മമ്മികൾക്കുള്ളിൽ ഫറോവയുറങ്ങുന്നു
text_fieldsക്രിസ്തുവിന് 2000ത്തോളം വർഷങ്ങൾക്കുമുമ്പ് നിർമിക്കപ്പെട്ട െകെറോ നഗരം ദൃശ്യമായി തുടങ്ങുകയാണ്. പാത മുഴുവനും വാഹനങ്ങൾ നിറഞ്ഞിരിക്കുന്നു. നേരത്തേ ബുക്ക് ചെയ്ത ഹോട്ടലിെൻറ അടുത്തുള്ള തെരുവിൽ ഡ്രൈവർ ഇറക്കി. അങ്ങനെ പൗരാണിക െകെറോവിലേക്ക് കാലെടുത്തുവെക്കുകയാണ്. ചുറ്റും പഴയ കെട്ടിടങ്ങൾ മാത്രം, എങ്ങും ജനങ്ങളുടെയും വാഹനങ്ങളുടെയും ബഹളങ്ങൾ.
നടന്ന് ഒരു പഴയ കെട്ടിടത്തിനു മുന്നിലെത്തി. സൂക്ഷിച്ചു നോക്കിയപ്പോൾ ചെറിയൊരു ബോർഡ് കണ്ടു. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഹോട്ടൽ കണ്ടു, പഴകി ദ്രവിച്ച ഏഴുനില കെട്ടിടം! ലിഫ്റ്റ് സംവിധാനം ഒന്നുമില്ലാത്ത അതിപുരാതന സമുച്ചയം. മുന്നോട്ടുവെച്ച കാല് പിറകോട്ടുവെച്ചു. വേഗം നെറ്റിൽ പരതി അടുത്തുള്ള മറ്റൊരു ഹോട്ടലിൽ മുറി സംഘടിപ്പിച്ചു. ഹോട്ടൽ റിസപ്ഷനിസ്റ്റ് വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു. പ്രഥമ ലക്ഷ്യസ്ഥാനം െകെറോ മ്യൂസിയത്തിലേക്ക്.
ടിക്കറ്റ് കൗണ്ടറിന് ഇരുവശവും ഗൈഡുകളെ കൊണ്ട് നിറഞ്ഞിരുന്നു. അവരുടെ സേവനം തേടാതെ ടിക്കറ്റുമായി ഞങ്ങൾ നൂറ്റാണ്ടുകൾക്ക് പിറകെയുള്ള ലോകത്തേക്ക് പ്രവേശിച്ചു. ഈജിപ്ഷ്യൻ സാമ്രാജ്യം അടക്കിഭരിച്ചിരുന്ന രാജാക്കന്മാരുടെ ഭൗതികദേഹങ്ങൾ അടക്കം ചെയ്ത മമ്മികളും ആടയാഭരണങ്ങളും കണ്ട് ഞങ്ങൾ മായാ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുകയാണ്. എെൻറ കണ്ണുകൾ പരതിയത് ആ കോടീശ്വരനെയായിരുന്നു. ചത്താലും ചമഞ്ഞുകിടക്കും എന്ന പഴഞ്ചൊല്ല് അർഥമാക്കുന്ന ‘തുത്തൻഖാമൻ’ എന്ന രാജാവ് അണിഞ്ഞിരുന്ന ആടയാഭരണങ്ങൾ കാണാനുള്ള തിടുക്കമായിരുന്നു. ഒരു ചില്ലുകൂട്ടിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച അദ്ദേഹത്തിെൻറ രത്നങ്ങളും മുത്തുകളും പതിച്ച മുഖാവരണ കിരീടവും പടച്ചട്ടകളും മറ്റ് ആഭരണങ്ങളും ഒരു വിസ്മയം പോലെ ഞങ്ങൾ നോക്കിനിന്നു. സമയം പോയതറിഞ്ഞില്ല. പിന്നീട് മമ്മികളുടെ മ്യുസിയത്തിലേക്ക്. ഫിർഔൻ എന്ന ഫറോവയുടെ ഭൗതികദേഹം ഉൾപ്പെടെ 22 മമ്മികൾ സൂക്ഷിച്ച ചേംബറിലേക്ക്. കാമറ, വിഡിയോ എന്നിവയെല്ലാം നിരോധിച്ചുകൊണ്ടുള്ള നോട്ടീസും കാണാനിടയായി. എങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തനി മലയാളി സ്വഭാവം ഞങ്ങളവിടെ കാണിച്ചു. അതും കഴിഞ്ഞു വീണ്ടും ചെറിയ മമ്മികളും മൃഗങ്ങളുടെ മമ്മികളും ഉൾപ്പെടുന്ന ഒരു ചെറിയ ചേംബറിലേക്ക്.
