ദുബൈ: യു.എ.ഇയിൽ ക്രിക്കറ്റിെൻറ വളർച്ചക്ക് സഹായമൊരുക്കാൻ സന്നദ്ധരായി ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസ്. ഇതുമായി ബന്ധപ്പെട്ട് ടീം ചെയർമാൻ രഞ്ജിത് ഭർതാക്കൂർ സ്പോർട്സ് ദുബൈ സ്പോർട്സ് കൗൺസിൽ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
എല്ലാ വർഷവും ആറ് യു.എ.ഇ വനിത താരങ്ങൾക്ക് വീതം ഇന്ത്യയിൽ പരിശീലന സൗകര്യം ഒരുക്കാനും ചർച്ചയിൽ ധാരണയായി. 18 വയസ്സിൽ താഴെയുള്ള താരങ്ങൾക്കാണ് അവസരം. രാജസ്ഥാൻ റോയൽസിെൻറ അക്കാദമിയിലായിരിക്കും ഇവർക്ക് പരിശീലനം നൽകുക. ഇവരുടെ പരിശീലനം രാജസ്ഥാൻ ടീം സ്പോൺസർ ചെയ്യും. സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി സഈദ് ഹരെബ് ഇന്ത്യൻ സംഘത്തെ സ്വീകരിച്ചു. ഐ.പി.എൽ നടത്താൻ മുന്നോട്ടുവന്ന യു.എ.ഇ നേതൃത്വത്തെ ഇന്ത്യൻ സംഘം നന്ദി അറിയിച്ചു. വനിത ക്രിക്കറ്റിനെ പലരും ഗൗനിക്കാറില്ല. ദുബൈയെ വനിത ക്രിക്കറ്റിെൻറയും കുട്ടികളുടെ ക്രിക്കറ്റിെൻറയും കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് രാജസ്ഥാൻ
റോയൽസിെൻറ എല്ലാവിധ സഹായവും ഉണ്ടാവും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് യു.എ.ഇ. എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് യു.എ.ഇക്കും ഇവിടെയുള്ള കായിക മേഖലക്കുമുണ്ട്. എങ്കിലും, ഇമറാത്തി താരങ്ങൾ വളർന്നു വരേണ്ടത് ആവശ്യമാണെന്നും രഞ്ജിത് ഭർതാക്കൂർ പറഞ്ഞു.ദുബൈ സ്പോർട്സ് കൗൺസിൽ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മ, രാജസ്ഥാൻ റോയൽസ് ഓപറേഷൻസ് വൈസ് പ്രസിഡൻറ് രാജീവ് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.