അബൂദബിയിൽ മഴയുടെ ശക്തി കുറഞ്ഞു; പ്രധാന റോഡുകളിൽ വേഗ നിയന്ത്രണം തുടരും
text_fieldsഅബൂദബി: വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ തുടർന്ന കാറ്റും മഴയും അബൂദബിയിലെ നഗര ജീവിതത്തെ കാര്യമായി ബാധിച്ചില്ല. റോഡുകളിൽ വെള്ളം നിറയാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടിരുന്നില്ല. മഴക്ക് കൃത്യമായ ഇടവേളകൾ ലഭിച്ചതാണ് വെള്ളക്കെട്ടുകൾ ഒഴിവാകാൻ കാരണം. മുന്‍കരുതലിന്‍റെ ഭാഗമായി അബൂദബി പൊലീസ് നിരവധി പ്രധാന ഹൈവേകളില്‍ വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്ററായി കുറച്ചിരുന്നു. അബൂദബി-അല്‍ ഐന്‍ റോഡ്, ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ റോഡ് എന്നിവ ഉള്‍പ്പെടെ പ്രധാന പാതകളിലാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ദൃശ്യപരത കുറഞ്ഞ അവസ്ഥയും നനഞ്ഞ റോഡുകളും മൂലം ജാഗ്രതയോടെ വാഹനം ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അബൂദബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ഡി.എം.ടി.) കാലാവസ്ഥ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും എമിറേറ്റ് മുഴുവന്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.
വാദികള്‍ പുറമേ ശാന്തമായി കാണപ്പെടാമെങ്കിലും അവ പെട്ടെന്ന് അപകടകരമായ നിലയിലേക്ക് മാറാമെന്നും ഒരു കാരണവശാലും ഇവ മുറിച്ചുകടക്കരുതെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്‍റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച ഭൂരിഭാഗം സ്ഥലങ്ങളിലും മേഘാവൃതമായ ആകാശം, ഇടവിട്ട മഴ, തണുത്ത കാറ്റ് എന്നിയുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ ഒഴിഞ്ഞ് വരും ദിവസങ്ങളില്‍ തെളിഞ്ഞ ആകാശം തിരിച്ചുവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

