അഞ്ച് മിനിറ്റിൽ പുട്ട് റെഡി; കിടിലൻ പുട്ടുപൊടിയുമായി ഈസ്റ്റേൺ
text_fieldsദുബൈ: യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് ഇനി പുട്ടു ചുട്ട് നേരം കളയണ്ട. വെറും അഞ്ചു മിനിറ്റിനുള്ളിൽ രുചികരമായ നാടൻപുട്ട് തയാറാക്കാനുള്ള ഒരു കിടിലൻ പുട്ടുപൊടി അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഭക്ഷ്യവിതരണ ബ്രാൻഡായ ഈസ്റ്റേൺ. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഗൾഫുഡ് പ്രദർശന മേളയിലാണ് വ്യത്യസ്തമായ പുട്ടുപൊടി ഈസ്റ്റേൺ സന്ദർശകർക്ക് പരിചയപ്പെടുത്തിയത്. യാതൊരു പ്രിസർവേറ്റീവുകളും ചേർക്കാതെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് രുചികരവും ആരോഗ്യകരവുമായ നാടൻ പുട്ടുപൊടി തയാറാക്കിയിരിക്കുന്നത്.
ചെറു പാക്കറ്റുകളിൽ ലഭ്യമാവുന്ന പുട്ടുപൊടി ഉപയോഗിച്ച് ചുരുങ്ങിയത് മൂന്നുപേർക്ക് കഴിക്കാവുന്ന പുട്ട് തയാറാക്കാനാവും. അതിനായി ആദ്യം ഒരു ബൗളിൽ ആവശ്യത്തിന് പുട്ടുപൊടി എടുക്കണം. ശേഷം അതിലേക്ക് സമാസമം തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് അൽപനേരം മിക്സ് ചെയ്യണം. തുടർന്ന് മൂന്നു മിനിറ്റ് മാറ്റിവെക്കുന്നതോടെ രുചികരമായ പുട്ടു റെഡി. ചിരവിയ തേങ്ങ ആവശ്യത്തിന് ഇട്ടുനൽകി ഏത് രൂപത്തിൽ വേണമെങ്കിലും പുട്ടു നിർമിക്കാം.
പരമ്പരാഗത രീതിയിൽ പുട്ടുകുറ്റിയിൽ പുട്ട് ചുടാനെടുക്കുന്ന സമയത്തിന്റെ നാലിലൊന്ന് പോലും ഈസ്റ്റേണിന്റെ അഞ്ചു മിനിറ്റ് പുട്ടുപൊടിക്ക് വേണ്ട. അധികം വൈകാതെ പുട്ടുപൊടി യു.എ.ഇ ഉൾപ്പെടെയുള്ള വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഈസ്റ്റേൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