മ്യുസിയത്തിെൻറ അരികിലൂടെ ഇൗ ചരിത്രങ്ങൾക്കെല്ലാം സാക്ഷിയായ നൈൽ നദി ഒഴുകുന്നു. അങ്ങകലെ െകെറോ ടവർ കാണാം. വഴിയരികിൽ കണ്ട ദുബൈ എന്ന് നാമകരണം ചെയ്ത ആഡംബര ക്രൂയിസ് കപ്പലിൽ ഞങ്ങളുടെ കണ്ണുടക്കി. നേരെ അകത്തേക്ക് കടന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാത്രി എട്ടിന് യാത്ര തുടങ്ങി പത്തിന് അവസാനിക്കുന്ന ക്രൂയിസ് യാത്രക്ക് ബുക്ക് ചെയ്ത് നേരെ തഹ്റീർ സ്ക്വയറിലേക്ക് നടന്നു.
തഹ്രീർ സ്ക്വയറും നൈൽ സഞ്ചാരവും
തഹ്രീർ ചത്വരത്തിന് നടുവിലാണ് ഇപ്പോൾ നിൽക്കുന്നത്. മുല്ലപ്പൂ വിപ്ലവ കാലത്ത് കാതുകളിൽ ഒരുപാട് മുഴങ്ങിയിരുന്നു ഈ നാമം! വിപ്ലവ മുദ്രവാക്യങ്ങൾ കേട്ടു കുലുങ്ങിയ പുരാതന കെട്ടിടങ്ങൾ ചുറ്റുമുണ്ട്. വിപ്ലവകാരികൾ തീവെച്ച ഈജിപ്ഷ്യൻ മുൻ ഏകാധിപതി ഹുസ്നി മുബാറക്കിെൻറ പാർട്ടി ആസ്ഥാനത്തിെൻറ ബാക്കി ഭാഗം അവിടെ കാണുന്നുണ്ട്. മൈതാനം അപ്പോഴേക്കും യുവജനങ്ങളുടെ സംഗമകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. ചത്വരത്തിന് അരികു പറ്റി ഞങ്ങൾ നടന്നുപോകുന്നതിനിടെ ഒരു ഗൈഡ് ൈകയിൽ കയറിപ്പിടിച്ചു.
നാളേക്കുള്ള ഒരുപാട് ടൂർ പാക്കേജുകൾ അദ്ദേഹം നിരത്തി. പിരമിഡ് ട്രിപ് ഉൾപ്പെടെയുള്ള പാക്കേജ് വിലപേശി ഉറപ്പിച്ചു. സമയം എട്ടു മണിയാവുന്നു- ക്രൂയിസ് ബോട്ട് ലക്ഷ്യമാക്കി നീങ്ങി. കൃത്യ സമയത്തുതന്നെ ബോട്ട് നീങ്ങിത്തുടങ്ങി. ആദ്യം ഇൗജിപ്ഷ്യൻ ഭക്ഷണങ്ങളുടെ കലവറയാണ് തുറന്നുതന്നത്. മൂക്കറ്റം അകത്താക്കി ഏമ്പക്കം വിട്ടിരിക്കുമ്പോഴാണ് കലാപരിപാടികൾ ആരംഭിച്ചത്. ബെല്ലി ഡാൻസും അറബി ഗാനങ്ങളും മുതൽ പാവാട ചുറ്റി വട്ടം കറങ്ങുന്ന തന്നൂറ ഡാൻസ് വരെ. പത്തുമണി ആകുമ്പോഴേക്കും കയറിയ സ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചു. നൈലിന് ശുഭരാത്രി നേർന്ന് ഞങ്ങൾ റൂമിലേക്ക്.
