റാക് സാമ്പത്തിക വികസന വകുപ്പ് സേവനം ഇനി എമിറേറ്റ്സ് പോസ്റ്റ് വഴിയും
text_fieldsറാക് ഡി.ഇ.ഡി ഓഫിസില്‍ നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അല്‍ അശ്റം, റാക് ഡി.ഇ.ഡി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്റഹ്മാന് അല്‍ ഷെയ്ബ് അല്‍ നഖ്ബി എന്നിവര്‍
റാസല്‍ഖൈമ: ബിസിനസ് സേവനങ്ങള്‍ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയിലെ പ്രശസ്ത തപാല്‍ സേവന ദാതാക്കളായ എമിറേറ്റ്സ് പോസ്റ്റുമായി സംയുക്ത കരാറിലേര്‍പ്പെട്ട് റാക് ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (റാക് ഡി.ഇ.ഡി). ബിസിനസ് പ്രക്രിയകള്‍ കാര്യക്ഷമമാക്കാനും റാസല്‍ഖൈമയുടെ സാമ്പത്തിക ആകര്‍ഷണം വര്‍ധിപ്പിക്കാനും വഴിവെക്കുന്നതാണ് സുപ്രധാന കരാര്‍. വാണിജ്യ ലൈസന്‍സുകള്‍, പെര്‍മിറ്റ് സേവനങ്ങള്‍, വ്യാപാര നാമ രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് അഭ്യര്‍ഥനകള്‍ തുടങ്ങി റാക് സാമ്പത്തിക വികസന വകുപ്പിലെ വിവിധ സേവനങ്ങള്‍ എമിറേറ്റ്സ് പോസ്റ്റ് കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
ഡെലിവറി സേവനമെന്നതിലുപരി അവശ്യ സേവനങ്ങള്‍ക്കും കമ്യൂണിറ്റി ഇടപെടലിനും സാമൂഹിക-സാമ്പത്തിക വികസന പ്രോത്സാഹനത്തിനുമുള്ള ചലനാത്മക കേന്ദ്രമായി എമിറേറ്റ്സ് പോസ്റ്റിനെ പരിവര്‍ത്തിപ്പിക്കുന്നതാണ് റാക് ഇക്കണോമിക് വകുപ്പുമായുള്ള സഹകരണമെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അല്‍ അശ്റം അഭിപ്രായപ്പെട്ടു. റാക് സാമ്പത്തിക വികസന വകുപ്പുമായുള്ള സഹകരണത്തില്‍ അഭിമാനിക്കുന്നതായും അദ്ദേഹം തുടര്‍ന്നു. റാസല്‍ഖൈമയുടെ ബിസിനസ് മേഖലയെ പിന്തുണക്കുന്നതാണ് എമിറേറ്റ്സ് പോസ്റ്റ് ഓഫിസുകളില്‍ ഡിജിറ്റല്‍ സേവനങ്ങളുടെ സമന്വയമെന്ന് റാക് ഡി.ഇ.ഡി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്റഹ്മാന് അല്‍ ശെയ്ബ് അല്‍ നഖ്ബി പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തി ബിസിനസ് അനുഭവം മികച്ചതാക്കുന്നതിനും എമിറേറ്റ്സ് പോസ്റ്റുമായുള്ള സഹകരണം സഹായിക്കുമെന്നും ഡോ. അബ്ദുറഹ്മാന് വ്യക്തമാക്കി. റാക് സാമ്പത്തിക വികസന വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

