അറ്റാദായത്തില്‍ 30 ശതമാനം വര്‍ധനയുമായി റാക് സെറാമിക്സ്
text_fieldsറാസല്‍ഖൈമ: ലോകത്തിലെ മുന്‍നിര സെറാമിക് ഉല്പന്ന നിര്‍മാതാവായ റാക് സെറാമിക്സിന് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 30 ശതമാനത്തിന്റെ അറ്റാദായ വർധന. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിൽ 56.5 മില്യനായിരുന്നു കമ്പനിയുടെ അറ്റാദായം. ഈ വര്‍ഷം ഇതേ കാലയളവില്‍ 73.4 മില്യണ്‍ ദിര്‍ഹമായാണ് വർധിച്ചത്. ഈ പാദത്തിലെ വരുമാനം 13 ശതമാനം ഉയര്‍ന്ന് 882.4 ദശലക്ഷം ദിര്‍ഹമിലെത്തി. ഭരണപരവും പൊതു ചെലവുകളും 15 ശതമാനം വര്‍ധിച്ച് 57.7 മില്യണ്‍ ദിര്‍ഹമിലെത്തി. വില്പന-വിതരണ ചെലവുകള്‍ ഏഴ് ശതമാനം ഉയര്‍ന്ന് 173.4 മില്യണ്‍ ദിര്‍ഹവും സാമ്പത്തിക ചെലവ് 63 ശതമാനം ഉയര്‍ന്ന് 28.5 ദശലക്ഷം ദിര്‍ഹവുമായി. പലിശ നിരക്കിലെ വര്‍ധന, കറന്‍സികളുടെ മൂല്യത്തകര്‍ച്ച, പ്രധാന വിപണികളിലെ സാമ്പത്തിക മാന്ദ്യം, വര്‍ധിച്ചുവരുന്ന മത്സരം തുടങ്ങിയവയിലൂന്നി സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും റാക് സെറാമിക്സ് സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തുന്നതായി ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മസാദ് അഭിപ്രായപ്പെട്ടു.
യു.എ.ഇയെ കൂടാതെ ഇന്ത്യ, ബംഗ്ലാദേശ്, യൂറോപ് എന്നിവിടങ്ങളിലെ നിര്‍മാണ പ്ലാന്റുകളില്‍ പ്രതിവര്‍ഷം 118 ദശലക്ഷം ചതുരശ്ര മീറ്റര്‍ ടൈലുകള്‍, അഞ്ചു ദശലക്ഷം സാനിറ്ററിവെയര്‍, 24 ദശലക്ഷം പോര്‍സലൈന്‍ ടേബിള്‍വെയര്‍, രണ്ടര ദശലക്ഷം ഫ്യൂസറ്റുകള്‍ എന്നിവക്കുള്ള ഉല്പാദന ശേഷി കമ്പനിക്കുണ്ട്. പ്രാദേശിക ആഗോള വിപണികളില്‍ വിപുലീകരണ പ്രവൃത്തികളിലും പുരോഗതിയുണ്ട്.
ഡിജിറ്റല്‍ സാങ്കേതികതയില്‍ യു.എ.ഇയില്‍ ഒരു സ്മാര്‍ട്ട് ടൈല്‍സ് നിര്‍മാണശാലയുടെ വാണിജ്യ ഉല്പാദനവും തുടങ്ങിയിട്ടുണ്ട്. യു.എ.ഇ വിപണിയിലെ സാന്നിധ്യം ശക്തമായി തുടരുന്നതായും മസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

