പ്രിയങ്കരിയായി പ്രിയ; മധുരമായി ‘പ്രിയ V60’
text_fieldsപ്രിയ ശിവകോട്ടി കഫേയിൽ
അൽഐൻ: ശക്തമായ മഴയിലും കാറ്റിലും നിലത്തു വീണുപോയ യു.എ.ഇ ദേശീയ പതാക ഓടിച്ചെന്നെടുത്ത് കൈയിൽ ഉയർത്തിപ്പിടിക്കുമ്പോൾ കാര്യങ്ങൾ ഇങ്ങനെ മാറിമറിയുമെന്നൊന്നും പ്രിയ ശിവകോട്ടി കരുതിയിട്ടുണ്ടാവില്ല. അൽ ഐനിലെ കഫേയിൽ ജോലി ചെയ്യുന്ന പ്രിയ, കനത്ത കാറ്റും മഴയും വകവെക്കാതെ പതാകയോട് കാണിച്ച ആദരവ് വിഡിയോയിൽ പകർത്തിയത് അവിടെയെത്തിയ ഒരു ഉപഭോക്താവായിരുന്നു.
പതാക നിലത്തു കിടക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ പോയി അതെടുത്ത് ഉയർത്തുക എന്നത് സ്വാഭാവികമായ പ്രതികരണമായിരുന്നുവെന്നുവെന്ന് പ്രിയ പറയുന്നു. സഹപ്രവർത്തകർ തിരികെ കയറാൻ ആവശ്യപ്പെട്ടിട്ടും അതവൾ ഗൗനിച്ചില്ല. പതാക സുരക്ഷിതമാക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നും പ്രിയ വ്യക്തമാക്കി.
എന്നാൽ, ദശലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രിയ ശിവകോട്ടി തരംഗമായി മാറി. ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിൽ എത്തിയതാണവൾ. ഇവിടുത്തെ സംസ്കാരവും ആതിഥ്യമര്യാദയും ഇഷ്ടപ്പെട്ടാണ് ജോലി കണ്ടെത്താൻ തീരുമാനിച്ചത്. ഹോട്ടൽ മാനേജ്‌മെന്‍റ് ബിരുദധാരിയായ പ്രിയ നാല് മാസം മുമ്പാണ് അൽ ഐനിലെ ‘കീ കഫേ’യിൽ വെയിട്രസായി ജോലിയിൽ പ്രവേശിക്കുന്നത്.
പ്രിയയുടെ ഈ രാജ്യസ്നേഹത്തെയും ആദരവിനെയും അഭിനന്ദിച്ചുകൊണ്ട് അവൾ ജോലി ചെയ്യുന്ന കീ കഫേ തങ്ങളുടെ ഒരു പാനീയത്തിന് ‘പ്രിയ V60’ എന്ന് പേരിട്ടു. ലിമിറ്റഡ് എഡിഷനായി അവതരിപ്പിച്ച ഈ ഫ്രൂട്ട് കോഫി പാനീയത്തിന്‍റെ വിൽപനയിൽ നിന്നുള്ള ലാഭത്തിന്‍റെ ഒരു പങ്ക് പ്രിയക്ക് നൽകാനും കഫേ മാനേജ്‌മെന്‍റ് തീരുമാനിച്ചു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പ്രിയയെ കാണാനും പിന്തുണക്കാനുമായി നിരവധിയാളുകളാണ് ദൂരദിക്കുകളിൽനിന്ന് പോലും അൽ ഐനിലെ കഫേയിലേക്ക് എത്തുന്നത്. പ്രദേശവാസിയായ ഒരു എമിറാത്തി പൗരൻ കഫേയിലെത്തി സമ്മാനങ്ങൾ നൽകിയാണ് പ്രിയയെ ആദരം അറിയിച്ചത്.
തനിക്ക് ചുറ്റുമുള്ള സഹപ്രവർത്തകരും മാനേജ്‌മെന്‍റും നൽകുന്ന വലിയ പിന്തുണക്ക് നന്ദി പറയുന്ന പ്രിയയുടെ ഏറ്റവും വലിയ സ്വപ്നം നാട്ടിലുള്ള മാതാപിതാക്കളെയും അനിയത്തിയെയും യു.എ.ഇയിലേക്ക് കൊണ്ടുവരികയും അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

