റാക് ആര്‍ട്ട് ഫെസ്റ്റിവല്‍ 16 മുതല്‍; 49 രാജ്യക്കാരായ കലാകാരന്മാരെത്തും
text_fieldsറാസല്‍ഖൈമ: കലയും ചരിത്രവും സംസ്കാരവും ഒരുമിക്കുന്ന ‘റാക് ആര്‍ട്ട് ഫെസ്റ്റിവല്‍ 2026’ ജനുവരി 16 മുതല്‍ ഫെബ്രുവരി എട്ട് വരെ അല്‍ ജസീറ അല്‍ ഹംറ ഹെറിറ്റേജ് വില്ലേജില്‍ നടക്കും. ‘ഒരേ ആകാശത്തിനടിയിലെ സംസ്കാരങ്ങള്‍’ എന്ന പ്രമേയത്തിലാണ് 14ാമത് പതിപ്പ് റാക് കലോത്സവത്തിന് യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന കുടിയേറ്റ പട്ടണം വേദിയാകുന്നത്.
സംസ്കാരങ്ങളുടെ പിറവി, സ്വാധീനം, കലാ സൃഷ്ടികളിലെ അടയാളപ്പെടുത്തല്‍ തുടങ്ങിയവ മുന്നോട്ടുവെക്കുന്ന ഫെസ്റ്റിവലിൽ 49 രാജ്യങ്ങളില്‍ നിന്നായി 106 കലാകാരന്മാര്‍ അണിനിരക്കും. നൂറ്റാണ്ടുകളുടെ ചരിത്രവും മനുഷ്യജീവിതത്തിന്‍റെ ഓര്‍മകളും നിറഞ്ഞ ചുവന്ന ദ്വീപിന്‍റെ പൈതൃക പശ്ചാത്തലത്തില്‍ നടക്കുന്നത് കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനപ്പുറം ചരിത്രത്തോട് നടത്തുന്ന സംവാദമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന് കീഴിലുള്ള റാക് ആര്‍ട്ട് ഇനിഷ്യേറ്റീവ് മുഖേനയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വര്‍ഷം മുഴുവന്‍ കലാകാരന്മാര്‍ക്ക് ഗ്രാന്‍റുകളും ശില്‍പ്പശാലകളും പരിശീലനവും നല്‍കുന്ന സംരംഭത്തിന്‍റെ ഏറ്റവും വലിയ വേദിയാണ് റാക് ആര്‍ട്ട് ഫെസ്റ്റിവല്‍.
ചിത്രകല, ശിൽപകല, ഇന്‍സ്റ്റലേഷനുകള്‍, തത്സമയ പ്രകടനങ്ങള്‍, സിനിമ പ്രദര്‍ശനം, സംവാദങ്ങള്‍, വര്‍ക് ഷോപ്പുകള്‍, ഗൈഡ് ടൂറുകള്‍ എന്നിവ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കും. ഒരുകാലത്ത് റാസല്‍ഖൈമയുടെ ആഗോള വ്യാപാര പാതകളുമായി ബന്ധിപ്പിച്ചിരുന്ന സില്‍ക്ക് റോഡ് ചരിത്രത്തില്‍ നിന്നാണ് ‘സിവിലൈസേഷന്‍: അണ്ടര്‍ ദി സെയിം സ്കൈ’ പ്രമേയത്തിന്‍റെ പ്രചോദനം. ഇതുവഴി ചരിത്രവും ആധുനിക കലയും തമ്മിലുള്ള ബന്ധം ദൃശ്യാനുഭവമാക്കാനും ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നു.
ഷാരണ്‍ ടോവല്‍ ക്യൂറേറ്റ് ചെയ്യുന്ന റാസല്‍ഖൈമയുടെ ആദ്യ സമകാലിക ആര്‍ട്ട് ബിനാലെ ഇക്കുറി റാക് ആര്‍ട്ട് ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണമാകും. ‘ദി ഹിഡന്‍ ടേബിള്‍’ എന്ന പ്രമേയത്തില്‍ ഭക്ഷ്യ വിഭവങ്ങളും കലോല്‍സവത്തിന്‍റെ ഭാഗമാകും.
പോര്‍ച്ചുഗലിലെ ചാമ തീയില്‍ പാചകം ചെയ്യുന്ന വിഭവങ്ങള്‍ തുടങ്ങി മെഡിറ്ററേനിയന്‍, റസ്റ്റോറന്‍റ് പൈനിന്‍റെ സീസണല്‍ വിഭവങ്ങള്‍ വരെ ഓരോ ആഴ്ചയിലും മാറിമാറി തീന്‍മേശയിലെത്തും. കലാ-സാംസ്കാരിക പ്രേമികളോടൊപ്പം കുട്ടികളെയും കുടുംബങ്ങളെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ആസ്വാദന വേദിയായി ജനുവരി 16 മുതല്‍ ഫെബ്രുവരി എട്ട് വരെ നടക്കുന്ന ജസീറ അല്‍ ഹംറയിലെ റാക് ആര്‍ട്ട് ഫെസ്റ്റിവല്‍ മാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

