കാർട്ടിൽ കസർത്ത് കാട്ടാം
text_fieldsമോട്ടോർ സ്പോർട്സിലെ നാളെയുടെ വാഗ്ദാനങ്ങൾക്ക് പയറ്റിത്തെളിയാൻ റേസിംഗ് സർക്യൂട്ട് ഒരുക്കി റാക് കാർട്ട്. ഫോർമുല വൺ കാറോട്ട മത്സരങ്ങളിലെ ഒന്നാംനിര അലങ്കരിക്കുന്ന വെഴ്സ്റ്റപ്പെൻ എന്ന ഡച്ചുകാരൻ തന്റെ നാലാം വയസ്സിലും ബ്രിട്ടീഷുകാരനായ ഹാമിൽടൺ മൂന്നാം വയസ്സിലും ഇവിടെ വളയം പിടിച്ചു തുടങ്ങിയാണ് ഈ മേഖലയിൽ നേട്ടങ്ങൾ കൊയ്തത്.
കാർ ഓട്ടത്തിൽ തൽപരരാണ് പുതുതലമുറയിലെ യുവാക്കളും കുട്ടികളും. എന്നാൽ, ട്രാക്കിൽ ഇറങ്ങാതെ ഗാഡ്ജറ്റുകളുടെ സ്ക്രീനിലോ സിമുലേറ്ററുകളിലോ ഒക്കെയാണ് മിക്കവരും തങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കുന്നത്. യഥാർത്ഥ സർക്യൂട്ടിൽ കാർ ഓടിക്കുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
തുടക്കക്കാർക്കും കുട്ടികൾക്കും കാർട്ടിങ്ങിൽ ഒരു കൈ നോക്കണം എന്നുണ്ടെങ്കിൽ നേരെ റാക് കാർട്ടിലേക്ക് വിട്ടോളൂ. ദിവസവും ഉച്ചയ്ക്ക് മൂന്നിന് പ്രവർത്തനമാരംഭിക്കുന്ന ഈ സർക്യൂട്ടിൽ ഏഴ് വയസ്സ് മുതലുള്ള കുട്ടികൾക്ക് കാർട്ടിങ് പരിശീലിക്കാൻ അവസരമുണ്ട്.
20 ദിർഹമാണ് രജിസ്ട്രേഷൻ ഫീസ് വിവിധ ശ്രേണിയിലുള്ള എൻജിൻ ശക്തി അനുസരിച്ച് 75 ദിർഹം മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. സുരക്ഷാ ജാക്കറ്റുകളും ഹെൽമറ്റും ഗ്ലൗസും ഇവിടെ ലഭ്യമാണ്. കാർട്ടിങ്ങിൽ ആദ്യമായെത്തുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഠിക്കുവാനും സുരക്ഷാമാനദണ്ഡങ്ങൾ മനസ്സിലാക്കാനും ഒരു വീഡിയോ സെഷൻ ഇവർ നൽകുന്നുണ്ട്. പരിശീലനത്തിൽ മികവുപുലർത്തുന്നവർക്ക് പടിപടിയായി കൂടുതൽ എൻജിൻ പവർ ഉള്ള കാറുകളിലേക്ക് മാറാം.
ഓരോ സെഷൻ കഴിയുമ്പോൾ അവരവരുടെ വേഗതാഫലങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ പ്രദർശിപ്പിക്കും. മെച്ചപ്പെട്ട വേഗത കൈവരിക്കുന്നവർക്ക് ഇവിടെത്തന്നെ നടത്തുന്ന വിവിധ റേസിംഗ് മത്സരങ്ങളിൽ മാറ്റുരക്കാം. റാസൽഖൈമ കൂടാതെ ഷാർജയിലും ദുബൈയിലെ ഓട്ടോഡ്രോമിലും അബൂദബി അൽഫുർസാനിലും പൊതുജനങ്ങൾക്ക് കാർട്ടിങ് സർക്യൂട്ടുകൾ സജ്ജമാണ്.
അപ്പോൾ ഒരുകൈ നോക്കിയാലോ? നാളത്തെ മൈക്കിൾ ഷൂമാക്കർ ഒരുപക്ഷേ നിങ്ങളോ നിങ്ങളുടെ കുട്ടികളോ ആകില്ലെന്ന് ആരു കണ്ടു. കൂടുതൽ വിവരങ്ങൾക്ക് raktrack.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

