കോവിഡിനെ ചിരിച്ച് തോൽപിച്ചവർ
text_fieldsമനക്കരുത്തുകൊണ്ട് കോവിഡിനെ തോൽപിക്കുന്നവരാണ് മലയാളികൾ. പ്രവാസികളാകുേമ്പാൾ കരളുറപ്പ് കുറച്ചുകൂടും. വീട്ടുകാരെ പോലും അറിയിക്കാതെ െഎസൊലേഷനും കഴിഞ്ഞ് ‘നിസ്സാരം’ എന്നുപറഞ്ഞ് പുറത്തിറങ്ങുന്നവരുണ്ട്. കോവിഡിനെ ചിരിച്ചുകൊണ്ട് നേരിട്ട് തങ്ങളെ ഞെട്ടിച്ച സുഹൃത്തുക്കളെക്കുറിച്ച് ശ്രുതി ദീപക് കുറിച്ച വരികൾ... ദീപുവേട്ടന് നാട്ടിൽ നിന്ന് കിട്ടിയ സുഹൃത്തുക്കളാണവർ. അത്രക്ക് വേണ്ടപ്പെട്ടവർ. ചുരുക്കിപ്പറഞ്ഞാൽ ചങ്ക്സ്. ഭാര്യക്കും ഭർത്താവിനും ഒരുമിച്ച് പനിച്ച് തുടങ്ങിയിരിക്കുന്നു. കേട്ടതുമുതൽ സാധാരണ പനി ആവണേ എന്നായിരുന്നു ഞങ്ങളുടെ മനസ്സുനിറയെ. ഒന്നര മാസമായി പുറത്തു പോവാത്തവർക്കു എങ്ങനെ കോവിഡ് വരാനാണ്. കുറച്ച് അഹങ്കാരത്തോടെ തന്നെ ഞാൻ മനസ്സിൽ പല തവണ പറഞ്ഞു. എന്നാലും വല്ലാത്തൊരു വിങ്ങൽ എവിടെയോ ഉണ്ടായിരുന്നു. ഓറഞ്ച് കഴിപ്പിനും ആക്കം കൂടി. കൈകഴുകുമ്പോ ഒക്കെയും അവരായിരുന്നു മനസ്സിൽ. ‘ഇല്ലാടീ ..കുഴപ്പമില്ല. പനി കുറഞ്ഞു. ജലദോഷം ഉണ്ട്. ഇച്ചായനും കുഴപ്പമില്ല. ടെസ്റ്റ് റിസൾട്ട് വന്നിട്ടില്ല. എന്തായാലും വരട്ടെ’. ‘ഇല്ല സാധാരണ പനി ആകും’-ഞാൻ സമാധാനിപ്പിക്കാൻ പറഞ്ഞു. എപ്പോഴുമുള്ള തമാശകൾ പറഞ്ഞാണ് ഫോൺ വെച്ചത്. കോവിഡ് വന്നതുതൊട്ട് പറ്റിയ അബദ്ധങ്ങൾ ഒക്കെ ഇടക്ക് ഇരുന്നുപറഞ്ഞു ചിരിക്കാനും ട്രോളാനും ഒക്കെയാണ് എനിക്കിഷ്ടം. മാസ്ക് ഇട്ടത് ഓർമിക്കാതെ കൈകഴുകിയ ശേഷം വാഷ് ബേസിനിലേക്ക് നീട്ടിത്തുപ്പിയത്, ഗ്ലൗസിട്ട കൈ കൊണ്ട് ഫോൺ സ്ക്രീൻ ഫിംഗർ പ്രിൻറ് എടുത്തത്, മാസ്കിട്ട് വൈകുന്നേരങ്ങളിൽ ചെവി മുന്നോട്ടു വന്നോ എന്ന് കണ്ണാടിയിൽ നോക്കിയത്, ദേഷ്യം തോന്നുന്നവരോട് മാസ്കിട്ട് കൊഞ്ഞനം കുത്താൻ ആരംഭിച്ചത്... ഇങ്ങനെ തല്ലുകിട്ടേണ്ട പലതും.
