വിലയിലെ കൃത്രിമം ക്രിമിനൽ കുറ്റം -പബ്ലിക് പ്രോസിക്യൂഷൻ
text_fieldsഅബൂദബി: യു.എ.ഇയിലെ നിയമം അനുസരിച്ച് ഉൽപന്നങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഓർമിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷൻ. വിപണിയിൽ മാന്യമായ മത്സരവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
നിയമം മൂലം നിയന്ത്രിക്കുന്ന സ്വതന്ത്ര വിപണി ചട്ടക്കൂടിനുള്ളിലാണ് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. അനാവശ്യ മത്സരങ്ങൾ നിയന്ത്രിക്കുക, കുത്തകവത്കരണം, മത്സരവിരുദ്ധ കരാറുകൾ, വിപണിയിലെ മേധാവിത്വത്തിന്‍റെ ദുരുപയോഗം എന്നിവ തടയുക, ന്യായവും സുസ്ഥിരവുമായ സാമ്പത്തിക അന്തരീക്ഷം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് നിയമ ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും നിയമം നടപ്പിലാക്കുകയും വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ഉപഭോക്തൃ അവകാശ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയുടെ സുരക്ഷയിൽ നിർണായകമായ പങ്കാണ് പബ്ലിക് പ്രോസിക്യൂഷൻ നിർവഹിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം നിയമലംഘനങ്ങൾ തടയാനും വിപണിയിൽ ന്യായവും സ്ഥിരതയും നിലനിർത്താനും സഹായിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

