Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാളേക്കുള്ള കരുതൽ...

നാളേക്കുള്ള കരുതൽ...

text_fields
bookmark_border
നാളേക്കുള്ള കരുതൽ...
cancel

ദുബൈ: 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയ യു.എ.ഇ സർക്കാർ നടപടിക്ക് പരക്കെ പ്രശംസ. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയും മാനസിക-ശാരീരിക ആരോഗ്യവും മുൻനിർത്തിയാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഈ സുപ്രധാന തീരുമാനം. ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം ഉറപ്പാക്കുന്നതോടൊപ്പം, കുട്ടികൾക്ക് പരമാവധി സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹ മാധ്യമ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ കാണാനിടയാകുന്നത് തടയുക, ഓൺലൈനിലെ സുരക്ഷിതമല്ലാത്ത ഇടപെടലുകൾ ഇല്ലാതാക്കുക, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക, കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത് തടയുക എന്നിവചരിത്രപരമായ തീരുമാനത്തെ സ്വാധീനിച്ചു. 2024ൽ നടന്ന ഒരു സർവേ പ്രകാരം, യു.എ.ഇയിലെ കുട്ടികൾ പ്രതിദിനം ശരാശരി മൂന്ന് മണിക്കൂറോളം ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നുണ്ട്. കുട്ടികൾക്കിടയിലെ ദീർഘനേരത്തെ സമൂഹ മാധ്യമ ഉപയോഗം ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠന പിന്നോക്കാവസ്ഥ, ചില സന്ദർഭങ്ങളിൽ സംസാര വൈകല്യം എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി 2026ൽ, മേഖലയിലെ ഏറ്റവും സമഗ്ര നിയമങ്ങളിലൊന്ന് ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി’ എന്ന പേരിൽ യു.എ.ഇ അവതരിപ്പിച്ചിട്ടുണ്ട്. ടിക് ടോക്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള ആപ്പുകളും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നുണ്ട്. കുട്ടികൾക്ക് ദോഷകരമായ ഉള്ളടക്കങ്ങൾ, അടിമപ്പെടുത്തുന്ന തരത്തിലുള്ള ആപ്പ് ഡിസൈനുകൾ, കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ എന്നിവക്കെതിരായ കർശനമായ നിയന്ത്രണങ്ങളാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്.

യു.കെയിൽ കഴിഞ്ഞ ദിവസമാണ് 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത്. യു.കെക്ക് പുറമേ, ആസ്‌ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന രാജ്യങ്ങളുടെയും മാതൃക പിന്തുടർന്നാണ് യു.എ.ഇയും ഈ നിയമം നടപ്പാക്കുന്നത്. തുർക്കിയ, സ്പെയിൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കമിട്ടുകഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തലച്ചോറിൽ ഡോപമിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നുണ്ടെന്നും ഇത് വീണ്ടും വീണ്ടും ഇവ ഉപയോഗിക്കാൻ പ്രേരണ ചെലുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്ലാറ്റ്‌ഫോമുകളിലെ ഷെയറുകൾ, ലൈക്കുകൾ, കമന്‍റുകൾ എന്നിവ തലച്ചോറിലെ ‘റിവാർഡ് സെന്‍ററി’നെ ഉണർത്തുന്നു. ഇത് ചൂതാട്ടത്തിലോ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലോ ഒക്കെ ലഭിക്കുന്നതുപോലെയുള്ള ഒരു ആനന്ദം പ്രധാനം ചെയ്യുകയും, ഉപയോക്താക്കളെ ഇതിൽ ആകർഷിച്ച് നിർത്തുകയും ചെയ്യുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിരീക്ഷണം...നിരന്തരം

നാഷനൽ മീഡിയ അതോറിറ്റിയും ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ നിയമം പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. നിയമം പാലിക്കാത്ത പക്ഷം പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകയോ ഭാഗികമായോ പൂർണമായോ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ബാധകമായ പിഴകൾ ചുമത്തുന്നത് ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇവർക്ക് അധികാരമുണ്ടായിരിക്കും. കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ആഘാതങ്ങളും ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ വിലയിരുത്തും. അവ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനും ആവശ്യമായ നടപടികൾ നിർദേശിക്കുകയും ചെയ്യും.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

സമ്പൂർണ വിലക്ക്

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 15 വയസ്സായി നിശ്ചയിച്ചു. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. മാതാപിതാക്കൾ ഉപയോഗിക്കാൻ അനുമതി നൽകിയാലും അത് നിയമത്തിൽ നിന്ന് ഒഴിവാകാനുള്ള സാധുവായ കാരണമല്ല.

15നും 16നും ഇടയിലാണെങ്കിൽ

15നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാം. ഈ അക്കൗണ്ടുകളിൽ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം ലഭ്യമാക്കുക, അപരിചിതരുമായി ഇടപഴകാനുള്ള ഉയർന്ന അപകടസാധ്യതയുള്ള ഫീച്ചറുകൾ റദ്ദാക്കുക, ഉപയോഗ സമയം നിയന്ത്രിക്കുക, മാതാപിതാക്കൾക്ക് നിയന്ത്രിക്കാനുള്ള ‘പാരന്‍റൽ കൺട്രോൾ ടൂളുകൾ’ ഒരുക്കുക എന്നിവ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണം.