അതിനിടെ കഴിഞ്ഞ ദിവസമാണ് അവരുടെ പരിശോധന ഫലം അറിയുന്നത്. രണ്ടുപേർക്കും പോസിറ്റിവ്. വെള്ളിടി വെട്ടിയപോലെ അനങ്ങാൻ പറ്റാതെ ഇരുന്നുപോയി. എന്താ പറയാ. എങ്ങനെയാ അവരെ വിളിക്ക്യാ. സമയം ആണേൽ രാത്രി 11 ആകുന്നു. ഒറ്റ കരച്ചിലായിരുന്നു ഞാൻ. കരച്ചിൽ അടങ്ങിയപ്പോൾ അടുക്കളയിലേക്കോടി. ഓറഞ്ച് എടുത്തു കൊണ്ടുവന്നു കഴിക്കാൻ തുടങ്ങി. ഇഷ്ടമല്ലെങ്കിലും ദീപുവേട്ടനും കഴിക്കും. ‘അമ്മൂ, വരാതെ നോക്കണ്ടേ. കരുതൽ മാത്രമാണ് പ്രതിവിധി. അകറ്റി നിർത്തി സ്നേഹിക്കണം. അസുഖം വരുന്നവർക്ക് ആത്മവിശ്വാസം കൊടുക്കണം. അകന്നുനിന്നുകൊണ്ട് അടുക്കണം. അതിജീവിച്ചു തിരികെവരാൻ എനർജി പകരണം, ഒറ്റപ്പെടുത്താതെ കൂട്ടാവണം’-ദീപുവേട്ടൻ ധൈര്യം പകർന്നു.പിറ്റേന്ന് അവരെ വിളിച്ചപ്പോൾ സങ്കടം പ്രതീക്ഷിച്ച ഞാൻ ഞെട്ടി. അവരെ വിളിച്ച ദീപുവേട്ടൻ അതിലും കൂടുതൽ ഞെട്ടിച്ചു.‘ഡാ ദീപു, കൊറോണ വേണോ’ എന്നായിരുന്നു ആദ്യ ചോദ്യം. അപ്പുറത്തും ഇപ്പുറത്തും ചിരിച്ചും കളിതമാശകൾ പറഞ്ഞുമായിരുന്നു സംസാരം. സിംപതി കാണിക്കാതെ എങ്ങനെ സംസാരിക്കുമെന്ന് ആലോചിച്ചുനിന്ന ഞാൻ കണ്ണ് തള്ളി നിന്നു.
പതിവ് തമാശകളിലൂടെ എല്ലാ കാര്യങ്ങളും ദീപുവേട്ടൻ ചോദിച്ചറിയുന്നത് അത്ഭുതത്തോടെ ഞാൻ കേട്ടിരുന്നു.
സന്തോഷം കൊണ്ട് എനിക്ക് കണ്ണുനിറയുന്നുണ്ടായിരുന്നു ആ സംസാരം കേട്ടിരുന്നപ്പോൾ. അഭിമാനം തോന്നി. ആത്മവിശ്വാസമുള്ള ഞങ്ങളുടെ കൂട്ടുകാരെ ഓർത്തപ്പോൾ. ചങ്കൂറ്റത്തോടെ നെഞ്ചും വിരിച്ചു നിൽക്കുകയാണ് അവർ. കൊറോണക്ക് നാണക്കേട് തോന്നുന്നുണ്ടാകും ഇതുപോലുള്ള ആൾക്കാരെ പോയി തോൽപിക്കാൻ തുനിഞ്ഞിറങ്ങിയത് ഓർക്കുമ്പോൾ. അത് മാത്രമല്ലല്ലോ, വീടുവിട്ടു പ്രവാസിയായി ജീവിക്കുന്നവർക്ക് തേൻറടം അൽപം കൂടും. പിന്നെ നല്ല കരളുറപ്പും. പതിവ് തമാശകളിലൂടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുത്തു. ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തത് മുതൽ ആപ് വഴി ഫലം ലഭിച്ചതുവരെ എല്ലാം.
ഇപ്പോൾ വീട്ടിൽ സ്വയം തീർത്ത െഎസൊലേഷനിലാണ് ഞങ്ങളുടെ കൂട്ടുകാർ. പനി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. 14 ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിക്കണം. എത്രയും വേഗം അടുത്ത റിസൾട്ട് നെഗറ്റിവ് ആവാൻ. കാത്തിരിക്കുന്നു, നൂറിരട്ടി സ്നേഹത്തോടെ, അഭിമാനത്തോടെ ചങ്കുറപ്പുള്ള ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കുവേണ്ടി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
