കേരളത്തിലെ തുറമുഖങ്ങളിൽ സ്വകാര്യ നിക്ഷേപം; മന്ത്രി ചർച്ച നടത്തി
text_fieldsമന്ത്രി അഹ്മദ് ദേവർകോവിൽ ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: കേരളത്തിലെ തുറമുഖങ്ങളിൽ സ്വകാര്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ യു.എ.ഇയിലെ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ തുറമുഖ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നതെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മാരിടൈം ബോർഡിന്‍റെ നേതൃത്വത്തിൽ ദുബൈയിൽ നടന്ന ബിസിനസ് കോൺക്ലേവിലും ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു. ആറ് മാസം മുമ്പ് നടന്ന വ്യവസായികളുടെ ഓൺലൈൻ സംഗമത്തിൽ ഭൂരിപക്ഷവും പങ്കെടുത്തത് യു.എ.ഇയിൽനിന്നായിരുന്നു. അതിനാലാണ് യു.എ.ഇയിലെ ബിസിനസ് പ്രമുഖരുമായി ചർച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒഡപെകിന്‍റെയും നോർക്കയുടെയും നേതൃത്വത്തിൽ സംസ്ഥാന ഉദ്യോഗസ്ഥരും യു.എ.ഇയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. വലിയ സ്വീകാര്യതയാണ് കേരളത്തിന്‍റെ പദ്ധതികൾക്ക് ലഭിച്ചത്. കേരളത്തിന്‍റെ തുറമുഖ വികസനത്തിന് സ്വകാര്യ വ്യക്തികളെ പങ്കെടുപ്പിച്ച് വിവിധ പദ്ധതികൾ ചർച്ചചെയ്തു. ഷിപ്പിങ് മേഖലയിലും മാരിടൈം മേഖലയിലും കൂടുതൽ നിക്ഷേപമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. യു.എ.ഇയിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായും കൂടിക്കാഴ്ച നടത്തി. തൊഴിൽ തേടി പോകുന്ന നാട്ടുകാരുടെ സുരക്ഷക്ക് സൗജന്യമായി ജോലികൾ കണ്ടെത്തി നൽകുന്ന സർക്കാർ സംവിധാനത്തെ യു.എ.ഇയുടെ ഭരണകൂടത്തെയും ഇവിടെയുള്ള കമ്പനികളെയും ധരിപ്പിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

