ഉപേക്ഷിക്കപ്പെട്ട റാക് ഗ്രാമം വിനോദസഞ്ചാര കേന്ദ്രമാകുന്നു
text_fieldsഅബൂദബി: ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമം ജസീറത് അൽ ഹംറ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങൾ സജീവം. ഇതിനായുള്ള പ്രവൃത്തികൾ റാസൽഖൈമയിലെ ഇൗ ഗ്രാമത്തിൽ നടന്നുവരികയാണ്. ജൂൺ ആദ്യത്തോടെ 20 പൈതൃക ഭവനങ്ങളുടെ പുനരുദ്ധാരണം പൂർത്തിയാകും. ആറ് മാസത്തിനകം വിവരങ്ങൾ നൽകാനുള്ള ബോർഡുകൾ, കാർ പാർക്കിങ് സംവിധാനങ്ങൾ, ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കും. 2023ഒാടെ ഹോട്ടലും ഷോപ്പുകളും ആരംഭിക്കും.അൽെഎനിൽ നടക്കുന്ന ആർക്കിയോളജി-18 സമ്മേളനത്തിൽ പെങ്കടുക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഒരിക്കൽ ഇൗ ഗ്രാമം പ്രധാന വാണിജ്യ-മത്സ്യബന്ധന-പവിഴ ശേഖരണ പ്രദേശമായിരുന്നുവെന്ന് ഗ്രാമത്തിെൻറ പുനരുദ്ധാരണ പദ്ധതി മാനേജറും റാക് പുരാവസ്തു വകുപ്പ് ഡയറക്ടറുമായ അഹ്മദ് ഹിലാൽ പറഞ്ഞു. 54 ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാമത്തിൽ ഒരു കോട്ടയും 11 പള്ളികളും ഒരു സൂഖും ഉണ്ട്. പൈതൃക സമ്പുഷ്ടമാണ് അവിടുത്തെ കെട്ടിടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് അഹ്മദ് ഹിലാൽ വ്യക്തമാക്കി. 2023ഒാടെ മ്യൂസിയം, വസ്ത്രശാല, ചന്ത, ഹോട്ടൽ എന്നിവ തുറക്കും. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറൻറുകളും ആരംഭിക്കും. തദ്ദേശീയ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ നിലവിൽ ഇവിടെ സന്ദർശനം നടത്തുന്നതായും ഭാവിയിൽ അവിടെ പൊതു പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2000ത്തിലാണ് ഗ്രാമം പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2015ൽ റാസൽഖൈമയുടെയും അബൂദബിയുടെയും സഹകരണത്തോടെ പദ്ധതി തുടങ്ങി. ഏഴ് പുരാവസ്തു ശാസ്ത്രജ്ഞർ ഉൾപ്പെടെ 135 പേർ എല്ലാ ദിവസവും അവിടെ ജോലി ചെയ്ത് വരുന്നു. പ്രദേശത്ത് നടത്തിയ ഖനനത്തിൽ 35,000 മൺപാത്രങ്ങൾ കണ്ടെടുത്തു. ഗ്രാമത്തിലെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് പവിഴപ്പുറ്റ്, കല്ല്, കോൺക്രീറ്റ്, സ്റ്റീൽ എന്നിവ കൊണ്ടാണ്. ഇവയിൽ മിക്കവയും തകരാനായതിനാൽ അതീവ ശ്രദ്ധയോടെ വേണം പുനരുദ്ധാരണമെന്ന് അഹ്മദ് ഹിലാൽ പറഞ്ഞു.സആബി ഗോത്രമായിരുന്നു ജസീറത് അൽ ഹംറ ഗ്രാമത്തിലെ താമസക്കാരിൽ ഭൂരിപക്ഷവും. 1960കളിൽ ഇവർ ഗ്രാമം ഉപേക്ഷിച്ച് പോവുകയായിരുന്നു. വസ്തുവകകൾ അന്ന് ജീവിച്ചിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിൽ തന്നെയാണ് ഇപ്പോഴും. അവർക്ക് വേണ്ടി ഇൗ വീടുകൾ തങ്ങൾ പരിപാലിച്ച് വരികയാണെന്നും വസ്തുവകകൾ ഗ്രാമത്തിൽ വസിച്ചിരുന്നവരുടേതായി തുടരുമെന്ന് റാക് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അഹ്മദ് ഹിലാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
