അബൂദബി അണുനശീകരണ യജ്ഞം: റോഡുകളിൽ നിരീക്ഷണത്തിന് റഡാർ കാമറകൾ
text_fieldsഅബൂദബി: തലസ്ഥാനത്ത് രാത്രി 10 മുതൽ രാവിലെ ആറുമണി വരെ അണുനശീകരണ യജ്ഞം നടക്കുന്ന വേളയിൽ റോഡിലെ വാഹനസഞ്ചാരം നിരീക്ഷിക്കുന്നതിന് റഡാർ കാമറകളും സ്മാർട്ട് സംവിധാനങ്ങളും സജീവമാക്കുമെന്ന് അബൂദബി പൊലീസ്. ദേശീയ അണുനശീകരണ പരിപാടി സമയത്ത് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വാഹനവുമായി തെരുവിലിറങ്ങുന്നവർക്ക് നിയമലംഘനത്തിന് പിഴ ചുമത്തുന്നതിെൻറ ഭാഗമായാണിത്. ദേശീയ അണുനശീകരണ പരിപാടിയോടുള്ള ജനങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുന്നതിന് അബൂദബി എമിറേറ്റിലുടനീളം പൊലീസ് പട്രോളിങ് നടത്തും.അടിയന്തര ഘട്ടങ്ങളിലൊഴികെ ആരും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിർേദശം. വെളിയിലിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക്കും കൈയുറകളും ധരിക്കുകയും ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അത്യാവശ്യ സേവന മേഖലയിൽ ജോലി ചെയ്യുന്നവർ ജോലി ആവശ്യാർഥമല്ലാതെയും നിയന്ത്രണവേളയിൽ വെളിയിലിറങ്ങരുത്.
മരുന്നും അടിസ്ഥാന ആവശ്യ സാധനങ്ങളും വാങ്ങുന്നതിനല്ലാതെ അണുനശീകരണ ജോലികൾക്കുള്ള നിശ്ചിത സമയങ്ങളിൽ വീടുവിട്ടു വെളിയിൽ വരുന്നവർക്ക് 2000 ദിർഹം പിഴ ചുമത്തുമെന്നാണ് അറ്റോണി ജനറൽ വ്യക്തമാക്കിയിട്ടുള്ളത്. റമദാനുമുമ്പ് ദേശീയ അണുനശീകരണ പരിപാടി രാത്രി എട്ടുമുതൽ രാവിലെ ആറുവരെ 10 മണിക്കൂറായിരുന്നു. എന്നാൽ, റമദാൻമാസ രാത്രികളിൽ 10 മണി മുതൽ രാവിലെ ആറുവരെ എട്ടു മണിക്കൂറായി അണുനശീകരണ പരിപാടിയുടെ സമയക്രമം മാറ്റുകയായിരുന്നു.കോവിഡ് പകർച്ചവ്യാധി രാജ്യത്താരംഭിച്ചതു മുതൽ വൈറസ് വ്യാപനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ യു.എ.ഇയിലുടനീളം ശക്തമാക്കിവരുകയാണ്. എല്ലാ പൊതുസൗകര്യങ്ങളും തെരുവുകളും പൊതുഗതാഗതവും അണുമുക്തമാക്കുന്നതിനായാണ് ദേശീയ അണുനശീകരണ പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
