എക്സ്പോയിൽ ഒരുങ്ങുന്നു, ഇന്ത്യൻ പവലിയൻ ചെലവ് 250 ദശലക്ഷം ദിർഹം
text_fieldsഅറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന എക്സ്പോ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഇന്ത്യയുടെ പവലിയനും ഒരുങ്ങുകയാണ്. യു.എ.ഇയിലെ ഏറ്റവും വലിയ കമ്യൂണിറ്റി ആയതിനാൽ ഒരു കുറവും വരുത്താതെയാണ് എക്സ്പോയിൽ ഇന്ത്യൻ പവലിയെൻറ നിർമാണം പുരോഗമിക്കുന്നത്. അടുത്ത മാസം സ്ട്രക്ചർ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 250 ദശലക്ഷം ദിർഹമാണ് (500 കോടി രൂപ) ചെലവ്. ഇന്ത്യയുടെ അഞ്ച് 'T' (Talent, Trade, Tradition, Tourism and Technology) ആയിരിക്കും പവലിയെൻറ തീം. പ്രവാസികളുടെ വിജയഗാഥകളും അവതരിപ്പിക്കും. മഹാത്മാഗാന്ധിയുടെ ചിത്രമായിരിക്കും സന്ദർശകരെ സ്വീകരിക്കുക. നേരത്തെ പ്രവേശനകവാടത്തിൽ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ, നാല് നില കെട്ടിടത്തിൽ ഗാന്ധിയുടെ ചിത്രം പതിച്ച് സന്ദർശകരെ സ്വീകരിക്കാനാണ് പുതിയ തീരുമാനം.
4800 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ടാവും പവലിയന്. സ്ട്രക്ചർ മാർച്ച് 31ന് പൂർത്തീകരിച്ചാലും ഇൻറീരിയർ ജോലികൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇന്ത്യയുടെ ദേശീയ ദിനങ്ങളിലും നാട്ടിലെ ആഘോഷ ദിവസങ്ങളിലും എക്സ്പോ വേദിയിൽ പ്രത്യേക പരിപാടികൾ നടക്കും. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും പങ്കെടുക്കാനുമുള്ള അവസരമുണ്ടാവും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം പവലിയനിലുണ്ടാവും.
192 രാജ്യങ്ങൾ പങ്കെടുക്കുന്ന മേളയിൽ തലയെടുപ്പോടെ ഇന്ത്യൻ പവലിയനും ആകർഷകമാക്കാനുള്ള ഒരുക്കത്തിലാണ് എൻജിനീയർമാർ. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന എക്സ്പോ കോവിഡിനെ തുടർന്ന് മാറ്റിവെച്ചതോടെയാണ് ഇന്ത്യൻ പവലിയൻ കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന എക്സ്പോയിൽ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.38 ചതുരശ്ര കിലോമീറ്ററിലാണ് എക്സ്പോ സൈറ്റ് വ്യാപിച്ച് കിടക്കുന്നത്. എക്സ്പോയുടെ ചില ഭാഗങ്ങൾ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. expo2020dubai.com വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഏപ്രിൽ പത്ത് വരെ സൈറ്റ് സന്ദർശിക്കാം. 25 ദിർഹമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