പ്രായം തെളിയിക്കാൻ കർശന വ്യവസ്ഥകൾ

വെറുതെ പ്രായം രേഖപ്പെടുത്തുന്ന സ്വയം സാക്ഷ്യപ്പെടുത്തൽ രീതി ഇനി മുതൽ അനുവദിക്കില്ല. ഡിജിറ്റൽ ഐഡന്‍റിറ്റി പരിശോധന, ബയോമെട്രിക് ടൂളുകൾ ഉൾപ്പെടെയുള്ള എ.ഐ സാങ്കേതികവിദ്യകൾ എന്നിവ വഴി പ്രായം കൃത്യമായി പരിശോധിക്കണം. കുട്ടികളുടെ സ്വകാര്യത മാനിച്ചുകൊണ്ടായിരിക്കണം വിവരങ്ങൾ ശേഖരിക്കേണ്ടത്.

പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തങ്ങൾ

യു.എ.ഇയിൽ ലഭ്യമായതോ യു.എ.ഇയിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതോ ആയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായി ഉണ്ടാക്കിയ അക്കൗണ്ടുകൾ കണ്ടെത്തി ഉടൻ റദ്ദാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ഡേറ്റ ശേഖരിച്ച് വാണിജ്യ ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ ഉപയോഗിക്കരുത്.

രക്ഷിതാക്കളുടെ ചുമതലകൾ

കുട്ടികൾ നിയമം ലംഘിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും, പ്രായപരിശോധന മറികടക്കാൻ അവരെ സഹായിക്കാതിരിക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. ഡിജിറ്റൽ അപകടങ്ങളെക്കുറിച്ച് അവർക്ക് അവബോധം നൽകുകയും വേണം.

സ്വാഗതം ചെയ്ത് മാതാപിതാക്കളും സ്കൂൾ അധികൃതരും

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സായി നിശ്ചയിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മാതാപിതാക്കളും സ്കൂൾ അധികൃതരും. കുട്ടികളുടെ സ്മാർട്ട്‌ഫോൺ ഉപയോഗം 14 വയസ്സുവരെയും സോഷ്യൽ മീഡിയ ഉപയോഗം 16 വയസ്സുവരെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ‘സ്‌ക്രീൻവൈസ് യു.എ.ഇ' എന്ന മാതാപിതാക്കളുടെ കൂട്ടായ്മ പ്രഖ്യാപനത്തിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു.

ആയിരക്കണക്കിന് അംഗങ്ങളുള്ള ഈ കൂട്ടായ്മ, സോഷ്യൽ മീഡിയയുടെയും അമിത സ്‌ക്രീൻ ഉപയോഗത്തിന്‍റെയും ദോഷങ്ങളെക്കുറിച്ച് സ്കൂളുകളുമായി സഹകരിച്ച് ബോധവൽക്കരണം നടത്തിവരികയായിരുന്നു. തങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്ക് വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് സ്‌ക്രീൻവൈസ് സഹസ്ഥാപകരായ അമേലിയ ഹോഹിയും സാമന്ത ബോനാക്കറും പറഞ്ഞു. ‘അമിത സ്ക്രീൻ ഉപയോഗം, ഓൺലൈൻ ദോഷങ്ങൾ, സോഷ്യൽ മീഡിയ അഡിക്ഷൻ എന്നിവയെക്കുറിച്ച് ആശങ്കപ്പെടുന്ന കുടുംബങ്ങൾക്കും അധ്യാപകർക്കും ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ ഡേറ്റാ ശേഖരണത്തിനും കർശന മാനദണ്ഡങ്ങൾ പാലിക്കാൻ ഇത് ഡിജിറ്റൽ കമ്പനികളെ നിർബന്ധിതരാക്കും’ എന്ന് അമേലിയ പറഞ്ഞു. യു.എ.ഇയിലുടനീളമുള്ള സ്കൂളുകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. നിയന്ത്രണമില്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ പഠന വൈകല്യം, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, സൈബർ ബുള്ളിയിങ് എന്നിവക്ക് കാരണമാകുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഗവണ്മെന്‍റിന്‍റെ ഈ ഇടപെടൽ അനിവാര്യമായ ഒന്നാണെന്ന് അമേരിക്കൻ അക്കാദമി ഫോർ ഗേൾസ് പ്രിൻസിപ്പൽ ലിസ ജോൺസൺ പറഞ്ഞു.

നിയന്ത്രണങ്ങൾ കൊണ്ട് മാത്രം മാറ്റം ഉണ്ടാകില്ലെന്നും സ്കൂളുകളും മാതാപിതാക്കളും ഒത്തൊരുമിച്ച് കുട്ടികളിൽ നല്ല ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കുമ്പോഴാണ് ഇതിന്‍റെ പൂർണ ഫലം ലഭിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ വളർച്ചാഘട്ടത്തിൽ ഡിജിറ്റൽ സമ്മർദങ്ങളില്ലാതെ സ്വതന്ത്രമായി ചിന്തിക്കാൻ അവരെ അനുവദിക്കുന്നതാണ് പുതിയ നിയമമെന്ന് ഇന്ത്യൻ ഹൈ ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ പുനിത് എം.കെ. വാസു പറഞ്ഞു. സോഷ്യൽ മീഡിയയിലെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പ്രായപരിധി അത്യാവശ്യമാണെന്നും, അതോടൊപ്പം മാതാപിതാക്കൾ ഡിജിറ്റൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കുട്ടികൾക്ക് ഓൺലൈൻ സുരക്ഷിതത്വത്തെക്കുറിച്ച് കൃത്യമായ മാർഗനിർദേശം നൽകുകയും വേണമെന്ന് രക്ഷിതാക്കൾ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Preparation for tomorrow
Next Story