ഗാന്ധി നേരിട്ട ചോദ്യങ്ങൾ
text_fields ഡോ. ടി.എസ്. ശ്യാംകുമാർ
'മോഹൻദാസ് ഗാന്ധിയുടെ അസാധ്യമായ സ്വപ്നത്തിന്റെ പാത പിന്തുടരാനല്ല ഇന്ത്യ തീരുമാനിച്ചതെന്നുവരികിലും, അദ്ദേഹത്തിന്റെ ആദർശങ്ങളെല്ലാം ഉപേക്ഷിച്ചിട്ടില്ല. തന്റെ നാട്ടുകാർക്കായി അദ്ദേഹം നിർദേശിച്ച ലളിതമായ ഖാദിത്തുണി ഇപ്പോഴും പല ഇന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യൂനിഫോമാണ്.' (Freedom At Midnight, Larry Collins, Dominique Lapierre).
അംബേദ്കർ ഉന്നയിച്ച ചോദ്യങ്ങളെ ഗാന്ധി അഭിസംബോധന ചെയ്യാതിരുന്നില്ല. ആ ചോദ്യങ്ങളുടെ പരിണിതഫലം കൂടിയായിരുന്നു അയിത്തോച്ഛാടനം. ഇന്ത്യയുടെ രാഷ്ട്രജീവിതത്തെ കാർന്നുതിന്നുന്ന ശ്രേണീകൃത ജാതിവാഴ്ചയുടെ അസമത്വഭരണക്രമങ്ങളെ തെൻറ കാലത്തിൽ ഗാന്ധി നേരിട്ട അതിസങ്കീർണമായ ഒരു പ്രശ്നമായിരുന്നു. ഇതാകട്ടെ ഇന്നും തുടരുകയും ചെയ്യുന്നു
ആധുനിക ഇന്ത്യയുടെ ചരിത്ര രൂപവത്കരണത്തിൽ മാത്രമല്ല, വർത്തമാന ഇന്ത്യയുടെ ആപത്സന്ധികളിലും ഒരു ചരിത്രപാഠമായി ഗാന്ധി ജീവിക്കുകയാണ്. ആദർശാത്മകമായ ജീവിതനിഷ്ഠയിൽ (അതിലെ പരിമിതികളും സാധ്യതകളും ഇരിക്കെത്തന്നെ) ഇന്ത്യ നേരിട്ട പ്രശ്നങ്ങളെ സംബോധന ചെയ്തുകൊണ്ട് 'സ്വതന്ത്ര ഇന്ത്യ'യുടെ രാഷ്ട്രപിതാവായി മാറിത്തീർന്ന മഹാത്മാ ഗാന്ധിയുടെ സാമൂഹിക രാഷ്ട്രീയ ജീവിതസ്ഥലികളിൽനിന്ന് ധനാത്മകമായ ചരിത്രശേഷിപ്പുകളെ സംവാദാത്മകമായി തുറന്നിടുമ്പോഴും ഗാന്ധിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ചോദ്യങ്ങൾ വർത്തമാന ഇന്ത്യയും നേരിട്ടുകൊണ്ടിരിക്കുന്നു എന്നത് ഒഴിവാക്കാൻ ശ്രമിച്ചാലും വസ്തുത നിറഞ്ഞ സാമൂഹിക യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വ ബ്രാഹ്മണ്യ വ്യവസ്ഥ ഭരണകൂട സാംസ്കാരിക വ്യവസ്ഥയായി ജനായത്ത സാഹോദര്യത്തെ അട്ടിമറിക്കുമ്പോൾ ഈ ചോദ്യങ്ങൾ കൂടുതൽ തിടംവെക്കുന്നു.
