ഒപ്പമുണ്ട് പ്രവാസലോകം; മീഡിയവണ്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പ്രതിഷേധമിരമ്പി
text_fields‘ഒപ്പമുണ്ട് പ്രവാസലോകം’പേരിൽ അബൂദബിയില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തവര്‍ മീഡിയവണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍
അബൂദബി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും തുറന്നുപറയുന്നവരുടെ നാവ് അരിയുകയും ചെയ്യുന്ന ഭരണകൂട നടപടിക്കെതിരെ പ്രതിഷേധവുമായി പ്രവാസിസമൂഹം. 'ഒപ്പമുണ്ട് പ്രവാസ ലോകം'മീഡിയവണ്‍ ഐക്യദാര്‍ഢ്യ സംഗമത്തിലാണ് ചാനല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമിരമ്പിയത്.
യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ നടന്ന പരിപാടിയിൽ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നുകയറുകയും നീതിയുക്തമായ മാധ്യമപ്രവര്‍ത്തനത്തിന് തടയിടുകയുമാണ് മീഡിയവണ്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റെല്ലാ വിയോജിപ്പുകള്‍ക്കുമിടയിലും എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവുമായി മീഡിയവണിനൊപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയവണ്‍ കോഓഡിനേഷന്‍ കമ്മിറ്റി പ്രതിനിധി എന്‍.കെ. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.
പ്രവാസി ഇന്ത്യ യു.എ.ഇ. പ്രസിഡന്‍റ് അബ്ദുല്ല സവാദ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, കെ.എസ്.സി പ്രസിഡന്‍റ് കൃഷ്ണകുമാര്‍, ഇന്‍കാസ് പ്രസിഡന്‍റ് യേശുശീലന്‍, കെ.എം.സി.സി പ്രസിഡന്‍റ് ഷുക്കൂര്‍ അലി, ശക്തി തിയറ്റര്‍ പ്രതിനിധി അഡ്വ. സലീം ചോലമുഖം, ഇസ്ലാഹി സെന്‍റര്‍ ആക്ടിങ് സെക്രട്ടറി അഷ്‌കര്‍ നിലമ്പൂര്‍, മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എം.സി.എ. നാസര്‍, അബൂദബി മുസഫ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍, അഡ്വ. ഷഹീന്‍, കേരള സാംസ്‌കാരിക വേദി അബൂദബി കോഓഡിനേറ്റര്‍ ഷറഫുദ്ദീന്‍ മുളങ്കാവ്, പ്രവാസിശ്രീ മുസഫ കോഓഡിനേറ്റര്‍ ഡോ. ബില്‍ഖീസ്, താഹിര്‍, യൂത്ത് ഇന്ത്യ യു.എ.ഇ. പ്രസിഡന്‍റ് തൗഫീഖ് മമ്പാട്, മീഡിയവണ്‍ കോഓഡിനേഷന്‍ കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ്, എന്‍ജിനീയര്‍ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലക്കാഡുകള്‍ ഉയര്‍ത്തി 'സ്റ്റാന്‍ഡ് വിത്ത് മീഡിയവണ്‍'ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