പിരമിഡിനുമുന്നിൽ സ്വയം മറന്ന്
അടുത്ത ദിവസം നേരത്തേതന്നെ ഉണർന്നു. കാരണമുണ്ട്, ഇന്ന് പിരമിഡുകൾ തേടി ഗിസ പട്ടണത്തിലേക്കുള്ള യാത്രയാണ്. ഹോട്ടലിൽനിന്ന് സൗജന്യമായി കിട്ടുന്ന ബ്രെഡ് -ജാം പ്രാതലും അകത്താക്കി ഏഴുമണിക്ക് തന്നെ പുറത്തിറങ്ങി. മുന്നിലെ റോഡിൽ ഗൈഡ് നിയോഗിച്ച ഡ്രൈവർ കാത്തുനിൽപ്പുണ്ടായിരുന്നു. ഈജിപ്തുകാർ പെട്ടെന്ന് ദേഷ്യംപിടിക്കുന്ന ആളുകളാണെന്ന് ഞങ്ങൾക്കൊരു മുൻധാരണയുണ്ടായിരുന്നു. അതിനെയെല്ലാം തിരുത്തിക്കുറിച്ചു അഹമ്മദ് എന്ന ഇൗ ചെറുപ്പക്കാരൻ.
തിരക്കേറിയ െകെറോ നഗരത്തിൽ ഡ്രൈവിങ് എന്നതൊരു അസാമാന്യ പ്രകടനം തന്നെയാണ്. ലക്കും ലഗാനുമില്ലാതെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള യാത്ര. നൈൽ നദി പിന്നിട്ട് ഏകദേശം അര മണിക്കൂർ സഞ്ചരിച്ചപ്പോൾ പിരമിഡിെൻറ തലയെടുപ്പ് കാണാൻ തുടങ്ങി. ഗിസ നഗരത്തിെൻറ അവശേഷിപ്പുകളിലൂടെ നീങ്ങി. ഒരുപാട് തകർന്ന വീടുകൾ, റോഡുകൾ....ഞങ്ങളുടെ കാറിനുപിറകെ ഓടുന്ന കുറെ ഗൈഡുകൾ.. അവസാനം ഒരു കടയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. ഇനി ഇവിടെനിന്ന് നിങ്ങൾ ടിക്കറ്റ് എടുക്കണം, നിങ്ങളുടെ ചോയ്സ് ആണ് നിങ്ങൾക്ക് വേണമെങ്കിൽ കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ സഞ്ചരിക്കാം. അതിനുള്ള ഒരു ടൂർ ഏജൻസിയിലാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. ഏതായാലും ഒരു കുതിരയും ഒരു ഒട്ടകവും ഉൾപ്പെടുന്ന പാക്കേജ് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്. പിരമിഡ് കാണാനുള്ള ടിക്കറ്റും അതിലുൾപ്പെട്ടിട്ടുണ്ടായിരുന്നു.