ഗാന്ധി അഭിമുഖീകരിച്ച ഈ ചോദ്യങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് ഒരു ജനാധിപത്യ രാഷ്ട്രമായി മാറിത്തീരാൻ കഴിയുകയുള്ളൂ. അതുതന്നെയാണ് ഗാന്ധിയോടുള്ള ഏറ്റവും മഹത്തായ ആദരപൂർവമുള്ള സ്മരണയും. 1931 ആഗസ്റ്റ് ആറാം തീയതി ഗാന്ധി അയച്ച കത്തിലെ നിർദേശം സ്വീകരിച്ചുകൊണ്ട് ഡോ. ബി.ആർ. അംബേദ്കർ അദ്ദേഹത്തെ സന്ദർശിച്ചു. സംഭാഷണം ആരംഭിച്ച സന്ദർഭത്തിൽ 'ഒരു തികഞ്ഞ രാജ്യസ്നേഹിയാണ് അംബേദ്കറെന്ന് തനിക്ക് ബോധ്യപ്പെട്ടതായി' ഗാന്ധിജി പറയുന്നുണ്ട്. തന്റെ സംഭാഷണത്തിൽ ഉടനീളം 'നമ്മുടെ രാജ്യം' എന്ന ഗാന്ധിയുടെ പ്രയോഗം അംബേദ്കറെ മഹത്തായ ഒരു ചോദ്യം ഉന്നയിക്കുന്നതിലേക്കാണ് നയിച്ചത്. അംബേദ്കർ ഗാന്ധിയോട് പറഞ്ഞു: 'എനിക്ക് ഒരു രാജ്യമില്ല, ഈ രാജ്യം എന്റേതുകൂടി ആയിരുന്നുവെങ്കിൽ എനിക്കും എന്റെ വർഗത്തിനും പൊതുവഴിയിൽ സഞ്ചരിക്കുന്നതിനോ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനോ പൊതുജലാശയങ്ങളിൽനിന്ന് ദാഹജലം കോരിക്കുടിക്കുന്നതിനോ ആരെങ്കിലും തടയുമായിരുന്നോ?' അംബേദ്കറുടെ ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ഗാന്ധിയുടെ പക്കൽ കൊടുക്കാനുണ്ടായിരുന്നില്ല. എന്നാൽ, അംബേദ്കർ ഉന്നയിച്ച ഈ ചോദ്യങ്ങളെ ഗാന്ധി അഭിസംബോധന ചെയ്യാതിരുന്നില്ല. ആ ചോദ്യങ്ങളുടെ പരിണിതഫലം കൂടിയായിരുന്നു അയിത്തോച്ഛാടനം. ഇന്ത്യയുടെ രാഷ്ട്രജീവിതത്തെ കാർന്നുതിന്നുന്ന ശ്രേണീകൃത ജാതിവാഴ്ചയുടെ അസമത്വ ഭരണക്രമങ്ങളെ തന്റെ കാലത്തിൽ ഗാന്ധി നേരിട്ട അതിസങ്കീർണമായ ഒരു പ്രശ്നമായിരുന്നു. ഇതാകട്ടെ ഇന്നും തുടരുകയും ചെയ്യുന്നു.
വൈക്കം സത്യഗ്രഹ സമരാവസരത്തിൽ ഇണ്ടംതുരുത്തി നമ്പ്രാതിരി ഉന്നയിച്ച ചോദ്യം ഗാന്ധി അഭിസംബോധന ചെയ്യേണ്ടിവന്ന മറ്റൊരു പ്രധാന ഏടാണ്. 'ഹിന്ദുമത ശാസ്ത്ര ഗ്രന്ഥങ്ങളുടെ പാവനത്വത്തിൽ മഹാത്മജി വിശ്വസിക്കുന്നുണ്ടോ?' എന്ന് നമ്പ്രാതിരി ചോദിച്ചപ്പോൾ 'ഉണ്ട്' എന്നാണ് ഗാന്ധി മറുപടി പറഞ്ഞത്. 'താങ്കൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?' എന്ന നമ്പ്രാതിരിയുടെ ചോദ്യത്തിനും 'അതെ' എന്നായിരുന്നു ഉത്തരം. തുടർന്നുള്ള നമ്പ്രാതിരിയുടെ പ്രസ്താവന 'സനാതനിയായ' ഗാന്ധിയെ അടിമുടി ഉലച്ചു എന്ന് ആ സംഭാഷണം ശ്രദ്ധിക്കുന്ന ആർക്കും ബോധ്യപ്പെടും. 'ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻ ജന്മങ്ങളിലെ പാപകർമങ്ങളുടെ ഫലമായി അവർ അയിത്തജാതിയിൽ പിറക്കുന്നു. ആചാര വിധികളനുസരിച്ച് അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാധ്യസ്ഥരാണ്; ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാൾ നീചരാണ്.' 'ഒരുവനെ താഴ്ന്നവനെന്നും അപരനെ ഉയർന്നവനെന്നും പരിഗണിക്കാൻ ഹിന്ദുമതം പഠിപ്പിക്കുന്നില്ല' എന്ന് നമ്പ്രാതിരിക്ക് ഗാന്ധി നൽകിയ മറുപടി തന്നെയാണ് ഹിന്ദുത്വ ബ്രാഹ്മണ്യത്തിന്റെ വക്താക്കൾക്ക് അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ പ്രേരകമായതും.
