‘സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകളുടെ ദുഷ്ടലാക്ക് തിരിച്ചറിയണം’
text_fieldsദുബൈ: നൂറ്റാണ്ടുകള്‍ പിന്നിട്ട ധീരമായ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കേരളീയ സമൂഹം ആർജിച്ചെടുത്ത അതിമഹത്തായ സാമുദായിക ഐക്യവും മതേതര പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങളും ഓരോ മലയാളിയുടേയും പൈതൃക സ്വത്താണെന്നും അതില്‍ വിള്ളല്‍ വരുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു. ഇന്ത്യക്കും ലോകത്തിനും മാതൃകയായ കേരളത്തിന്റെ അഭിമാനമായ സാമൂഹികഘടനയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഇത്തരം പ്രസ്താവനകളെ ശക്തമായി അപലപിച്ചു. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് നവോത്ഥാന സമിതിയില്‍നിന്ന് രാജിവെക്കുകയും ശേഷമുണ്ടായ വിവാദങ്ങളില്‍ പക്വമായ നിലപാട് വിശദീകരിക്കുകയും ചെയ്ത ഡോ. ഹുസൈന് മടവൂരിനെ അഭിനന്ദിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന എല്ലാവര്ക്കും എത്രയും വേഗം രോഗമുക്തി നേടാൻ കഴിയട്ടെ എന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡന്റ് എ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. ഹുസൈന്, ട്രഷറര്‍ വി.കെ. സക്കരിയ, അബ്ദുല്‍ വാഹിദ് മയ്യേരി, മുഹമ്മദ് അലി പാറക്കടവ്, അലി അക്ബര്‍ ഫാറൂഖി, ഫൈസല്‍ അന്‍സാരി, അഷ്റഫ് പേരാമ്പ്ര, എക്സല്‍ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
