വേനലിൽ ആശ്വാസമായി മഴ, ആലിപ്പഴ വർഷം
text_fieldsഅൽഐനിലെ പ്രദേശത്ത് ആലിപ്പഴം വീണനിലയിൽ
അൽഐൻ: കടുത്ത വേനലിൽ ആശ്വാസമായി രാജ്യത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും. ശനിയാഴ്ച വൈകീട്ടോടെ അൽഐനിലെ ഖത്മ അൽ ഷക്ല, മലാഖിത് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. അൽ നബ, ഉമ്മു ഖഫ, അൽ ദാഹിർ എന്നിവിടങ്ങളിൽ നേരിയ മഴയും ലഭിച്ചു.
അൽഐൻ നഗരത്തിലെ അൽ ഷക്ല കനാലിൽ ആലിപ്പഴം വീഴുന്നതിന്റെയും ഖത്മ അൽ ഷക്ലയിൽ ശക്തമായ മഴ പെയ്യുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും കാലാവസ്ഥ കേന്ദ്രം പങ്കുവെച്ചു. അൽ സുഹ്റുബ് മേഖലയിൽ മഴയെതുടർന്ന് പ്രദേശങ്ങളിൽ എൻ.സി.എം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുറത്തിറങ്ങുന്നവർ അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. അന്തരീക്ഷത്തിന്റെ ഉപരിതല താപനില ചൂടുള്ളതാകുമ്പോഴാണ് ആലിപ്പഴം വീഴാറ്.
രാജ്യത്തുടനീളം ശക്തമായ ചൂട് അനുഭവപ്പെടുമ്പോൾ ലഭിച്ച മഴ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. മലയോര മേഖലയിലെ മഴയെ തുടർന്ന് മറ്റു പ്രദേശങ്ങളിലും കനത്ത ചൂടിന് ചെറിയ കുറവും അനുഭവപ്പെട്ടിരുന്നു. ജൂൺ 21നാണ് ഈ വേനൽകാലത്ത് ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്. അൽ ദഫ്റയിലെ മിസൈറയിലാണ് 49.9 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശരാശരി താപനില 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

