അറബ് ഹെൽത്തിന് ദുബൈയിൽ പ്രൗഢ തുടക്കം
text_fieldsദുബൈ: ആരോഗ്യ സംരക്ഷണരംഗത്ത് അതിനൂതനമായ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന അറബ് ഹെൽത്ത് എകിസിബിഷന്റെ 49ാമത് എഡിഷന് ദുബൈയിൽ പ്രൗഢമായ തുടക്കം. വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച എക്സിബിഷൻ യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
മിഡിൽ ഈസ്റ്റ്, മെന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പ്രദർശനമാണ് അറബ് ഹെൽത്ത് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണത്തോടെയുള്ള മാർഗനിർദേശത്തിന് കീഴിലാണ് ദുബൈയിലെ ആരോഗ്യ സംരക്ഷണമേഖല സജ്ജമായത്.
മികച്ച അടിസ്ഥാനസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചും വിദഗ്ധരായ പ്രതിഭകളെ ആകർഷിക്കുന്നതിലൂടെയും ആരോഗ്യ മേഖല കൂടുതൽ ശക്തി പ്രാപിക്കുകയാണ്.
ശക്തമായ പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ ഏറ്റവും മികച്ച രോഗീകേന്ദ്രീകൃതമായ ആരോഗ്യ സംരക്ഷണം നൽകുന്നതിലാണ് ദുബൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷ കേന്ദ്രങ്ങളിൽ ഒന്നായി ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ഒന്നുവരെ നടക്കുന്ന എക്സിബിഷനിൽ 40ലധികം രാജ്യാന്തര പവിലിയനുകളിലായി 3,400 പ്രദർശകരാണ് പങ്കെടുക്കുന്നത്. 180 രാജ്യങ്ങൾ മേളയിൽ പ്രദർശനത്തിനെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