ഗിസ തെരുവോരങ്ങളും പിന്നിട്ട് മരുഭൂമിയിലേക്ക് പ്രവേശിച്ചു. ഇപ്പോൾ ദൂരെനിന്നുതന്നെ പിരമിഡുകൾ കാണാം... ഒരു ഫുൾ വ്യൂ ഫോട്ടോ എടുക്കാൻ വേണ്ടിയാണ് ഈ യാത്ര. ഒരു വിസ്മയകാഴ്ച പോലെ ഞങ്ങളുടെ മുന്നിൽ ഒമ്പതു പിരമിഡുകൾ!! പറയാൻ വാക്കുകളില്ല, വർണിക്കാൻ അക്ഷരങ്ങളുമില്ല എന്നവസ്ഥയായി. ഏതോ ഒരു ട്രാവലോഗിൽ, ഒരു പിരമിഡിനകത്തേക്ക് കയറാമെന്ന് വായിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അതിനു മുതിർന്നപ്പോൾ മുഹമ്മദ് നിരുത്സാഹപ്പെടുത്തി. കാരണം, ചെറിയ വിടവിലൂടെ അകത്തേക്ക് ഊഴ്ന്ന് ഇറങ്ങണമെന്നും ദുഷ്കരമായ ജോലിയാണെന്നും പറഞ്ഞ് അത് തടഞ്ഞു. അതിനോട് ചേർന്നുള്ള വാലി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. ക്ഷേത്രമെന്ന പേരുണ്ടെങ്കിലും തുറസ്സായ കുറെ ഒഴിഞ്ഞ മുറികളാണ് കാണാൻ കഴിഞ്ഞത്. പുറത്തിറങ്ങിയപ്പോഴാണ് ഭീമാകാരമായ പ്രതിമയായ ‘ഗ്രേറ്റ് സ്പിങ്സ്’ കണ്ടത്. ചുണ്ണാമ്പ് കല്ലിൽ കൊത്തിയുണ്ടാക്കിയ സിംഹത്തിെൻറ ഉടലും സ്ത്രീയുടെ മുഖവും ചേർന്ന ലോകത്തിലെ വലിയ പുരാതന പ്രതിമ. ഇതിനോട് മുഖം ചേർത്തുവെച്ച് ഒരു ചുംബന ഫോട്ടോയുമെടുത്ത് ഒരിക്കൽകൂടി പിരമിഡിന് വലംവെച്ച് തിരികെ ഇറങ്ങി .
അവിടെയുമുണ്ട് ദുബൈയുടെ സഹായ ഹസ്തം
കാർ കുറച്ചു ദൂരം പിന്നിട്ട് ഒരു മ്യൂസിയം ബിൽഡിങ്ങിന് മുന്നിൽ കൊണ്ടുപോയി നിർത്തി. പാപ്പിറസ് മ്യൂസിയം! ഇന്നുപയോഗിക്കുന്ന പേപ്പർ, ഈ പാപ്പിറസ് എന്നതിൽനിന്ന് രൂപം കൊണ്ടതാണ്. ഞാങ്ങണ മരത്തിെൻറ തണ്ടുകൾ വെള്ളത്തിലിട്ട് ദിവസങ്ങൾക്ക് ശേഷം പാളി പോലെയാക്കി അതെടുത്ത് ഉണക്കിയെടുത്ത് ദിവസങ്ങളോളം കാത്തിരുന്നാണ് പേപ്പർ രൂപത്തിലേക്ക് എത്തുന്നത്. അതെല്ലാം നടന്നുകണ്ട് അവിടെനിന്ന് ഒരു പേപ്പർ പ്ലോട്ടും വാങ്ങി തിരികെ കാറിൽ കയറി.
ഇനി ഞങ്ങളുടെ ലക്ഷ്യസ്ഥാനം ഇസ്ലാമിക് െകെറോ. ഈ നഗരത്തിെൻറ പ്രധാനപ്പെട്ട രണ്ടു ഭാഗമാണ് ഇസ്ലാമിക് െകെറോയും കോപ്റ്റിക് െകെറോയും. പുരാതന ഇസ്ലാമിക സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന കെട്ടിടസമുച്ചയ മേഖലയെ ഇസ്ലാമിക് െകെറോ എന്നും ക്രിസ്തീയ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന മേഖലയെ കോപ്റ്റിക് െകെറോ എന്നുമാണ് വേർതിരിക്കുന്നത്.
