മത്സരയോട്ടം; റാസൽഖൈമയിൽ നാല് വാഹനങ്ങള്‍ പിടിയിൽ
text_fieldsറാസല്‍ഖൈമ: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് മത്സരയോട്ടം നടത്തിയ നാല് വാഹനങ്ങള്‍ പിടിച്ചെടുത്ത് ഡ്രൈവര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി റാക് പൊലീസ്.
ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത് ഗൗരവതരമായ നിയമലംഘനമാണ്. മറ്റുള്ളവരുടെ ജീവനും സ്വത്തിനും കൂടി ഭീഷണി സൃഷ്ടിക്കുന്നതായിരുന്നു ഡ്രൈവര്‍മാരുടെ പ്രവൃത്തികള്‍. ഒരു പ്രദേശത്തെ തെരുവില്‍ വാഹനങ്ങള്‍ മത്സരയോട്ടം നടത്തുന്നതായി റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നുവെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഹസന് അല്‍ സാബി പറഞ്ഞു. തുടര്‍ന്ന് സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാഹനങ്ങളെ നിരീക്ഷിക്കുകയും നിയമലംഘകരെ പിടികൂടുകയുമായിരുന്നു.
മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന നിയമലംഘനം കണക്കിലെടുത്ത് 120 ദിവസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടല്‍, ഓരോ വാഹനവും വിട്ടുകൊടുക്കുന്നതിന് 10,000 ദിര്‍ഹം ഫീസ്, ഓരോ ഡ്രൈവര്‍ക്കും 2,000 ദിര്‍ഹം ഫീസ്, ലൈസൻസിൽ 23 ബ്ലാക്ക് പോയന്റുകള്‍ രേഖപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശിക്ഷാ നടപടികള്‍. ഡ്രൈവര്‍മാരും റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ ജാഗ്രതയോടെ പാലിക്കണമെന്ന് ഹസന് അല്‍ സാബി നിർദേശിച്ചു. അപകട സാധ്യത സൃഷ്ടിക്കുന്ന ഗുരുതര നിയമലംഘനങ്ങള്‍ ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. മറ്റുള്ളവരുടെ ജീവന്, സുരക്ഷ, സ്വത്ത് എന്നിവ അപകടത്തിലാക്കുന്ന പ്രവൃത്തികളിലേര്പ്പെടുന്നവര്ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

