Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയുടെ ഭാവി...

ദുബൈയുടെ ഭാവി രൂപപ്പെടുത്താൻ 1800 കോടി ദിർഹമിന്‍റെ പദ്ധതികൾ

text_fields
bookmark_border
ദുബൈയുടെ ഭാവി രൂപപ്പെടുത്താൻ 1800 കോടി ദിർഹമിന്‍റെ പദ്ധതികൾ
cancel

ദുബൈ: ദുബൈ നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗരത്തിന്‍റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനുമായി 1800 കോടി ദിർഹം ചെലവ് വരുന്ന പുതിയ എട്ട് വമ്പൻ പദ്ധതികൾക്ക് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. സംസ്കാരം, വ്യാപാരം, അടിസ്ഥാന സൗകര്യങ്ങൾ, സ്വദേശിവൽക്കരണം, ധനകാര്യം, നിക്ഷേപം, നഗരാസൂത്രണം, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളെ ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയാറാക്കിയിട്ടുള്ളത്.

‘വിജയത്തിന്റെ പുതിയ അധ്യായങ്ങൾ എഴുതുന്നത് ദുബൈ തുടരുകയാണ്. ആകാശംമുട്ടുന്ന ആഗ്രഹങ്ങളുടെയും നേട്ടങ്ങളുടെയും പര്യായമായി മാറിയ ദുബൈ, വാക്കുകളെ പ്രവൃത്തിപഥത്തിൽ എത്തിച്ചുകൊണ്ടാണ് അത് സാധ്യമാക്കുന്നത്. യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ദീർഘവീക്ഷണത്തിന് കീഴിൽ, ഒരിക്കലും നിശ്ചലമാകാത്ത ഒരു നഗരമാണ് ഞങ്ങൾ നിർമിക്കുന്നത്. ഭാവിയെക്കൂടി മനസ്സിൽകണ്ടാണ് വർത്തമാനകാലത്തിന് വേണ്ടി മികച്ചത് നൽകുന്നത്’ -ശൈഖ് ഹംദാൻ പറഞ്ഞു. എംപയർ ടവേഴ്സിൽ നടന്ന യോഗത്തിൽ ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തു.

അംഗീകാരം ലഭിച്ച എട്ടു പദ്ധതികൾ

1. ദുബൈ കൾച്ചറൽ സ്ട്രാറ്റജി 2033

ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ് ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് ഈ സാംസ്കാരിക പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയുടെ പൈതൃകത്തിൽ ഉറച്ചുനിന്നുകൊണ്ട് ദുബൈയെ ആഗോള സാംസ്കാരിക കേന്ദ്രമാക്കുകയാണ് ലക്ഷ്യം. 6,000ത്തിലധികം തദ്ദേശീയ പ്രതിഭകളെ പിന്തുണക്കുന്നതോടൊപ്പം അത്രതന്നെ അന്താരാഷ്ട്ര കലാകാരന്മാരെ ആകർഷിക്കുകയും ചെയ്യും. സാംസ്കാരിക മേഖലയുടെ ജി.ഡി.പി സംഭാവന 5.4 ശതമാനം ആയി ഉയർത്താനും സാംസ്കാരിക ആസ്തികൾ 200 ശതമാനത്തിലധികം വർധിപ്പിക്കാനും ഉന്നമിടുന്നു.

2. ദുബൈ കസ്റ്റംസ് സ്ട്രാറ്റജി 2030

വ്യാപാരം കൂടുതൽ സുഗമമാക്കുക, സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക, സുരക്ഷയും കസ്റ്റംസ് നിയമപാലനവും മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ആഗോള വ്യാപാര കേന്ദ്രമെന്ന പദവി ദുബൈയുടെ കൂടുതൽ സുരക്ഷിതമാക്കും.

3. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് വികസന പദ്ധതി

ശൈഖ് സായിദ് റോഡിന് സമാന്തരമായി നിർമിക്കുന്ന സുപ്രധാന പാതയാണിത്. ഇരുവശങ്ങളിലേക്കും മൂന്ന് വരികൾ വീതമുള്ള 15 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഇതിന്റെ ഭാഗമായി വരും. 2027ന്‍റെ മൂന്നാം പാദത്തിൽ ആരംഭിച്ച് 2030ന്‍റെ അവസാന പാദത്തിൽ പൂർത്തിയാകും. ഗതാഗത തടസ്സം ഉണ്ടാക്കാത്ത ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും നിർമാണം. തിരക്കേറിയ സമയങ്ങളിൽ ശൈഖ് സായിദ് റോഡിലെ യാത്രാ സമയം 51 ശതമാനം കുറയുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. മണിക്കൂറിൽ 9,000 വാഹനങ്ങൾ കടന്നുപോകാൻ കഴിയും വിധത്തിൽ റോഡിന്‍റെ ശേഷി വർധിപ്പിക്കും. അൽ ബർഷ, അൽ ഖൂസ്, ബിസിനസ് ബേ, മെയ്‌ദാൻ എന്നീ മേഖലകളിലുള്ള 2.6 ദശലക്ഷം ആളുകൾക്ക് ഇത് ഉപകാരപ്പെടും.