100 ഈജിപ്ഷ്യൻ പൗണ്ടിന് ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. ഗേറ്റിലെ ടിക്കറ്റ് നോക്കുന്ന പെൺകുട്ടിക്ക് ഞങ്ങൾ ഇന്ത്യക്കാരാണെന്നു പറഞ്ഞപ്പോൾ വലിയ ആദരവ്! ബോളിവുഡ് സിനിമകളെ പറ്റി വാതോരാതെ സംസാരിച്ചു. ഞങ്ങൾ സിറ്റാഡൽ എന്ന പേരുള്ള കെട്ടിടത്തിലേക്ക് കാലെടുത്തുവെച്ചു. ഇസ്ലാമിെൻറ സുവർണ കാലഘട്ടങ്ങളിൽ ഒന്നായ സലാഹുദ്ദീൻ അയ്യൂബിയുടെ ഭരണ സിരാകേന്ദ്രമായിരുന്നു ഇവിടം. എങ്ങും ആധുനിക ശൈലിയിലുള്ള കെട്ടിടങ്ങളും പള്ളികളും. 1800കളിൽ അവിടത്തെ ഗവർണർ ആയിരുന്ന മുഹമ്മദലി പാഷ പണിത മുഹമ്മദ് അലി മസ്ജിദും അടുത്തുതന്നെയുണ്ട്. നടന്നു ചെന്നെത്തിയത് വിശാലമായ മാളികപ്പുരയിലാണ്. അവിടെനിന്ന് നോക്കിയാൽ ഇസ്ലാമിക് െകെറോ നഗരം മുഴുവനായിട്ട് ആസ്വദിക്കാൻ കഴിയും. ആകെ മഞ്ഞനിറത്തിലാണ് കെട്ടിടങ്ങളുടെ വശ്യത അനുഭവപ്പെട്ടത്. വ്യോമസേന മ്യൂസിയത്തിനുപുറത്ത് ഒരുപാട് പഴയ ആയുധങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.
ഇനി ഞങ്ങൾക്ക് പോകേണ്ടത് ഇമാം ശാഫിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന ഇടത്തേക്കാണ്. പക്ഷേ, ഗൈഡിന് അങ്ങോട്ടുള്ള വഴി അറിയില്ല. ഏതായാലും ഗൂഗിൾ മാപ്പ് ഓൺ ചെയ്തു ഞങ്ങൾ കുതിച്ചു. എത്തിപ്പെട്ടത് ആളൊഴിഞ്ഞ അനേകം പൊളിഞ്ഞുവീഴാറായ വീടുകൾ മാത്രമുള്ള ഒരു സ്ഥലത്ത്. ഭാഗ്യത്തിന് ഒരു അപ്പൂപ്പൻ വേച്ചുവേച്ചു നടന്നുവരുന്നുണ്ടായിരുന്നു. ഗൈഡ് ഓടിച്ചെന്നു കാര്യം തിരക്കിയപ്പോഴാണ് ഞങ്ങളെ ഗൂഗിൾ പറ്റിച്ചത് മനസ്സിലായത്. പിന്നെ അപ്പൂപ്പൻ പറഞ്ഞ വഴിയിലൂടെ ഇടത്തോട്ടും വലത്തോട്ടും പോയി അവസാനം ‘ടോമ്പ് ഓഫ് ശാഫി’ എന്ന ബോർഡ് വെച്ച കെട്ടിടത്തിനടുത്ത് എത്തി. പുനരുദ്ധാരണ പ്രവൃത്തി കാരണം ഭാഗികമായി അടച്ചിട്ടുണ്ട്.
