പ്രസിഡന്റിന്റെ യു.എസ് സന്ദർശനം; ലക്ഷ്യം സാമ്പത്തിക,സാങ്കേതിക വിദ്യ രംഗത്തെ സഹകരണം
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ യു.എസ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം സാമ്പത്തിക, സാങ്കേതിക വിദ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണം ശക്തിപ്പെടുത്തുകയാണെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
പ്രസിഡന്റിന്റെ യു.എസ് സന്ദർശനം സംബന്ധിച്ച് ശനിയാഴ്ച അബൂദബിയിൽ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക, സാങ്കേതിക വിദ്യ മേഖലകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. അറബ് ലോകത്ത് യു.എസിന്റെ പ്രധാന വാണിജ്യ പങ്കാളിയെന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വിദേശ വ്യാപാരം 40.3 ശതകോടി ഡോളറാണ്. യു.എ.ഇയുടെ മൂന്നാമത്തെ ആഗോള വ്യാപാര പങ്കാളി കൂടിയാണ് യു.എസ് എന്നും അദ്ദേഹം വ്യക്തമാക്കി. 55,000 യു.എസ് പൗരന്മാരാണ് യു.എ.ഇയിൽ താമസിക്കുന്നത്.
കൂടാതെ, പ്രതിവർഷം അമേരിക്കയിൽ നിന്ന് യു.എ.ഇ സന്ദർശിക്കുന്നവരുടെ എണ്ണം ഏതാണ്ട് 10 ലക്ഷമാണ്. ആഴ്ചയിൽ 142 വിമാന സർവിസുകളും ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്നുണ്ട്. ബഹിരാകാശം, പുനരുപയോഗ ഊർജം, കാലാവസ്ഥ വ്യതിയാനം, സുസ്ഥിരത എന്നീ മേഖലകളിൽ ബിസിനസ് അവസരങ്ങൾ വ്യാപിപ്പിക്കുകയെന്നതും സന്ദർശന ഉദ്ദേശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ശൈഖ് മുഹമ്മദിന്റെ യു.എസ് സന്ദർശനം. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇദ്ദേഹം യു.എസ് സന്ദർശിക്കുന്നത്. അര നൂറ്റാണ്ടിലേറെക്കാലമായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദം യു.എസ് സന്ദർശനത്തിലൂടെ പ്രതിഫലിക്കും. ഗസ്സയിലും സുഡാനിലും തുടരുന്ന പ്രതിസന്ധികൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും. പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

