഡിന് പുറമെ രണ്ട്, അഞ്ച്, 10 കി.മീറ്റര്‍ ചെറിയ ദൂര ഓട്ട മല്‍സരവും അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് നടന്നു. കാണികള്‍ക്ക് ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് പര്യവസാനിച്ച റാക് ഹാഫ് മരത്തണില്‍ ഒട്ടേറെ മലയാളികളും പങ്കാളികളായി.
യു.എ.ഇ കായിക ഭൂപടത്തിലെ സവിശേഷ വിരുന്നായ റാക് അര്‍ധ മാരത്തോണിനെത്തിയ ലോകതലത്തിലുള്ള ദീര്‍ഘദൂര ഓട്ടക്കാരെയും കായിക താരങ്ങളെയും അധികൃതര്‍ അഭിനന്ദിച്ചു. കുടുംബങ്ങള്‍ക്കും സമൂഹത്തിനും ആഹ്ലാദകരമായ ദിനമാണ് മല്സരാര്ഥികള് സമ്മാനിച്ചതെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

