നബിദിനം; ഷാർജയിലും അബൂദബിയിലും സൗജന്യ പാർക്കിങ്
text_fieldsദുബൈ: നബിദിനം അവധി പ്രമാണിച്ച് ഈ മാസം 29ന് അബൂദബിയിലും 28, 29 തീയതികളിൽ ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു.വെള്ളിയാഴ്ച മുതൽ ശനിയാഴ്ച രാവിലെ 7.59 വരെയാണ് അബൂദബിയിൽ സൗജന്യ വാഹന പാർക്കിങ് അനുവദിച്ചിരിക്കുന്നതെന്ന് അബൂദബി സമഗ്ര ഗതാഗതകേന്ദ്രം (ഐ.ടി.സി) അറിയിച്ചു.
അന്നേ ദിവസം മുസഫയിലെ എം18 ട്രക്ക് പാർക്കിങ് ലോട്ടുകളും സൗജന്യമായി ഉപയോഗിക്കാം. എന്നാൽ, അനുവദനീയമല്ലാത്ത ഇടങ്ങളിലും റസിഡൻഷ്യൽ മേഖലകളിലും രാത്രി ഒമ്പതു മുതൽ രാവിലെ എട്ടു വരെ പാർക്കിങ് അനുവദിക്കില്ല. വെള്ളിയാഴ്ച ദർബ് ടോൾ ഗേറ്റിലും വാഹനങ്ങൾക്ക് ടോൾ ഈടാക്കില്ല.
പൊതുഗതാഗത സംവിധാനങ്ങൾ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും നേരത്തേ നിശ്ചയിച്ചപോലെതന്നെ സർവിസ് നടത്തും.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് നബിദിനത്തിൽ അവധിയായിരിക്കും. www.itc.gov.ae, താം പ്ലാറ്റ്ഫോം, ദർബ്, ദർബി സ്മാർട്ട് ആപ്പുകൾ എന്നിവയിൽ ഐ.ടി.സി സേവനങ്ങൾ ലഭ്യമാകും.
ഷാർജയിൽ 28നും 29നും ഷാർജ മുനിസിപ്പാലിറ്റി സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലൂപാർക്കിങ് ബോർഡുകളുള്ള ഏഴുദിന പാർക്കിങ് മേഖലകളിൽ അവധി ദിനങ്ങളിലും സൗജന്യ പാർക്കിങ് അനുവദിക്കില്ല.

