വാർത്തകളും വിശേഷങ്ങളുമായി ‘റേഡിയോ ഏഷ്യ’ ഇനിയില്ല
text_fieldsദുബൈ: പ്രവാസികൾക്ക് മലയാളത്തിൽ വാർത്തകളും വിശേഷങ്ങളുമായി ഗൾഫിൽനിന്ന് ആദ്യമായി പ്രക്ഷേപണം ചെയ്തുതുടങ്ങിയ റേഡിയോ ചാനൽ ‘റേഡിയോ ഏഷ്യ’ ഇനിയില്ല. ഫെബ്രുവരി 29ന് പ്രക്ഷേപണം അവസാനിപ്പിച്ചതായി അണിയറപ്രവർത്തകർ പ്രേക്ഷകസമൂഹത്തെ അറിയിക്കുകയായിരുന്നു. 1992ൽ ഒരു മണിക്കൂർ പരിപാടികളോടെ 1152 എ.എം ഫ്രീക്വൻസിയിലൂടെ തുടക്കംകുറിച്ച റേഡിയോ ചാനലിന് മറ്റു ഗൾഫ് നാടുകളിലും ശ്രോദ്ധാക്കളുണ്ടായിരുന്നു. മലയാളപത്രങ്ങളും ടെലിവിഷൻ ചാനലുകളും സജീവമല്ലാത്ത കാലത്ത് നാട്ടിലെ വാർത്തകളും വിനോദ പരിപാടികളും പ്രവാസികൾക്ക് എത്തിച്ചുനൽകിയ ‘റേഡിയോ ഏഷ്യ’ക്ക് ശ്രോതാക്കളേറെയായിരുന്നു.
കാസർകോട് സ്വദേശിയായ ബശീർ അബ്ദുല്ലയും ചേന്ദമംഗലൂർ സ്വദേശി കെ.ടി. അബ്ദുറബ്ബും ഇ.എം. ഹാശിമും ചേർന്നാണ് റാസൽഖൈമയിൽനിന്നുള്ള മലയാളം റേഡിയോ പരിപാടിക്ക് തുടക്കംകുറിച്ചത്. പിന്നീട് കെ.പി. അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള അവതാർ സ്റ്റുഡിയോയും ശേഷം ദുബൈ ആസ്ഥാനമായ ഡോൾഫിൻ ഗ്രൂപ്പുമാണ് റേഡിയോ നടത്തിയിരുന്നത്. ആകാശവാണിയിലും നാടകരംഗത്തും പയറ്റിത്തെളിഞ്ഞ കെ.പി.കെ വെങ്ങര, വെട്ടൂർ ജി. ശ്രീധരൻ എന്നിവരുടെ നേതൃത്വം റേഡിയോ പരിപാടികളിലേക്ക് പ്രവാസികളെ ആകർഷിച്ചു. മാധ്യമരംഗത്ത് ഇന്നും ഗൾഫിൽ സജീവമായി നിൽക്കുന്ന നിസാർ സൈദ്, ഹിഷാം അബ്ദുസ്സലാം എന്നിവരുടെ വേറിട്ട ശൈലിയിലുള്ള വാർത്താവതരണങ്ങൾ റേഡിയോ ഏഷ്യയെ പ്രവാസസമൂഹത്തിൽ വേരുറപ്പിച്ചു.
നാടകകൃത്ത് സൂരജ്, അവതാരകരായ ഗായത്രി, ജയലക്ഷ്മി, ദീപ, സിനിമാതാരമായി മാറിയ ആശ ശരത്, സലിൻ മാങ്കുഴി, രാജീവ് കോടംപള്ളി, രാജീവ് ചെറായി, ധന്യ ലക്ഷ്മി, ചന്തു തുടങ്ങിയ റേഡിയോ ഏഷ്യ കലാകാരന്മാർ ഒരുകാലത്ത് പ്രവാസി മലയാളികൾക്കിടയിൽ സിനിമാതാരങ്ങളെപ്പോലെ പ്രശസ്തരായിരുന്നു. 1997ലാണ് റേഡിയോ ഏഷ്യ എന്ന പേരിൽ പരിപാടികൾ ആരംഭിച്ചത്. 1152, 1575 , 1269 എന്നീ എ.എം ഫ്രീക്വൻസികളിലും 94.7 എഫ്.എം ഫ്രീക്വൻസിയിലും റേഡിയോ ഏഷ്യ പ്രവർത്തിച്ചിരുന്നു. 32 വർഷം പ്രവാസികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ‘റേഡിയോ ഏഷ്യ’ തിരശ്ശീലക്ക് പിന്നിലേക്കു മറയുന്നതോടെ കടലിനിക്കരെ മലയാള മാധ്യമ ചരിത്രത്തിന്റെ ഒരു ഘട്ടംകൂടിയാണ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

