ജനജീവിതത്തെ ബാധിച്ച് മഴ; സ്കൂളുകൾ നേരത്തെ വിട്ടു
text_fieldsദുബൈ: യു.എ.ഇയിൽ ഞായറാഴ്ച തുടങ്ങി തിങ്കളാഴ്ചയിലേക്ക് നീണ്ട മഴ ജനജീവിതത്തെ ബാധിച്ചു. റോഡിൽ വെള്ളം കെട്ടിനിന്നത് റോഡുകളിൽ പലയിടത്തും ഗതഗാതത്തിന് പ്രയാസമുണ്ടാക്കി. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
മഴ കാരണം കുട്ടികെള നേരത്തെ കൊണ്ടുപോകാൻ പല സ്കൂളുകളും രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകി. ജബൽ അലി വിഞ്ചസ്റ്റർ സ്കൂൾ, ദുബൈ ബ്രിട്ടീഷ് സ്കൂൾ, സഫ കമ്യൂണിറ്റി സ്കൂൾ, എമിറേറ്റ്സ് ഇൻറർനാഷനൽ സ്കൂൾ എന്നിവ നേരത്തെ കുട്ടികളെ വീട്ടിലേക്കയച്ചു. ജെംസ് മോഡേൺ അക്കാദമി ഉച്ച വരെയേ പ്രവർത്തിച്ചുള്ളു.
അബൂദബി, ദുബൈ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിൽ മഴ ശക്തമായ പ്രദേശങ്ങളിൽ കാഴ്ചാപരിധി 100 മീറ്ററിലും കുറവായിരുന്നു. തിങ്കളാഴ്ച രാവിലെ ശൈഖ് സായിദ് റോഡിൽ ജബൽ അലി മുതൽ ഗന്തൂത്ത് വരെ വാഹനങ്ങൾ സാവധാനമാണ് സഞ്ചരിച്ചത്. അബൂദബി^ഷഹാമ റോഡിൽ സായിദ് സ്പോർട്സ് സിറ്റിക്ക് സമീപം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദുബൈയിൽ സ്റ്റുഡിയോ സിറ്റിക്ക് സമീപം ഡി63ലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു.