മനസ്സ് തളർത്തിയ മരണവാർത്ത
text_fieldsകോവിഡിനെ നേരിടാൻ ഏറ്റവും മികച്ച മരുന്ന് മനക്കരുത്താണ്. പോസിറ്റിവാണെന്നറിഞ്ഞ നാൾ മുതൽ ഭയക്കാതെ പിടിച്ചുനിന്നതും മനക്കരുത്തിെൻറ ബലത്തിലാണ്. പക്ഷേ, ആ മരണവാർത്ത എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഷക്കീറിെൻറ മെസേജ് വായിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് കോവിഡ് അവെൻറ ജീവൻ കവർന്ന വിവരം അറിയുന്നത്.ഞങ്ങൾ ഒരുമിച്ചായിരുന്നു ജോലി. ഏകദേശം ഒരേ സമയത്താണ് ഞങ്ങൾക്ക് രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചത്. അവൻ അജ്മാനിലായിരുന്നു ചികിത്സ. ശ്വാസംമുട്ടൽ കൂടിയതിനാൽ ഒാക്സിജെൻറ സഹായം വേണ്ടിവന്നു. ദിവസങ്ങളോളം അതേ അവസ്ഥയിലായിരുന്നു. എങ്കിലും ഞങ്ങൾ തമ്മിൽ എന്നും വാട്സ് ആപ് സന്ദേശം കൈമാറും. ഞാൻ ശബ്ദസന്ദേശം അയക്കുേമ്പാൾ ടൈപ്പ് ചെയ്തായിരുന്നു ഷക്കീറിെൻറ മറുപടി. ചില ദിവസങ്ങളിലെ സന്ദേശത്തിൽ അവനനുഭവിക്കുന്ന പ്രയാസം പങ്കുവെക്കും. പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന വാക്കുകളിലൂടെ ഞാൻ മറുപടി നൽകും. അങ്ങനെ പരസ്പരം ആശ്വസിപ്പിച്ച് ആശുപത്രി വാസം തള്ളിനീക്കി. ഞാൻ ആശുപത്രിയിൽ നിന്ന് ഹോട്ടലിലേക്ക് മാറിയതിെൻറ രണ്ടാം ദിവസമാണ് ഷക്കീറിെൻറ മരണവാർത്ത അറിയുന്നത്. ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതെ ഒറ്റക്ക് റൂമിൽ കഴിയുന്നതിനിടെയാണ് അവൻ ഞങ്ങളെ വിട്ടുപോയത്. സങ്കടം കൊണ്ട് കരഞ്ഞ് കണ്ണീർ വറ്റിപ്പോയി. ആ മാനസികാവസ്ഥയിൽനിന്ന് കരകയറാൻ ദിവസങ്ങളെടുത്തു. ഭയം നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. ദൈവവിധി മാറ്റാനാവില്ലെന്ന സത്യം സ്വയംപറഞ്ഞ് ആശ്വാസം കൊണ്ടു. പ്രാർഥനയിൽ അഭയം കണ്ടെത്തി.
ഏപ്രിൽ എട്ടിന് ദേര അൽ റാസിലാണ് ഞാൻ കോവിഡ് പരിശോധനക്ക് വിധേയമായത്. എന്നെ രോഗം സംശയിക്കുന്നവരുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എനിക്ക് രോഗ ലക്ഷണമായ പനിയും തലവേദനയും ശരീര വേദനയും വയറിളക്കവുമെല്ലാം വന്നു പോയതാണെന്നും ഇപ്പോൾ ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടെന്നും പറഞ്ഞതനുസരിച്ചാണ് പരിശോധനക്ക് വിധേയമാക്കിയതും രോഗം സംശയിക്കുന്നവരുടെ കാറ്റഗറിയിൽ പെടുത്തിയതും. പരിശോധനക്കുശേഷം തിരിച്ച് താമസസ്ഥലത്തേക്ക് പോകാൻ അനുവാദമുണ്ടായിരുന്നില്ല. എല്ലാവരെയും ഒരു ബസിൽ കയറ്റി രാത്രിയോടെ ജബൽ അലി വ്യവസായ മേഖലയിൽ ഒരുക്കിയ ക്വാറൻറീൻ സെൻററിലെത്തിച്ചു. പലരും മാറ്റിയുടുക്കാൻ വസ്ത്രമോ ദിനചര്യകൾ ചെയ്യാനുള്ള സാധന സാമഗ്രികളോ മൊബൈൽ ചാർജറോ കരുതിയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാണ് പരിശോധന ഫലം ലഭിക്കുന്നത്. ചില ജീവിത ശൈലീ രോഗങ്ങളുള്ളതിനാൽ ആശുപത്രിയിലെത്തുക എന്നതായി പിന്നീടുള്ള ആലോചന. കെ.എം.സി.സിയിലെ സഹപ്രവർത്തകരുമായി ബന്ധപ്പെട്ട് അതിനുള്ള സാഹചര്യമുണ്ടാക്കി. മൻഖൂലിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പലവിധ പരിശോധനകളും അനുബന്ധമായി നടത്തി. സമീകൃതാഹാരവും ജീവിത ശൈലീ രോഗത്തിനുള്ള മരുന്നും ലഭിച്ചു. ഓറഞ്ച്, ഗ്രീൻ ആപ്പിൾ, തൈര്, ഗ്രീൻ സാലഡ്, സൂപ്പ് എന്നിവ ഭക്ഷണത്തിനൊപ്പം ലഭിച്ചു.
ഡോക്ടർമാരും നഴ്സുമാരും ഓരോ സന്ദർശനത്തിലും ആത്മവിശ്വാസം പകർന്നു.
തൊണ്ടയിൽ അണുബാധയുണ്ടായിരുന്നു. ശ്വാസതടസ്സവും ചെറിയ തോതിൽ നേരിട്ടു. അതിന് ഇഞ്ചക്ഷനും ചില മരുന്നുകളും നൽകി. പൊതുപ്രവർത്തന രംഗത്തുള്ളതിനാൽ നേതാക്കളുടെയും പണ്ഡിതന്മാരുടെയും പ്രാർഥനയും ആശ്വാസ വാക്കുകളും ലഭിച്ചു. വീണ്ടും പരിശോധനക്കായി സ്രവം അയച്ചു. ആത്മവിശ്വാസം വർധിപ്പിച്ച് നെഗറ്റിവ് റിസൽെട്ടത്തി. ആശുപത്രി വിട്ട് സ്വയം ക്വാറൻറീനിലെത്തിയപ്പോഴാണ് ഷക്കീറിെൻറ മരണം. ദിവസങ്ങളുടെ ശ്രമത്തിനൊടുവിൽ മനസ്സിനെ പാകപ്പെടുത്തി. തളർന്നിരിക്കുകയല്ല, കർമോത്സുകനാവുകയാണ് വേണ്ടതെന്ന് തീരുമാനിച്ചു. കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ ഹെൽപ് ഡെസ്ക്കിെൻറ പ്രവർത്തനങ്ങൾ ഫോണിലൂടെ ഏകോപിപ്പിക്കുന്നതിൽ വീണ്ടും സജീവമായി. എെൻറ രോഗവിവരമറിയാതെ സഹായമഭ്യർഥിച്ച് വിളിച്ചവർക്കും മെസേജ് അയച്ചവർക്കും എന്നാൽ കഴിയുന്ന സഹായം ചെയ്തു. സഹായം ലഭിച്ചവർ സന്തോഷത്തോടെ അയക്കുന്ന മെസേജുകൾ എനിക്ക് ആത്മസംതൃപ്തിയും ഉൗർജവും പകർന്നു. ഏപ്രിൽ 27ന് വീണ്ടും പരിശോധന ഫലം വന്നു. അതും നെഗറ്റിവ്. ഡോക്ടറാണ് ആ സന്തോഷം അറിയിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ മരുന്നിനേക്കാൾ പ്രധാനമാണ് മനസ്സ്. ഭയപ്പെടാതെ നേരിട്ടാൽ അകന്നുപോകുന്നതേ ഉള്ളൂ. എന്നാൽ, മുൻ കരുതൽ പ്രധാനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
