റാക് ഫിറ്റ്നസ് ചലഞ്ച്; വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നൽകി
text_fieldsറാക് ഫിറ്റ്നസ് ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ വലീദ് ഉമര്‍ അലി സല്മാന് അല്‍ നുഐമിക്ക് റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സുഊദ് 50,000 ദിര്‍ഹമിന്റെ ക്യാഷ് പ്രൈസ് സമ്മാനിക്കുന്നു
റാസല്‍ഖൈമ: എമിറേറ്റില്‍ മൂന്ന് മാസമായി നടന്നുവന്ന ‘റാക് ഫിറ്റ്നസ് ചലഞ്ച് 2025’ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. തദ്ദേശീയരായ വലീദ് ഉമര്‍ അലി സല്മാന് അല്‍ നുഐമി, ഖാലിദ് മുഹമ്മദ് അലി അല്‍ ശഹി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തി.
50,000 ദിര്‍ഹം, 31,000 ദിര്‍ഹം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകള്‍. റാക് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സുഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.
ആരോഗ്യകരമായ ജീവിത ശൈലിക്ക് പ്രചോദനം നല്‍കുകയെന്നതാണ് റാക് ഫിറ്റ്നസ് ചലഞ്ച് ലക്ഷ്യമാക്കുന്നതെന്ന് കമ്മിറ്റി വൈസ് ചെയര്മാന് സഈദ് ജുമാ അല്‍മാസ് അഭിപ്രായപ്പെട്ടു.
സമൂഹ പങ്കാളിത്തം ഉയര്‍ത്തുകയും കായിക വിനോദത്തിനും ആരോഗ്യകരമായ സമൂഹ കേന്ദ്രവുമെന്ന നിലയില്‍ റാസല്‍ഖൈമയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും. 15-30 പ്രായമുള്ള തദ്ദേശീയരെ കേന്ദ്രീകരിച്ചാണ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്.
റാസല്‍ഖൈമയില്‍ താമസിക്കുന്നവരും പ്രാദേശിക ജിമ്മിലെ സജീവ അംഗങ്ങളുമായിരിക്കണമെന്നതാണ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുക്കുന്നതിനുള്ള വ്യവസ്ഥ. 115 അപേക്ഷകരില്‍നിന്ന് 68 അത്ലറ്റുകളാണ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുക്കുന്നതിനായുള്ള യോഗ്യതാ സ്ക്രീനിങ്ങുകളില്‍ വിജയിച്ചത്.
എലിമിനേഷന് റൗണ്ടുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തതെന്നും സഈദ് ജുമാ അല്‍മാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

