സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ; വിദഗ്ധരെ വാർത്തെടുക്കും
text_fieldsദുബൈ പൊലീസ് ഉദ്യോഗസ്ഥരും റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതരും
കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: സാമ്പത്തിക കുറ്റകൃത്യങ്ങളെ തടയുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന ദുബൈ പൊലീസ് മേഖലയിലെ വിദഗ്ധരെ വാർത്തെടുക്കുന്നതിന് ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദുബൈയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് പൊലീസിലെ ക്രിമിനൽ അന്വേഷണ വിഭാഗവും മാനവവിഭവ ശേഷി വികസന വകുപ്പുമാണ് ‘ഫിനാൻഷ്യൽ ക്രൈം ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ’ എന്ന കോഴ്സ് പ്രഖ്യാപിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് യോഗ്യരായവരെ സൃഷ്ടിക്കാനും പ്രഫഷനൽ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചത്. ലോകത്താകമാനം വലിയ രൂപത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭാവി മുന്നിൽ കണ്ടുള്ള നടപടി. യു.എ.ഇയിലും നിരവധി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കള്ളപ്പണം, സൈബർ തട്ടിപ്പുകൾ എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഡിപ്ലോമ ആവിഷ്കരിച്ചത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ച ലോക പൊലീസ് ഉച്ചകോടിയിൽ വെച്ചാണ് കോഴ്സ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. പൊലീസ് സേന അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും വിദഗ്ധരുടെ ചർച്ചകളും ഉച്ചകോടിയിൽ നടന്നിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങളും വിദഗ്ധരുടെ സംഭാഷണങ്ങളിൽ സജീവമായി കടന്നുവരുകയുണ്ടായി.
കുറ്റകൃത്യങ്ങൾ പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയും വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും കുറ്റവാളികൾ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ കൂടുതൽ വൈദഗ്ധ്യം നേടുന്ന സാഹചര്യമാണുള്ളതെന്നും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറ്റവാളികളുടെ വൈദഗ്ധ്യം വലിയ വെല്ലുവിളിയായ സാഹചര്യത്തിൽ കോഴ്സ് വളരെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയുടെ മേഖലകളിൽ ദുബൈ പൊലീസുമായി സഹകരിക്കാൻ കഴിയുന്നതിൽ വലിയ അഭിമാനമുണ്ടെന്ന് റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിഡന്റ് ഡോ. യൂസുഫ് അൽ അസാഫും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