നാരായണഗുരുവുമായുള്ള സംഭാഷണത്തിൽ ഗുരു തുറന്നിട്ട സംവാദങ്ങളും അതിപ്രധാനമാണ്. 'ആധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ' എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ഗുരു നൽകിയ മറുപടി ഗാന്ധിയെ മറ്റൊരു ചോദ്യക്കുരുക്കിലേക്കുതന്നെയാണ് നയിച്ചതെന്ന് പറയേണ്ടിവരും. 'അന്യമതങ്ങളിലും മോക്ഷമാർഗങ്ങൾ ധാരാളമുണ്ടല്ലോ' എന്ന ഗുരുവിന്റെ മറുപടി തന്നെ ഒരു ചിന്താഭാരമായി കലാശിച്ചിട്ടുണ്ടാവാം. 'അതിന്റെ രൂഢമൂലത ഓർത്താൽ പൂർണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും' എന്ന ഗുരുവിന്റെ ചരിത്രബോധ്യമിഴചേർന്ന മൊഴികൾ ഗാന്ധിയുടെ നേർക്ക് മാത്രം ഉന്നയിക്കപ്പെടുന്ന ഒന്നല്ല; മറിച്ച് ഇന്ത്യ ഇന്നും നേരിടുന്ന വിപത്സംസ്കാരത്തിനെതിരായി കൂടിയാണ്.
കന്യാകുമാരി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിച്ചേർന്ന ഗാന്ധിജിയെ കൊടിമരം കടന്ന് ഉള്ളിൽ കടക്കാൻ ബ്രാഹ്മണ്യ ഹിന്ദുത്വം അനുവദിക്കുകയുണ്ടായില്ല.
'ഗാന്ധിയായുയർന്നാലും ബ്രാഹ്മണനല്ലാതുള്ള ഹിന്ദുവിൻ കിഴിവൊരു കാലവും പോവില്ല ഹോ' എന്ന് സഹോദരൻ അയ്യപ്പൻ ഗാന്ധി നേരിട്ട ബ്രാഹ്മണ്യത്തിന്റെ അവഹേളനത്തെ കവിതരൂപത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ജീവിതത്തിലുടനീളം ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിന്റെ ദൈനംദിനങ്ങളിൽ ഉയർന്ന നിരവധി പ്രശ്നങ്ങളെ ഗാന്ധി അഭിസംബോധന ചെയ്തിരുന്നു എന്നതുതന്നെയാണ് ആ ജീവിതത്തെ പുനഃസന്ദർശിക്കാൻ പ്രേരിപ്പിക്കുന്നതും. തീർച്ചയായും പരിമിതികളും സാധ്യതകളും അതിൽ അവശേഷിക്കുന്നുണ്ട്. ജാതിയുടെ ചാതുർവർണ്യത്തിന്റെ ഏറ്റിറക്ക ക്രമങ്ങളെ ചരിത്രപരമായി അഗാധ ദർശനം ചെയ്യുന്നതിൽനിന്ന് തടഞ്ഞിരുന്നു എന്നത് അതിലെ ഒരു പരിമിതിയാണ്. അതേസമയം, 'ഹിംസാത്മക തത്ത്വങ്ങളെ' നീതിയുക്തമാക്കാൻ ശ്രമിച്ചു എന്നതും മതവൈരത്തെ ഗാന്ധി എതിർത്തിരുന്നു എന്നതും ബ്രാഹ്മണ്യ ഹിന്ദുത്വത്തെ അത്രമേൽ പ്രകോപിപ്പിച്ചിരുന്നു. ഇതെല്ലാമിരിക്കെത്തന്നെ അംബേദ്കറും സഹോദരനും ഗുരുവും ഗാന്ധിയോട് ഉന്നയിച്ച സംവാദങ്ങളെ തുറന്നിട്ടുകൊണ്ട് ഇന്ത്യയെ ജനാധിപത്യ സാഹോദര്യ വ്യവസ്ഥയിൽ ഉറപ്പിച്ചുനിർത്താൻ പ്രേരിപ്പിക്കുന്ന സാഹോദര്യ ജനാധിപത്യത്തിനായുള്ള സമരങ്ങളായിരിക്കും ഗാന്ധിയോടുള്ള ഏറ്റവും വലിയ ആദരവായി പരിണമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