4. 'ദുബൈ പോപ്പുലേഷൻ നൗ

ദുബൈ ഡിജിറ്റൽ അതോറിറ്റിയുടെ കീഴിലുള്ള ദുബൈ ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് നയിക്കുന്ന പദ്ധതിയാണിത്. എ.ഐയും മറ്റു സാങ്കേതിക സൗകര്യങ്ങളും ഉപയോഗിച്ചുള്ള ജനസംഖ്യാ സെൻസസ് ഈ സംവിധാനം വഴി ലഭ്യമാക്കും. 2025 അവസാനത്തോടെ ദുബൈയിലെ ജനസംഖ്യ 4.58 ദശലക്ഷത്തിൽ എത്തിയിരുന്നു. 2024നെ അപേക്ഷിച്ച് 7.5 ശതമാനം വർധനയാണുള്ളത്. ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവയിൽ കൃത്യമായ ആസൂത്രണത്തിന് ഈ ഡേറ്റ സഹായിക്കും.

5. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവത്കരണം

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 'ദുബൈ എജ്യുക്കേഷൻ സ്ട്രാറ്റജി 2033'-ന്റെ ഭാഗമായി 2033ഓടെ 3,000 സ്വദേശികളെ ഈ മേഖലയിൽ നിയമിക്കാൻ ലക്ഷ്യമിടുന്നു. അധ്യാപക യോഗ്യതക്കുള്ള പ്രത്യേക അക്കാദമിയും വിരമിച്ച സ്വദേശികൾക്ക് വീണ്ടും ജോലി നൽകാനുള്ള പദ്ധതിയുമൊക്കെ ഇതിലുണ്ട്.

6. ദുബൈ ഇൻവെസ്റ്റർ രജിസ്റ്റർ

ദുബൈയിൽ നിക്ഷേപം നടത്തുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായുള്ള ഏകീകൃത രജിസ്റ്ററാണിത്. ദുബൈ ഇക്കണോമിക് അജണ്ട (ഡി 33) ലക്ഷ്യമിടുന്ന 65000 കോടി ബില്യൺ ദിർഹമിന്റെ വിദേശ നിക്ഷേപത്തെ ഈ പദ്ധതി പിന്തുണക്കുന്നു. ഇതിലൂടെ കമ്പനികൾക്ക് ഓരോ ഫ്രീ സോണുകളിലും വെവ്വേറെ രജിസ്റ്റർ ചെയ്യാതെ ഒരു രജിസ്ട്രേഷൻ വഴി ദുബൈയിൽ ഉടനീളം പ്രവർത്തിക്കാം.

7. വിഷ്വൽ ഐഡന്റിറ്റി

ദുബൈയിലെ വിലാസ ബോർഡുകൾക്ക് എമിറേറ്റിന്റെ സവിശേഷമായ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന പുതിയ രൂപഭംഗി നൽകും. യാത്രക്കാർക്ക് വഴിയറിയാനും വിലാസങ്ങൾ കണ്ടെത്താനും ഇത് കൂടുതൽ എളുപ്പമാക്കും. 2029ഓടെ 186 പ്രദേശങ്ങളിൽ ഇത് പൂർണമായി നടപ്പാക്കും.

8. സെന്റർ ഫോർ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഇൻ ഇസ്ലാമിക് ഫിനാൻസ്

ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഡി.ഐ.എഫ്.സി) മേൽനോട്ടത്തിൽ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്. ഇസ്ലാമിക് ഫിൻടെക് മേഖലയിൽ ദുബൈയെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ മേഖലയിലെ വിപണി 2030ഓടെ 9.31 ട്രില്യൺ ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇസ്‌ലാമിക് ഫിനാൻസ് ഇന്നൊവേഷൻ ചലഞ്ച്, ഇസ്‌ലാമിക് ബാങ്കുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമായുള്ള ഇന്നൊവേഷൻ പ്ലാറ്റ്‌ഫോം, 2026 നവംബർ നാലിന് 'ഫ്യൂച്ചർ ഇസ്ലാമിക് ഫിനാൻസ് ഫോറം' എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 2031ഓടെ 3,000ത്തിലധികം ട്രെയിനികൾക്ക് ഡി.ഐ.എഫ്.സി അക്കാദമി വഴി പരിശീലനം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Projects worth 18 billion dirhams to shape the future of Dubai
Next Story