അടുത്ത ലക്ഷ്യം ഖാൻ എൽ ഖലീലി എന്ന വ്യാപാരകേന്ദ്രമാണ്. പക്ഷെ, വിശപ്പിെൻറ വിളിയാളം കേൾക്കുന്നുണ്ട്. ഒരു ഈജിപ്ഷ്യൻ വിഭവം കഴിക്കാൻ മനസ്സിൽ ആഗ്രഹം തോന്നി. അഹമ്മദിനോട് തന്നെ ചോദിച്ചറിഞ്ഞു. അവനിഷ്ടപ്പെട്ട വിഭവം ലഭിക്കുന്ന ഒരു റസ്റ്റാറൻറിനു മുന്നിൽ കാർ നിർത്തി. അരി കൊണ്ടുണ്ടാക്കിയ ചോറിലേക്ക് പലവിധ ബീൻസും മറ്റു വ്യഞ്ജനങ്ങളും ചേർത്തുണ്ടാക്കിയ ‘കൊഷാരി’ എന്നൊരു വിഭവമാണ് കഴിച്ചത്. വലിയ രുചിയൊന്നും തോന്നിയില്ലെങ്കിലും വയർ നിറഞ്ഞു. ഖാൻ അൽ ഖലീൽ ലക്ഷ്യമാക്കി നീങ്ങുേമ്പാൾ റോഡ് സൈഡിൽ വലിയൊരു കെട്ടിടം കാണാനിടയായി. ലോകത്തിലെ വിഖ്യാത സർവകലാശാലകളിൽ ഒന്നായ അൽ അസ്ഹർ യൂനിവേഴ്സിറ്റി ആയിരുന്നു.
‘ഖാൻ അൽ കലീലി’ 14ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടകൊണ്ട് ചുറ്റപ്പെട്ട ഒരു വ്യാപാര കേന്ദ്രമാണ്! ഉപ്പുതൊട്ട് കർപ്പൂരം വരെ അവിടെ ലഭിക്കുമെന്നാണ് അറിവ്. ഞങ്ങൾ കണ്ട ഏരിയയിൽ മുഴുവനും സ്ത്രീകളായിരുന്നു കച്ചവടക്കാരും ഉപഭോക്താക്കളും. കണ്മുന്നിൽ കണ്ട കരിമ്പു ജ്യുസ് വിൽക്കുന്ന കടയിൽ നല്ല തിരക്ക് കാണുന്നു. ഞങ്ങളും അകത്തേക്ക് കയറി ജ്യുസ് കുടിച്ചു. വെറും ഒരു പൗണ്ടിന് വയറുനിറയെ ശുദ്ധമായ കരിമ്പിൻ ജ്യുസ്! തെരുവിനോട് ചേർന്ന് തന്നെയാണ് െകെറോയിലെ പ്രസിദ്ധമായ സയ്യിദ് അൽ ഹുസൈൻ മസ്ജിദ്. 1100 കളിൽ നിർമിച്ചതാണെന്ന് രേഖകളിൽ കാണുന്നു. പ്രവാചക പൗത്രൻ ഹുസൈൻെൻറ ഖബറിടം അവിടെയാെണന്നതാണ് ആ മസ്ജിദിനെ കൂടുതൽ പ്രശസ്തമാക്കുന്നത്. ഖുർആൻ പാരായണം കൊണ്ടും പ്രവാചകകീർത്തനം കൊണ്ടും മുഖരിതം ആയിരുന്നു അവിടം!!
നേരം നന്നേ ഇരുട്ടിയിരിക്കുന്നു. വിശ്വവനിതയായ നഫീസത്തുൽ മിസ്റിയയുടെ ഖബറിടം കൂടി കണ്ടാലേ ഇസ്ലാമിക് െകെറോ സന്ദർശനം പൂർത്തിയാകുവെന്ന് ബോധ്യമുള്ളതിനാൽ ഉബർ ടാക്സി പിടിച്ച് ആ പള്ളി ലക്ഷ്യമാക്കി നീങ്ങി. സിറ്റാഡൽ ഏരിയയുടെ അടുത്തുകൂടിയാണ് പോകുന്നത്. വർണത്തിൽ കുളിച്ചുകിടക്കുന്ന ആ കെട്ടിടം പകൽ കണ്ടതിനേക്കാളും കൂടുതൽ ഭംഗിയുണ്ട്. സയ്യിദ നഫീസ പള്ളിക്കകത്ത് അധികം തിരക്കുണ്ടായിരുന്നില്ല. പ്രാർഥനയിലാണ് അവിടെയുള്ളവരധികവും. അതിനിടയിൽ ഒരാൾ എനിക്ക് പേരക്ക നൽകി.
