അനിയന്ത്രിത വിലക്കയറ്റം തടയാൻ 'പ്രൈസ് മോണിറ്റർ'
text_fieldsദുബൈ എക്കണോമിയുടെ നേതൃത്വത്തിലാണ് വിപണി നിരീക്ഷിക്കുന്നത്
ദുബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വിപണി നിരീക്ഷിക്കുന്നതിന് ദുബൈ എക്കണോമി 'പ്രൈസ് മോണിറ്റർ' ഏർപ്പെടുത്തി. പ്രധാന ഭക്ഷ്യവിഭവങ്ങളും അവശ്യവസ്തുക്കൾക്കും ഇൗടാക്കുന്ന ദൈനംദിന വിലകൾ നിരീക്ഷിക്കുന്നതിനും ന്യായവിലയിൽ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം. ഉപഭോക്താക്കളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം സംബന്ധിച്ച പരാതികളും ചോദ്യങ്ങളും വേഗത്തിലും എളുപ്പത്തിലും ഉന്നയിക്കുന്നതിനുമായി Price.ded.ae എന്ന പേരിൽ പ്രത്യേക പോർട്ടലും തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് മെച്ചപ്പെട്ട അവബോധം നൽകി ശാക്തീകരിക്കുക, ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ലളിതമായ ഘട്ടങ്ങളിലൂടെ വിലവർധനയുമായി ബന്ധപ്പെട്ട പരാതികളും ചോദ്യങ്ങളും ഉപഭോക്താക്കൾക്ക് പോർട്ടലിൽ സമർപ്പിക്കാമെന്നും വേഗത്തിൽ തന്നെ പരിഹാരം കാണാൻ ദുബൈ എക്കണോമി ഇടപെടുമെന്നും അധികൃതർ പറയുന്നു. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് പോർട്ടൽ തയാറാക്കിയത്. ദുബൈ എക്കണോമിയിലെ കൊമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) ടീമുകൾ റീട്ടെയിൽ ശൃംഖലകളും സൂപ്പർമാർക്കറ്റുകളുമായി ഏകോപിപ്പിച്ച് ഏറ്റവും കുറഞ്ഞതും കൂടിയതുമായ ദൈനംദിന വില വിവരണ പട്ടിക പ്രസിദ്ധീകരിക്കും. അവശ്യവസ്തുക്കളായ അരി, റൊട്ടി, മാവ്, പാചക എണ്ണ, മാംസം, കോഴി, മത്സ്യം, പാൽ, മുട്ട, വെള്ളം, ഉപ്പ്, പഞ്ചസാര പഴങ്ങൾ, പച്ചക്കറികൾ, ശുചിത്വ അവശ്യവസ്തുക്കളായ സാനിറ്റൈസർ, ഫെയ്സ് മാസ്ക് എന്നിവയുടെ വില, ലിസ്റ്റിനെ അടിസ്ഥാനമാക്കി ദുബൈ എക്കണോമി വിലയിരുത്തും. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടയിലുള്ള ആശങ്കകൾ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ഉപഭോക്താക്കളെ ധൈര്യപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സി.സി.സി.പി അടുത്ത ദിവസങ്ങളിൽ നടപ്പാക്കുന്ന വിപണി നിരീക്ഷണ നടപടിയുടെ ഭാഗമാണ് ഈ സംരംഭം. Price.ded.ae പോർട്ടലിൽ വില വർധനയുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ ദുൈബ എക്കണോമി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ദുബൈ എക്കണോമിയുടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ ഹാൻഡിലുകളിൽ സൗകര്യം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
