പൊടിപറത്തിയ കാറ്റിനെ മഴ നനച്ചു
text_fieldsഷാര്‍ജ: യു.എ.ഇയില്‍ ശനിയാഴ്ച അതിരാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. വടക്ക്-കിഴക്ക് മലയോര മേഖലകളില്‍ പൊടിക്കാറ്റ് മഴക്ക് വഴി മാറി. കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കടലില്‍ തിരമാലകളും ശക്തമായി. ഷാര്‍ജയുടെ ഉപനഗരമായ അല്‍ മദാമിലും അല്‍ ഐനിെൻറ ചിലഭാഗങ്ങളിലും ശനിയാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
വാഹന യാത്രക്കാരെ കാറ്റ് കാര്യമായി ബാധിച്ചില്ളെങ്കിലും നടന്ന് പോകുന്നവരെയും സൈക്കിള്‍ യാത്രക്കാരെയും കാറ്റ് വെറുതെ വിട്ടില്ല.
ദുബൈ മംസാര്‍ കോര്‍ണിഷില്‍ ശനിയാഴ്ച അവധി ആഘോഷിക്കാന്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍ കാറ്റ് ശക്തമായതും അന്തരീക്ഷം ഇരുണ്ടതും കണക്കിലെടുത്ത് അപകട സാധ്യത മുന്നില്‍ കണ്ട് പതിവിലും കൂടുതല്‍ ലൈഫ് ഗാര്‍ഡുകളാണ് അണിനിരന്നതെന്ന് ഇവിടെ കുളിക്കാനത്തെിയവര് പറഞ്ഞു. പൊടിക്കാറ്റ് വന്നെങ്കിലും താപനിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.
എന്നാല്‍ മരുഭൂമിയിലൂടെ പോകുന്ന റോഡുകളില്‍ മണല്‍ പുഴ പോലെ ഒഴുകി പോകുന്നത് കാണാമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. അല്‍ മദാമില്‍ മഴ കാര്യമായി തന്നെ കിട്ടിയതായും ചൂടിന് നേരിയ കുറവ് വന്നതായും ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ദീര്‍ഘദൂര റോഡുകള്‍ കടന്ന് പോകുന്ന പലഭാഗത്തും ദൂരകാഴ്ച്ച കുറഞ്ഞത് യാത്രക്കാരെ പ്രയാസത്തിലാക്കി. എന്നാല്‍ കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. തുടര്‍ ദിവസങ്ങളിലും ഈ നില തുടര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. അമിത വേഗത ഒഴിവാക്കാനും നിര്‍ദേശമുണ്ട്.