ഖത്തർ യുദ്ധവിമാനങ്ങൾ യു.എ.ഇ യാത്രാവിമാനത്തിന് 200 മീറ്റർ അരികെ
text_fieldsഅബൂദബി: തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബഹ്റൈൻ വ്യോമാതിർത്തിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ യു.എ.ഇ യാത്രാവിമാനത്തിന് 200 മീറ്ററ്റോളം അരികിൽ വന്നതായി യു.എ.ഇ സിവിൽ വ്യോമയാന അതോറിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യു.എ.ഇ യാത്രാവിമാനങ്ങൾ ഖത്തർ തടസ്സപ്പെടുത്തുന്നതിന് എതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും യു.എ.ഇ പൊതു സിവിൽ വ്യോമയാന അതോറിറ്റിയിലെ (ജി.സി.എ.എ) വ്യോമ മേഖല ഏകോപന വകുപ്പ് മേധാവി മുഅയ്യദ് ആൽ തെനീജി പറഞ്ഞു.
ഖത്തർ യുദ്ധവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചതിനാൽ, അന്താരാഷ്ട്ര സമുദ്രാതിർത്തിയിലൂടെ പറക്കുകയായിരുന്ന യു.എ.ഇ യാത്രാവിമാനത്തിന് 32,000 അടി ഉയരത്തിൽനിന്ന് 35,000 അടിയിലേക്ക് പൊങ്ങേണ്ടി വന്നതായി ജി.സി.എ.എ അധികൃതർ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യു.എ.ഇ വിമാനത്തിൽനിന്ന് ലംബമായി 214 മീറ്ററും തിരശ്ചീനമായി 1000 മീറ്ററും മാത്രം അകലത്തിലായിരുന്നു ഖത്തർ യുദ്ധവിമാനങ്ങൾ. ഖത്തറിെൻറ ഇത്തരം നടപടികൾ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് ഭീഷണിയാണെന്ന് ജി.സി.എ.എ വ്യോമയാന സുരക്ഷകാര്യ മേഖല അസിസ്റ്റൻറ് ഡയറക്ടർ ഇസ്മാഇൗൽ ആൽ ബലൂഷി വ്യക്തമാക്കി.
യൂറോപ്പിലേക്ക് യു.എൽ 768 റൂട്ടിൽ ബഹ്റൈൻ ഫ്ലൈറ്റ് ഇൻഫർേമഷൻ റേഞ്ചിലൂടെ സഞ്ചരിച്ച എയർ ബസ് 320 വിമാനത്തിന് നേർക്കാണ് അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ അടുത്തത്. ഖത്തർ തീരത്തുനിന്ന് 33 കിലോമീറ്റർ അകലെ ഉച്ചക്ക് 3.33നായിരുന്നു സംഭവം. െഎക്യരാഷ്ട്രസഭ കൺവെൻഷൻ സമുദ്ര നിയമപ്രകാരം സ്വന്തം തീരത്തുനിന്ന് ഒാരോ രാജ്യത്തിന് 12 നോട്ടിക്കൽ മൈൽ വരെ അവകാശപ്പെട്ടതാണ്. ഇത് ആകാശാതിർത്തിക്കും ബാധകമാണ്. തിങ്കളാഴ്ച യു.എ.ഇ രജിസ്ട്രേഷനുള്ള ഹെലികോപ്ടറിന് നേർക്കും ഖത്തർ യുദ്ധവിമാനങ്ങൾ അടുത്തതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
