ഷാര്‍ജയില്‍ തടവുകാര്‍ക്ക് ഉപാധികളോടെ മോചനം
text_fieldsഷാര്‍ജ: എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ ഉപാധികളോടെ വിട്ടയക്കാന്‍ പുതിയ നിയമം പ്രഖ്യാപിച്ചു. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ഷാര്‍ജ എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഭരണാധികാരിയുടെ ഓഫിസിൽ ചേര്‍ന്ന എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
പുതിയ നിയമപ്രകാരം ശിക്ഷയുടെ മുക്കാല്‍ ഭാഗം പൂർത്തിയാക്കിയ പ്രതികൾക്കാണ് മോചനം സാധ്യമാകുക. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർ 20 വര്‍ഷമെങ്കിലും പൂർത്തിയാക്കിയാലേ ഉപാധികളോടെ മോചനം ലഭിക്കൂ.
ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മോചനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പിന്നീട് ഷാര്‍ജയിലെ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കും. അതേസമയം, പ്രതികളെ മോചിപ്പിക്കാനുള്ള നിബന്ധനകൾ, വിട്ടയക്കുന്നതിനുള്ള തടസ്സങ്ങൾ, തീരുമാനം റദ്ദാക്കാനുള്ള കാരണങ്ങൾ, പിഴത്തുക എന്നിവ സംബന്ധിച്ച തീരുമാനങ്ങളും കൗൺസിൽ വിശദീകരിച്ചു.
ഷാര്‍ജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഉപ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയും യോഗത്തില്‍ പങ്കെടുത്തു.
മോചനത്തിനുള്ള ഉപാധികളുടെ വിശദവിവരങ്ങൾ അധികൃതർ പിന്നീട് വെളിപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

