മഴക്കാല മുന്നൊരുക്കം ഊര്‍ജിതം; റോഡുകളിലെ 800 ഓളം വെള്ളക്കെട്ട് ചാലുകളും 17 പമ്പിങ് സ്റ്റേഷനുകളും പരിശോധിച്ചു
text_fieldsഅബൂദബി: രാജ്യത്ത് മഴക്കാലം ആരംഭിക്കാനിരിക്കെ റോഡുകളിലും അണക്കെട്ടുകളിലും മുന്‍കരുതല്‍ നടപടികളും പരിശോധനകളും ഊര്‍ജിതമാക്കി യു.എ.ഇ ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രാലയം. ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഫെഡറല്‍ റോഡുകളിലെ 800 ഓളം മഴവെള്ള ഓവുചാലുകളിലും 17 പമ്പിങ് സ്റ്റേഷനുകളിലും സമഗ്രമായ മുന്‍കരുതല്‍ പരിശോധന പൂര്‍ത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. വാദികള്‍ കടന്നുപോകുന്ന ജലപാതകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ ഉടനടി സജ്ജരാകാന്‍ ഫീല്‍ഡ് ടീമുകളെയും ആവശ്യമായ യന്ത്രസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി അടിയന്തര സാഹചര്യങ്ങളില്‍ ബാധിത പ്രദേശങ്ങളില്‍ അതിവേഗം എത്തിച്ചേരാനും റോഡ് ഗതാഗതം തടസ്സമില്ലാതെ സുരക്ഷിതമായി നിലനിര്‍ത്താനും സാധിക്കും.
റോഡ് ശൃംഖലകള്‍ക്ക് പുറമെ അണക്കെട്ടുകളിലും ജലസേചന സംഭരണികളിലും പരിശോധനകള്‍ പൂര്‍ത്തിയായി. അണക്കെട്ടുകളുടെ ഘടന, അവയിലെ എക്കല്‍ നീക്കം ചെയ്യല്‍, ഡിസ്ചാര്‍ജ് ഗേറ്റുകളുടെ പ്രവര്‍ത്തനക്ഷമത, നീരൊഴുക്ക് ചാലുകള്‍, മോണിറ്ററിങ് സംവിധാനങ്ങള്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അണക്കെട്ടുകളിലെയും വാദികളിലെയും ജലനിരപ്പും ഒഴുക്കിന്‍റെ വേഗതയും തത്സമയം അളക്കുന്നതിനായി കാമറകളും സെന്‍സറുകളും അടങ്ങിയ പ്രത്യേക സംവിധാനം വഴി 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനും മുന്നറിയിപ്പുകള്‍ നല്‍കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും സഹായിക്കുന്ന പ്രളയ മുന്നറിയിപ്പ് സംവിധാനം മന്ത്രാലയത്തിന്‍റെ കണ്‍ട്രോള്‍ സെന്‍ററുമായും മറ്റ് ദേശീയ സുരക്ഷാ അതോറിറ്റികളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
ഫെഡറല്‍ റോഡ് ശൃംഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണ്‍ട്രോള്‍ സെന്‍റര്‍ വഴി തത്സമയം നിരീക്ഷിച്ചു വരികയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ മെയിന്‍റനന്‍സ് ടീമുകളെയും അടിയന്തര രക്ഷാപ്രവര്‍ത്തകരെയും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് കൃത്യമായി വിന്യസിക്കാന്‍ ഇതുവഴി സാധിക്കും. മഴക്കാല മുന്‍കരുതല്‍ പദ്ധതികളില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രാലയത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഫയേഴ്‌സ് അണ്ടര്‍സെക്രട്ടറി എന്‍ജി. മുഹമ്മദ് അല്‍ മന്‍സൂരി വ്യക്തമാക്കി.
തടാകങ്ങളൊരുക്കിയും അഴുക്കുചാലുകൾ ശുചീകരിച്ചും ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: വരാനിരിക്കുന്ന മോശം കാലാവസ്ഥയും ശക്തമായ മഴയും നേരിടാൻ മുൻകരുതൽ നടപടികളുമായി ദുബൈ മുനിസിപ്പാലിറ്റി. മഴവെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഡ്രെയിനേജ് ശൃംഖല കാര്യക്ഷമമാക്കുന്നതിനുമായി നഗരത്തിലുടനീളമുള്ള 70,000-ത്തിലധികം ഡ്രെയിനേജ് കവാടങ്ങൾ ശുചീകരിക്കുകയും താൽക്കാലികമായി 10 വെള്ളക്കെട്ട് സംഭരണ തടാകങ്ങൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ 24 മണിക്കൂറും കൈകാര്യം ചെയ്യുന്നതിനായി എൻജിനീയർമാർ, സൂപ്പർവൈസർമാർ, ഡ്രൈവർമാർ, ഫീൽഡ് തൊഴിലാളികൾ എന്നിവരടങ്ങുന്ന 675 അംഗ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കി. ഇവരെ സഹായിക്കാനായി 1,100ഓളം അത്യാധുനിക വാഹനങ്ങളും പമ്പുകളും മറ്റ് യന്ത്രസാമഗ്രികളും സജ്ജമാണ്. സബീൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒരുക്കിയ താൽക്കാലിക തടാകങ്ങളിലേക്ക് ആവശ്യമെങ്കിൽ ഡ്രെയിനേജ് ശൃംഖലയിൽ നിന്നുള്ള വെള്ളം തിരിച്ചുവിടും. മുൻകാലങ്ങളിൽ മഴവെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പഠനം നടത്തിയാണ് ഇത്തവണ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ദുബൈ പോലീസ്, ആർ.ടി.എ, സിവിൽ ഡിഫൻസ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി സഹകരിച്ച് ദുബൈ മുനിസിപ്പാലിറ്റിയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കും. മഴക്ക് ശേഷം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് ശല്യം ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക സ്പ്രേയിങ്ങും മുൻകരുതലുകളും ഉറപ്പാക്കിയിട്ടുണ്ട്.
നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കെട്ടിട ഉടമകളും താമസക്കാരും ഡ്രെയിനേജ് പൈപ്പുകളിലെ തടസ്സങ്ങൾ നീക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മഴയുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യാനും ദുബൈ മുനിസിപ്പാലിറ്റിയുടെ 800900 എന്ന കോൾ സെന്‍റർ നമ്പറിലോ ഔദ്യോഗിക വാട്ട്‌സ്ആപ്പ് സേവനം വഴിയോ ബന്ധപ്പെടാം.

