കലാശപ്പോരിലേക്ക് കണ്ണും കാതും കൂർപ്പിച്ച് യു.എ.ഇ
text_fieldsദുബൈ: പൊൻകിരീടം തേടിയുള്ള പോരാട്ടത്തിന് ഖത്തറിൽ വിസിൽ മുഴങ്ങുമ്പോൾ ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് യു.എ.ഇയിലെ പ്രവാസലോകവും. ഒരുമാസമായി നീളുന്ന വാക്പോരാട്ടങ്ങൾക്കും ഫാൻ ഫൈറ്റിനും പുതിയ തലങ്ങൾ നൽകുന്നതാവും ഇന്നത്തെ അർജന്‍റീന-ഫ്രാൻസ് പോരാട്ടം.
ഫാൻസിന്‍റെ എണ്ണമെടുത്താൽ അർജന്‍റീന ബഹുദൂരം മുന്നിലാണെങ്കിലും ഫ്രാൻസിന് കിട്ടുന്ന പിന്തുണയും ചെറുതല്ല. പ്രവാസി മുറികളിലെ അർജന്‍റീന ഫാൻസിനോട് പൊരുതാൻ ഫ്രാൻസ് ആരാധകർക്കൊപ്പം ബ്രസീൽ, പോർചുഗൽ, ജർമനി ഫാൻസുമുണ്ട്. എന്നിരുന്നാലും അർജന്‍റീനക്കും മെസ്സിക്കും കപ്പ് കിട്ടിയാലും കുഴപ്പമില്ലെന്നാണ് ഇവരിൽ നല്ലൊരു ശതമാനത്തിന്‍റെയും അഭിപ്രായം. കപ്പടിച്ചാൽ അർജന്‍റീന ഫാൻസിന് മുന്നിൽ തലയുയർത്തി നടക്കാൻ പറ്റാത്തതും അവരുടെ ട്രോളുകൾ ഏറ്റുവാങ്ങണമെന്നുള്ളതും മാത്രമാണ് ഇവരുടെ ദുഃഖം. എന്നാൽ, കൊണ്ടും കൊടുത്തും നിൽക്കുന്ന ഫാൻ ഫൈറ്റിൽ ഇതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കാനറിയാവുന്നവരാണ് പ്രവാസി മലയാളികൾ.
അർജന്‍റീന ജയിക്കുമെന്നും ലയണൽ മെസ്സി കപ്പുയർത്തുമെന്നും ഉറപ്പിച്ചിരിക്കുകയാണ് അരീക്കോട്ടുകാരൻ സജീർ മുഹമ്മദ്. ഇക്കുറിയില്ലെങ്കിൽ ഇനിയെന്നാണ് എന്ന് സജീർ ചോദിക്കുന്നു. കപ്പ് കണ്ട് കൂടെകൂടിയതല്ല എന്ന സ്ഥിരം പല്ലവിക്ക് ഇക്കുറി അറുതിയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. സഹമുറിയൻ ഫവാസിനും ഇതേ അഭിപ്രായം.എന്നാൽ, ബ്രസീൽ ഫാനായ നവാസിന്‍റെ മനസ് ഫ്രാൻസിനൊപ്പമാണ്. എങ്കിലും, ലാറ്റിനമേരിക്കയിലേക്ക് കപ്പെത്തുന്നതിൽ നവാസിന് വിരോധമൊന്നുമില്ല. എംബാപ്പെയുടെ അതിവേഗതയിൽ അർജന്‍റീനയെ പൂട്ടുമെന്നാണ് ഫ്രഞ്ച് ഫാനായ സുഭീഷ് മനോഹരൻ പറയുന്നത്. ഇതുവരെ മികച്ച ഫുട്ബാളാണ് ഫ്രാൻസ് പുറത്തെടുത്തത്. ബ്രസീൽ, പോർചുഗൽ ഫാൻസിന്‍റെ പിന്തുണ തങ്ങൾക്ക് വേണ്ടെന്നും സുഭീഷ് പറയുന്നു.
ലോകകപ്പിന്‍റെ ആദ്യദിനം മുതൽ പ്രവാസിമുറികളിൽ ലോകകപ്പ് ആരവം അലയടിക്കുന്നുണ്ടായിരുന്നു. ബ്രസീൽ ഉൾപ്പെടെയുള്ള നിരവധി ആരാധകരുള്ള ടീമുകൾ പുറത്തായെങ്കിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ജഴ്സി അണിഞ്ഞായിരുന്നു മുറികളിൽ പോലും ഇഷ്ട ടീമിന്‍റെ കളി കാണാൻ പ്രവാസികൾ ഇരുന്നത്. ഫാൻ ഫെസ്റ്റിലും ഫാൻ സോണുകളിലേക്കും അവർ ഒഴുകിയെത്തി. നാട്ടിലിറങ്ങുന്ന ട്രോളുകളിൽ പലതിന്‍റെയും ഉറവിടം പ്രവാസലോകമായിരുന്നു. നാട്ടിലെ ഫ്ലക്സുകൾക്ക് പണമൊഴുക്കിയതും ഗൾഫിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

