എലിസബത്ത് രാജ്ഞിയുടെ നിര്യാണം: യു.എ.ഇയിൽ അനുശോചനപ്രവാഹം
text_fieldsശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കോൺസുലേറ്റ് സന്ദർശിച്ച് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കുന്നു
ദുബൈ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യു.എ.ഇയിലെ വിവിധ ദേശക്കാർ. ചരിത്രപ്രസിദ്ധമായ ദുബൈയിലെ ക്വീൻ എലിസബത്ത്-2 കപ്പലിലെ രാജ്ഞിയുടെ പ്രതിമക്ക് മുന്നിൽ പൂക്കളർപ്പിക്കാൻ കഴിഞ്ഞ ദിവസം നിരവധി പേരാണ് എത്തിയത്.
അബൂദബിയിലെ യു.കെ എംബസിയും ദുബൈയിലെ ബ്രിട്ടീഷ് എംബസിയുടെ ഓഫിസും വെള്ളിയാഴ്ച സോഷ്യൽ മീഡിയ വഴി അനുശോചന പുസ്തകത്തിൽ ഒപ്പിടാനുള്ള സ്ഥലം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് രാജ്ഞി ദുബൈ സന്ദർശനവേളയിൽ ഉദ്ഘാടനം ചെയ്ത പോർട്ട് റാശിദിലെ ഫ്ലോട്ടിങ് ഹോട്ടലായ ക്വീൻ എലിസബത്ത്-2ൽ ആദരാഞ്ജലിയർപ്പിക്കാൻ നിരവധിപേരെത്തിയത്.
വരും ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ ഇവിടെ സജ്ജീകരിച്ച പുസ്തകത്തിൽ ഒപ്പിടാനും മെമന്റോകൾ സമർപ്പിക്കാനും സൗകര്യമുണ്ടാകും. അബൂദബിയിൽ സെന്റ് ആൻഡ്രൂസ് ചർച്ചിൽ തിങ്കളാഴ്ച മുതൽ അനുശോചന പുസ്തകത്തിൽ ഒപ്പിടാൻ സൗകര്യമുണ്ട്. രാജ്ഞിക്ക് ആദരവായി കഴിഞ്ഞ ദിവസം ദുബൈ ജബൽ അലി തുറമുഖത്ത് യു.കെ റോയൽ നേവിയുടെ കപ്പൽ 96 തവണ വെടിയുതിർത്തിരുന്നു.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ കൾച്ചർ ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കോൺസുലേറ്റ് സന്ദർശിച്ച് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

