പൗരന്മാരുടെ നേതൃത്വത്തിൽ പുതിയ അതോറിറ്റി പ്രഖ്യാപിച്ച് പ്രസിഡന്റ്
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: പൂർണമായും രാജ്യത്തെ പൗരന്മാർ നേതൃത്വം നൽകുന്ന സർക്കാർ അതോറിറ്റി പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇമാറാത്തി പൗരൻമാരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടാണ് കമ്യൂണിറ്റി-മാനേജ്ഡ് വെർച്വൽ അതോറിറ്റി ആരംഭിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. യു.എ.ഇയുടെ മുന്നോട്ടുപോക്കിൽ വിദഗ്ധരുടെ പങ്ക് വർധിപ്പിക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. 2025 സാമൂഹിക വർഷമായി ആചരിച്ചതിന്റെ സമാപനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ കാഴ്ചപ്പാടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിട്ടുള്ളത്.
യു.എ.ഇ സമൂഹത്തിലെ വിവിധ മേഖലകളിൽ വിദഗ്ധരായ പൗരൻമാർ പൂർണമായും കൈകാര്യം ചെയ്യുന്നതായിരിക്കും അതോറിറ്റി. ഇത്തരമൊരു സർക്കാർ വകുപ്പ് ആദ്യമായാണ് രൂപപ്പെടുത്തുന്നത്. ഒരു ഡയറക്ടർ ജനറലും ടീം അംഗങ്ങളും നിശ്ചിത കാലയളവിൽ അതോറിറ്റിയെ നയിക്കാൻ നിയോഗിക്കപ്പെടും. എന്നാൽ എപ്പോൾ അതോറിറ്റിയുടെ നേതൃത്വത്തെ പ്രഖ്യാപിക്കുമെന്നോ പ്രവർത്തനം തുടങ്ങുന്നത് എപ്പോഴാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.
ഇമാറാത്തികളിലെ വിദഗ്ധർ, സ്പെഷലിസ്റ്റുകൾ, പ്രഫഷനലുകൾ, അക്കാദമിക് വിദഗ്ധർ, യുവാക്കൾ, സംരംഭകർ, വിരമിച്ചവർ എന്നിങ്ങനെയുള്ളവരെയാണ് അതോറിറ്റിയുമായി സഹകരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഓരോ വിഭാഗത്തിനും ദേശീയവികസനത്തിന് അവരുടേതായ മേഖലയിൽ സംഭാവന നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.പ്രതിഭ, വൈദഗ്ധ്യം, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലപ്രദമായി സംഭാവന നൽകാനുള്ള കഴിവ് എന്നിവയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും അതോറിറ്റിയിലെ അംഗങ്ങളെ നിയമിക്കുക. പുതിയ ഡയറക്ടർ ജനറലിനെയും ടീം അംഗങ്ങളെയും മാറിമാറി നിയമിക്കുന്നത് പുതിയ ആശയങ്ങൾ രൂപപ്പെടുന്നതിനും മറ്റും സഹായകരമാകും. നൂതനവും പ്രാബല്യത്തിൽ വരുത്താൻ സാധിക്കുന്നതുമായ സംരംഭങ്ങൾ, പരിപാടികൾ, പ്രായോഗിക പരിഹാരങ്ങൾ എന്നിവ രൂപകൽപന ചെയ്യുക എന്നതാണ് അതോറിറ്റിയുടെ പ്രധാന ദൗത്യമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. യു.എ.ഇയുടെ വിശാലമായ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ദേശീയനിർദേശങ്ങളോടും തന്ത്രങ്ങളോടും യോജിച്ചാണ് അതോറിറ്റി പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

