
‘ബൂ ഖാലിദി’ന് പിറന്നാൾ; സ്നേഹം പകർന്ന് ഇമാറാത്ത് - വിഡിയോ
text_fieldsദുബൈ: ലോകം എം.ബി.ഇസെഡ് എന്ന് ആദരവോടെയും യു.എ.ഇ ജനത ബൂ ഖാലിദെന്ന് സ്നേഹത്തോടെയും വിളിക്കുന്ന പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് 62ാം പിറന്നാൾ. ശനിയാഴ്ച ജന്മദിന സന്ദേശവും സ്നേഹപ്രകടനങ്ങളുമായി നിരിവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
1961ൽ അൽ ഐനിലാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മൂന്നാമത്തെ സന്താനമായി അദ്ദേഹം ജനിക്കുന്നത്. അറബ് മേഖലയിൽ പെട്രോൾ കണ്ടെത്തുകയും പുരോഗതിയിലേക്ക് കുതിച്ചു തുടങ്ങുകയും ചെയ്യുന്ന കാലമായിരുന്നു അത്. പിതാവിന്‍റെ വാൽസല്യപുത്രനായി വളർന്ന അദ്ദേഹം കുട്ടിക്കാലത്തിന്‍റെ ആദ്യ വർഷങ്ങളിൽ യു.എ.ഇയുടെ രൂപീകരണവും വളർച്ചയും നേരിട്ട് കാണുകയുണ്ടായി. പിന്നീട് വിവിധ തസ്തികകളിൽ സേവനം അനുഷ്ടിക്കുകയും ജേഷ്ട സഹോദരൻ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണ ശേഷം 2022 മേയിൽ യു.എ.ഇയുടെ അമരത്തേക്ക് നിയമിതനാവുകയുമായിരുന്നു. ഇമാറാത്തി സംസ്കാരത്തെയും കവിതയെയും ഇഷ്ടപ്പെടുന്ന അദ്ദേഹം കുട്ടികളോട് കാണിക്കുന്ന വാൽസല്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കുഞ്ഞു വീഡിയോ വഴിയാണ് പ്രസിഡന്‍റിന് ആശംസകളറിയിച്ചത്. ശൈഖ് മുഹമ്മദിന്‍റെ ഛായാചിത്രത്തിന് ശൈഖ് ഹംദാന്‍റെ കുഞ്ഞു മകൻ റാശിദ് ചുംബനം നൽകുന്നതാണ് വീഡിയോ. പോസ്റ്റ് ചെയ്ത് മിനുറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
