Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പ്രൗഡ് ടു ബി ആന്‍...

‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ സംഘം ഇന്ന് യാത്ര തിരിക്കും

text_fields
bookmark_border
‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ സംഘം ഇന്ന് യാത്ര തിരിക്കും
cancel

ദുബൈ: പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാനായി ഏഷ്യാനെറ്റ് ന്യൂസ്  ഒരുക്കുന്ന 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍'  ഏറെ സവിശേഷതകളോടെ ഈ വര്‍ഷവും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ളിക് ദിന പരേഡും ചരിത്ര നഗരികളും നേരില്‍ കാണാനായി ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്ന് പുറപ്പെടും.
ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയില്‍ ഇത്തവണ ഡല്‍ഹിക്ക് പുറമെ ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ സിംല, പഞ്ചാബിന്‍െറയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഡ് എന്നിവയും ഉള്‍പ്പെടും.
ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ രാഷ്ട്രത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക, അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2013ലാണ് ഏഷ്യാനെറ്റ് ന്യൂസ് ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ പരിപാടിക്ക് തുടക്കം കുറിച്ചത്. ആദ്യവര്‍ഷം യു.എ.ഇയിലെ മാത്രം വിദ്യാര്‍ഥികളെയാണ് പങ്കെടുപ്പിച്ചതെങ്കില്‍ പിന്നീട് മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്കും അവസരം നല്‍കി. ഇത്തവണ ദുബൈയില്‍ മാത്രമാണ് യോഗ്യതാ പരീക്ഷ നടത്തിയതെങ്കിലും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു.
എട്ടു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍, രണ്ടുപേരടങ്ങുന്ന ടീമായാണ് മത്സരിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയതി ദുബൈ അക്കാദമിക് സിറ്റിയിലെ മണിപ്പാല്‍ സര്‍വകലാശാല കാമ്പസില്‍ നടന്ന പരീക്ഷയില്‍ 510  ടീമുകളിലായി 1020 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
ഇന്ത്യയുടെ ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കിയുള്ള ഒ.എം.ആര്‍ പരീക്ഷയിലുടെ എട്ടു ടീമുകളാണ് ഇത്തവണ  ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യനി’ല്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. ഇവരെല്ലാവരും യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ളവരാണ്. ഇതാദ്യമായി മലയാളികളല്ലാത്ത വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മലയാളം വാര്‍ത്താചാനല്‍ നടത്തുന്ന പരിപാടിയില്‍ വിജയിച്ചത്.
അജ്മാന്‍ ഇന്ത്യന്‍ സ്കൂളിലെ ചന്‍ലഞജ് സുരേഷ്കുമാര്‍, സനം ചെട്ടിയാംപറമ്പില്‍, ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലെ പ്രിയന്‍സി ഹേമന്ത് കുമാര്‍, അനിഷ് ഹിലാലി, അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിലെ തേജാലക്ഷ്മി അനില്‍ , മാനസ്വി ഉദയ്കുമാര്‍, ദുബൈ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളിലെ അന്ന തോമസ്, നേഹ സുല്‍ഫി, അബൂദബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ ആര്‍.എസ്. മീനാക്ഷി,ആര്‍.എസ്. ലക്ഷ്മി. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ശ്രേഷ്ഠ ആന്‍ ജോണ്‍, രൂപ പ്രമോദന്‍, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ മെഹ്റ നൗഷാദ്, സോനാ സോണി, റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ റിഷാബ് ഷാജു, നിഷാന്ത് മഹേന്ദര്‍ സിങ് എന്നീ വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്.
ഓരോ സ്കൂളുകളില്‍ നിന്ന് ഒരോ അധ്യാപകരും ഇവരോടൊപ്പമുണ്ടാകും. എഡിറ്റര്‍ എം.ജി.രാധകൃഷ്ണന്‍െറ നേതൃത്വത്തില്‍ ഏഷ്യനെറ്റ് ന്യൂസില്‍ നിന്നുള്ള ഉന്നത തല സംഘവും ഇവരെ അനുഗമിക്കും.
തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലത്തെുന്ന സംഘം അന്ന് തന്നെ സിംലയിലേക്ക് തിരിക്കും.
ബുധനാഴ്ച ചണ്ഡീഗഡ് വഴി ഡല്‍ഹിയില്‍ തിരിച്ചത്തെി 26ന് റിപ്പബ്ളിക് ദിന പരേഡും 28ന് ബീറ്റിങ് റിട്രീറ്റും കണ്ടശേഷമാണ് ദുബൈയിലേക്ക് മടങ്ങുക. ‘ഗള്‍ഫ് മാധ്യമ’മാണ് പരിപാടിയുടെ പത്ര പങ്കാളി.

Show Full Article
TAGS:x
News Summary - press house
Next Story