തഹ്രീർ ചത്വരത്തിലേക്കുള്ള ബസിൽ അവിടെ കണ്ട സ്വദേശിയുടെ സഹായത്തോടെ കയറിപ്പറ്റി. കവലകളും ഊടുവഴികളും പിന്നിട്ട് തഹ്രീർ ചത്വരത്തിനടുത്ത് ബസ് കണ്ടക്ടർ ഇറക്കിവിട്ടു. സമയം 11 മണി കഴിഞ്ഞുകാണും. പക്ഷേ, നഗരം ഉണർന്നുതന്നെയിരിക്കുന്നു. ഭക്ഷണശാലകളാണ് കൂടുതൽ സജീവം. മെല്ലെ വഴിയോരം പിടിച്ച് റൂമിലേക്ക് നടന്നു.
ഉണർന്നത് െകെറോവിലെ അവസാനത്തെ ദിവസം എന്ന ഓർമ്മപ്പെടുത്തലോടെയാണ്. െകെറോയുടെ മറ്റൊരു മുഖമായ കോപ്റ്റിക് െകെറോയാണ് ലക്ഷ്യം. മെട്രോ ട്രെയിൻ സ്റ്റേഷനിൽനിന്ന് ഒരു പൗണ്ടിന് ടിക്കറ്റെടുത്ത് ‘മാർ ഗിർഗിസ്’ സ്റ്റേഷനിലിറങ്ങി. ആദ്യം കണ്ടത് രാജ്യത്തെ ആദ്യ മുസ്ലിം പള്ളിയായ അംറുബിനുൽ ആസ് മസ്ജിദ് ആണ്. എ.ഡി 650ൽ നിർമിച്ച പള്ളി പുരാതന തനിമയിൽതന്നെയാണ് നിലകൊള്ളുന്നത്. അകത്തു വിദ്യാർഥികൾ പഠിക്കാൻ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങളും കാണാമായിരുന്നു.
അതിനടുത്തുതന്നെയാണ് ബെൻ ഇസ്ര സിനഗോഗ്. ആദ്യമായാണ് ഒരു ജൂതദേവാലയത്തിലേക്ക് പ്രവേശിക്കുന്നത്. അധികമാരും പ്രാർഥിക്കാൻ എത്തിയിട്ടില്ല. ഒരു വലിയ ഗ്രന്ഥം നടുവിലായി കാണാൻ കഴിഞ്ഞു. ‘വിശുദ്ധ തോറ’യാണെന്ന് ഒരു സ്ത്രീ പറഞ്ഞു. അതിനോട് അരികെതന്നെ ക്രിസ്തീയ ദേവാലയങ്ങളുടെയും സെമിത്തേരികളുടെയും നിരയും.
ഹാങ്ങിങ് ചർച്ച് ആയിരുന്നു അടുത്ത ലക്ഷ്യം! കുറച്ച് പടികൾ കയറി വേണം ചർച്ചിലെത്താൻ. ദൂരെനിന്ന് നോക്കിയാൽ തൂങ്ങിക്കിടക്കുന്നതായി തോന്നിക്കും. അതിനാലാണ് ഇതിനു ഹാങ്ങിങ് ചർച്ച് എന്ന പേര് വന്നത്. തിരിച്ചിറങ്ങി കയറിയത് സെൻറ് ഗ്രീക്ക് ചർച്ചിലേക്കാണ്. അവിടെയും അറബിയിലുള്ള പ്രാർഥനകൾ നടക്കുന്നുണ്ട്. ഏകദേശം ഉച്ചയോടടുക്കുന്നു. മസ്ജിദും സിനഗോഗും ചർച്ചും ഒരേ വഴിയിൽ നിലകൊള്ളുകയും അവിടത്തെ വിശ്വാസികൾ മുഴുവൻ പരസ്പരം സ്നേഹത്തോടെ വർത്തിക്കുകയും ചെയ്യുന്ന സഹിഷ്ണുതയുടെ ലോകം സാധ്യമാവെട്ട എന്ന് പടച്ചതമ്പുരാനോട് പ്രാർഥിച്ച്, നൈലിനോട് സലാം പറഞ്ഞ് ഞങ്ങൾ തിരികെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
