അടുത്ത ദിവസങ്ങളിലും മഴ സാധ്യത
text_fieldsദുബൈ: രാജ്യത്ത് വിവിധ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചതിന്‍റെ പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
തിങ്കളാഴ്ച രാജ്യത്താകമാനം ചെറിയ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ചൊവ്വാഴ്ച വടക്കൻ, കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് മഴ കൂടുതൽ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടക്കിടെ മഴ തുടരും. വ്യാഴാഴ്ച രാവിലെ സാധ്യത കുറവാണെങ്കിലും ഉച്ചക്കുശേഷം വീണ്ടും മഴ ശക്തമാകാം. വെള്ളിയാഴ്ച ദ്വീപുകളും തീരപ്രദേശങ്ങളും മുതൽ ആരംഭിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പല മേഖലകളിലും കനത്ത മഴ രേഖപ്പെടുത്തുകയും ചില ഇടങ്ങളിൽ വെള്ളക്കെട്ടും മലപ്രദേശങ്ങളിൽ വാദികളും രൂപപ്പെട്ടിരുന്നു. ഇതോടെ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയും മറ്റ് വിഭാഗങ്ങളും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ്, പൊടിക്കാറ്റ്, ദൃശ്യപരത കുറയുക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.
വാദികളിൽ പ്രവേശിക്കുന്നത് ഗുരുതര നിയമലംഘനമാണെന്നും 2000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തെ വാഹന പിടിച്ചെടുക്കൽ തുടങ്ങിയ ശിക്ഷകൾ ഉണ്ടാകുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

