ജീവിത വിസ്മയങ്ങളുടെ നേര്‍ക്കാഴ്ചകൾ ഒരുക്കി ഷാര്‍ജ പൈതൃകാഘോഷങ്ങള്‍
text_fieldsഷാർജ പൈതൃകോത്സവത്തിൽ ഇമാറാത്തിെൻറ പരമ്പരാഗത നൃത്തമായ അയാല അരങ്ങേറിയപ്പോൾ
ഷാര്‍ജ: സംസ്കാരം എന്നത് അണയാത്ത വെളിച്ചമാണെന്നും അതിെൻറ തെളിച്ചത്തിലാണ് നാളെകള്‍ രൂപപ്പെടുന്നതെന്നും ലോകത്തോട് പറഞ്ഞത് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്. ഇമാറാത്തിെൻറ പരമ്പരാഗത നൃത്തമായ അയാലയും അന്ഡിമയും തീര്‍ത്ത മഴവില്‍ അഴകിനെയും ബെലാറസ്, കസാഖിസ്താന്‍, ഇന്ത്യ, ലബനാന് എന്നിവിടങ്ങളില്‍ നിന്നുള്ള നാടോടി കലകളെയും സാക്ഷിയാക്കി ഷാര്‍ജ പൈതൃകാഘോഷങ്ങളുടെ വാതിലുകള്‍ തുറന്നു.
കാലത്തിെൻറ കുത്തൊഴുക്കിനും ആധുനികതയുടെ നിറം മാറ്റത്തിനും വിട്ട് കൊടുക്കാതെ പരമ്പരാഗത തനിമയെ എങ്ങനെയാണ് തെളിമയോടെ സംരക്ഷിക്കേണ്ടതെന്ന് ലോകത്തിന് അടിവരയിട്ട് കാണിച്ച് കൊടുക്കുകയാണ് പൈതൃകോത്സവം. വേദികളില്‍ വിടരുന്ന യു.എ.ഇ കലാരൂപങ്ങളായ അയാല, നുബാന്‍, ആന്ഡിമ, റസീഫ്, റാവ, ഹര്‍ബിയ, ലിവ, ഹാനും ബെലാറസ്, മാസിഡോണിയ, ബഷ്കോര്ട്ടോസ്ഥാന്, തജികിസ്താന്‍, ബള്‍ഗേറിയ, കസാഖിസ്താന്‍, മോണ്ടിനെഗ്രോ എന്നിവിടങ്ങളില്‍ നിന്നുള്ള നാടോടി പ്രകടനങ്ങളുമാണ് ഉദ്ഘാടന ദിവസം ചമയങ്ങളണിഞ്ഞത്.
ഷാര്‍ജ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്‍മാനും എസ്.എച്ച്.ഡി ഉന്നത സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്‍ അസീസ് അല്‍ മുസല്ലത്തിെൻറ നേതൃത്വവും സാന്നിധ്യവും ആഘോഷങ്ങളുടെ തെളിച്ചം പതിവിലും കൂട്ടിയിട്ടുണ്ട്. അസാധാരണ സാഹചര്യത്തിലാണ് ഈ വര്‍ഷം ഷാര്‍ജ പൈതൃക ദിനങ്ങള്‍ നടക്കുന്നത്. യുവതലമുറയുടെ ഭാവിയിലേക്കുള്ള വഴികളില്‍ കൊളുത്തിവെക്കുന്ന ഇത്തരം ആഘോഷങ്ങള്‍ അവരുടെ ബുദ്ധിശക്തിയെയും അനുഭവങ്ങളെയും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്ന് അല്‍ മുസല്ലം പറഞ്ഞു.
പ്രാദേശികവും ആഗോളവുമായ സംസ്കാരങ്ങളെക്കുറിച്ച് അറിയുന്നതിന് കുടുംബങ്ങളും സന്ദര്‍ശകരും താമസക്കാരും ഉത്സവത്തിലേക്ക് ഒഴുകുന്നത് കാണുമ്പോള്‍ ഷാര്‍ജ ഹെറിറ്റേജ് ഡെയ്സിെൻറ ദൗത്യം വിജയിച്ചതായി മുസല്ലം പറഞ്ഞു. യു.എ.ഇയുടെ നാലു വ്യത്യസ്ത പ്രകൃതി ചുറ്റുപാടുകളായ പര്‍വതങ്ങള്‍, മരുഭൂമി, തീരദേശം, കൃഷി എന്നിവയില്‍ നിന്ന് ഉരുതിരിഞ്ഞ 67 കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം കാണേണ്ടതാണ്.
മേളപ്പറമ്പിലെ 80 സ്റ്റോറുകളില്‍ പരമ്പരാഗത ഉല്പന്നങ്ങളായ സുഗന്ധം, ധൂപവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, പ്രാദേശിക, അന്തർദേശീയ വിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് കിഴക്കന്‍ നഗരമായ ഖോര്ഫാക്കനിലെ പൈതൃകാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. വിപുലമായ പരിപാടികളാണ് ഇവിടെയും നടക്കുകയെന്ന് അല്‍ മുസല്ലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

