മരുഭൂ തണുപ്പിച്ച് പെയ്തൊഴിയാതെ മഴ
text_fieldsദുബൈ: മരുഭൂമിയെ തണുപ്പിച്ച് പെയ്തൊഴിയാതെ യു.എ.ഇയിലെങ്ങും ശക്തമായ കാറ്റും മഴയും തുടരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ നിലനിൽക്കുകയാണ്. ശനിയാഴ്ചയും ഞായറാഴ്ചയും കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയും മറ്റു സുരക്ഷ സംവിധാനങ്ങളും കനത്ത ജാഗ്രതയിലാണ്. അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യാത്ര ദുഷ്കരമായതിനാൽ ഫുഡ് ഡെലിവറി ആപ്പുകൾ ഓർഡറുകൾ സ്വീകരിക്കുന്നത് ചില നേരങ്ങളിൽ നിർത്തിവെച്ചു. സ്കൂളുകൾ പലതും ക്ലാസുകൾ ഓൺലൈനാക്കുകയോ പ്രവൃത്തിസമയം ചുരുക്കുകയോ ചെയ്തു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ് തുടർച്ചയായി രണ്ടാം ദിവസം അടച്ചിടേണ്ടിവന്നു.
അബൂദബിയിലെ അൽ ഫഖ, അബൂ നുഐയ്ർ, ഫുജൈറ തുറമുഖം, ഖർനൈൻ ദ്വീപ് എന്നിവിടങ്ങളിലാണ് രാജ്യത്ത് കൂടുതൽ മഴ ലഭിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അബൂദബി ദുരന്തനിവാരണ സേന പൊതുജനങ്ങൾക്കായി സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഔദ്യോഗിക സംവിധാനങ്ങൾ നൽകുന്ന കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും പൊതുജനങ്ങൾ പാലിക്കണം. താഴ്വാരങ്ങളും ബീച്ചുകളും മഴവെള്ളക്കെട്ടുകളും സന്ദർശിക്കരുതെന്നും അധികൃതർ പറഞ്ഞു. വാഹനങ്ങൾ വേഗപരിധി പാലിക്കണം. വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യണമെന്നും അധികൃതർ പറഞ്ഞു. അബൂദബി ദുരന്തനിവാരണ സേനയുടെ ചെയർമാനും അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫുമായ ഫാരിസ് ഖലാഫ് അൽ മസൂറിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന ശേഷമാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. സ്വീകരിച്ച മുൻകരുതൽ നടപടികൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.
ദുബൈയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രം അപകടങ്ങളെ തുടർന്ന് 1500 അടിയന്തര കാളുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സ്കൂളുകൾക്ക് ആവശ്യമെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറാമെന്ന് അധികൃതർ എമിറേറ്റിൽ നിർദേശം നൽകിയിട്ടുണ്ട്. ദുബൈ നഗരത്തിന്റെ ഭാഗമായ ജദ്ദാഫിലും ഖിസൈസിലും ശക്തമായ മഴ ലഭിച്ചപ്പോൾ, മലയോര മേഖലയായ ഹത്തയിൽ ചെറിയ മഴ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടോടെ ഷാർജയിൽ ശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും വെള്ളം കയറിയതോടെ ഗതാഗത തടസ്സവുമുണ്ടായി.
ദുബൈ-ഹത്ത റോഡിൽ വേഗപരിധി കുറച്ചു
അജ്മാന്: അജ്മാന് എമിറേറ്റിന്റെ ഭാഗമായ മസ്ഫൂത്ത്, മുസൈർ മേഖലകളിലെ ദുബൈ-ഹത്ത റോഡിൽ വേഗപരിധി 80 കിലോമീറ്ററാക്കി കുറച്ചു. അജ്മാന് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. റോഡ് സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി വിശദീകരിച്ചു. പ്രദേശത്തെ നിയമപരമായ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിന് പകരം 80 കിലോമീറ്ററായി കുറക്കുകയാണ് ചെയ്തത്. റോഡിലെ വേഗം കുറക്കുന്നത് വാഹനാപകടങ്ങൾ കുറയാനും റോഡ് സുരക്ഷ വർധിപ്പിക്കാനും ജീവൻ രക്ഷിക്കുന്നതിനും സഹായകമാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവര്മാര്ക്ക് ഇതു സംബന്ധമായ അറിയിപ്പ് നല്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകള് സ്ഥാപിച്ചതായും പൊലീസ് അറിയിച്ചു.
ഷാർജയിലെ എല്ലാ പൊതു പാർക്കുകളും അടച്ചു
ഷാർജ: കനത്ത മഴയെ തുടർന്ന് ഷാർജയിലെ എല്ലാ പൊതു പാർക്കുകളും അടച്ചു. തുടർച്ചയായ മൂന്നാം ദിവസവും മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. എന്നുവരെയാണ് അടച്ചതെന്ന് അറിയിച്ചിട്ടില്ല. യു.എ.ഇയിലെ വിവിധ കായിക മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

