Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഫഷനലുകൾ യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

text_fields
bookmark_border
പ്രഫഷനലുകൾ യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പഠന റിപ്പോർട്ട്
cancel

ദുബൈ: ദീർഘകാലം യു.എ.ഇയിൽ തന്നെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം പ്രഫഷനലുകളുമെന്ന് പഠന റിപ്പോർട്ട്. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പുതിയ തൊഴിൽവിപണിയിൽ പിടിച്ചുനിൽക്കാൻ അനിവാര്യമായ പ്രഫഷനൽ സൗഹൃദങ്ങളും നെറ്റ്‌വർക്കിങ്ങും കെട്ടിപ്പടുക്കാൻ പ്രവാസികളിൽ പലരും ഇന്നും മടിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രമുഖ പ്രഫഷനൽ നെറ്റ്‌വർക്കിങ് തൊഴിൽ ദാദാക്കളായ ‘ലിങ്ക്ഡ്ഇൻ’ യു.എ.ഇയിലെ പ്രഫഷനലുകൾക്കിടയിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകൾ.

യു.എ.ഇയിലെ പ്രഫഷനലുകളിൽ 91 ശതമാനം പേരും അടുത്ത കുറച്ചു വർഷത്തേക്കെങ്കിലും രാജ്യത്ത് തുടർന്ന് ജീവിക്കാനും ജോലി ചെയ്യാനും താൽപര്യപ്പെടുന്നവരാണ്. 66 ശതമാനവും ഇവിടെത്തന്നെ തുടരുമെന്ന് ഉറപ്പിച്ചു പറയുന്നു. എ.ഐ അടക്കമുള്ള സാങ്കേതിക മുന്നേറ്റങ്ങളുടെ കാലത്ത് കരിയർ വളർച്ചക്ക് മികച്ചൊരു പ്രഫഷനൽ നെറ്റ്‌വർക്ക് ആവശ്യമാണെന്ന് 96 ശതമാനം പേരും സമ്മതിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഭൂരിഭാഗത്തിനും കഴിയുന്നില്ല. ലിങ്ക്ഡ്ഇൻ പോലുള്ള ഇടങ്ങളിൽ കരിയർ വിവരങ്ങൾ വെറുതെ സ്ക്രോൾ ചെയ്ത് വായിച്ചുനോക്കുകയല്ലാതെ, ചർച്ചകളിൽ ഇടപെടാനോ അഭിപ്രായങ്ങൾ പങ്കുവെക്കാനോ 74 ശതമാനം പേരും മുന്നോട്ടുവരുന്നില്ല.

പ്രഫഷനൽ ബന്ധങ്ങൾ എങ്ങനെ വളർത്തിയെടുക്കണമെന്നതിൽ കൃത്യമായ മാർഗനിർദേശം ലഭിച്ചിട്ടില്ലെന്ന് അഭിപ്രായമുള്ളവരാണ് പകുയിതിയിലധികം പേരും. വ്യക്തിപരമായി പരിചയമില്ലെങ്കിൽ പോലും, തൊഴിൽപരമായ സഹായം ചോദിച്ചാൽ അവരെ സഹായിക്കാനോ പ്രതികരിക്കാനോ തയാറാണെന്ന് 86 ശതമാനം പേരും സാക്ഷ്യപ്പെടുത്തി.

മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ വൈദഗ്ധ്യവും അനുഭവസമ്പത്തുമാണ് അനിവാര്യമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, കരുത്തുറ്റ പ്രഫഷനൽ നെറ്റ്‌വർക്കുകളാണ് കരിയർ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതെന്ന് മറ്റു ചിലർ വ്യക്തമാക്കുന്നു. ഇതിൽ ഓൺലൈൻ ഇടങ്ങളിലെ സജീവ സാന്നിധ്യവും വിസിബിലിറ്റിയുമാണ് പ്രധാനമെന്ന് 23 ശതമാനം പേർ ചൂണ്ടിക്കാട്ടി. ഓൺലൈൻ പ്രഫഷനൽ കൂട്ടായ്മകളിലൂടെ തങ്ങളുടെ അറിവ് വർധിപ്പിക്കാൻ സാധിച്ചതായി 42 ശതമാനം പേരും, കരിയറിന് തുണയാകുന്ന പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതായി 41 ശതമാനം പേരും വ്യക്തമാക്കി.

മറ്റുള്ളവരുടെ ജോബ് പോസ്റ്റുകളോട് പ്രതികരിക്കുന്നവർക്ക് പുതിയ കണക്ഷൻ റിക്വസ്റ്റുകൾ ലഭിക്കാനുള്ള സാധ്യത മൂന്നിരട്ടിയും സന്ദേശങ്ങൾ വന്നെത്താനുള്ള സാധ്യത അഞ്ചിരട്ടിയുമാണ്. ​ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ഗവേഷണ ഏജൻസിയായ ‘സെൻസസ്‌വൈഡ്’ ആണ് ലിങ്ക്ഡ്ഇന് വേണ്ടി ഈ പഠനം നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 20 മുതൽ ആഗസ്റ്റ് 10 വരെ യു.എ.ഇയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രഫഷനലുകൾക്കിടയിലാണ് സർവേ പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Professionals want to stay in the UAE, study says
Next Story